Wednesday, January 19

സുപ്രീം കോടതി സ്വവർഗ്ഗാനുരാഗത്തിൽ നടത്തിയ ചരിത്രപരമായ പരാമർശങ്ങൾ

ഇന്ത്യയിൽ സ്വവർ​ഗാനുരാ​ഗം നിയമ വിധേയമാക്കിയ സുപ്രീംകോടതി വിധിയിലെ ചരിത്രപരമായ പരാമർശങ്ങൾ
————————-
സ്വവർ​ഗാനുരാ​ഗം നാടിന്റെ നിയമമാക്കിയ ചരിത്രപരമായ വിധിയാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസുമാരായ ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര, ആർ എഫ് നരിമാൻ എന്നിവരും ചോർന്നാണ് വിധി പ്രഖ്യാപിച്ചത്.

വ്യക്തിത്വവും പരമാധികാരവും-ദീപക് മിശ്ര, ഖാൻവിൽക്കർ
————————————–
വ്യക്തിയുടെ പരമാധികാരം സംബന്ധിച്ച മേഖലയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിൃസ് എ എം ഖാൻവിൽക്കറും വിധിപ്രഖ്യാപനത്തിൽ സ്പർശിച്ചത്. ”ലൈം​ഗിക അഭിരുചി സ്വാഭാവികമാണ്, ലൈം​ഗിക അഭിരുചി നോക്കിയുള്ള വിവേചനം മൗലിക അവകാശങ്ങളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ്” എന്നാണ് ദീപക് മിശ്രയും ഖാൻവിൽക്കറും വിധിയിൽ പറഞ്ഞത്. ഒരു വ്യക്തിക്ക് തന്റെ ശരീരത്തിൻമേലുള്ള പരമാധികാരം ഭരണഘടനാപരമായി സംരക്ഷിക്കപ്പെടണമെന്നും ഇരുവരും വിധിയിൽ പറഞ്ഞു. തനിക്ക് ഇഷ്ടമുള്ള ആളുമായി ശാരീരിക അടുപ്പം പങ്കുവെയ്ക്കാനുള്ള അവകാശം ഒരു വ്യക്തിയ്ക്ക് ഉണ്ടാവണം അത് ആ വ്യക്തിയുടെ സ്വകാര്യതയുടെ പാരമ്യമാണെന്നും ജസ്റ്റിസുമാർ പറഞ്ഞു

സ്വവർ​ഗാനുരാ​ഗം മനോരോ​ഗമല്ല, കളങ്കം സർക്കാർ നീക്കണം- ജസ്റ്റിസ് ആർ എഫ് നരിമാൻ
———————————————-
സ്വവർ​ഗരതി മനോ​രോ​ഗമല്ല എന്ന വിധിയാണ് ജസ്റ്റിസ് ആർ എഫ് നരിമാൻ പ്രസ്താവിച്ചത്. പാർലമെന്റ് സമീപകാലത്ത് പാസാക്കിയ മാനസികാരോ​ഗ്യ നിയമം കൂടി കണക്കിലെടുത്തായിരുന്നു നരിമാന്റെ വിധി. സ്വവർ​ഗാനുരാ​ഗം മാനസിക പ്രശ്നമല്ല എന്ന് നിയമത്തിൽ പറയുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വവർ​ഗാനുരാ​ഗവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദുഷ്പ്രചരണം അവസാനിപ്പിക്കാൻ നടപടിയെടുക്കാൻ സർക്കാരിനോട് അ​ദ്ദേഹം വിധിയിൽ ആവശ്യപ്പെടുന്നു.

377 ഉണ്ടാക്കിയ ദുരിതത്തിനും മനോവേദനയ്ക്കും പ്രായശ്ചിത്തം ചെയ്യൂ-ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
———————————————–
സ്വവർ​ഗരതി കുറ്റകരമാക്കിയ 377 ആം വകുപ്പ് സൃഷ്ടിച്ച ദുരിതങ്ങളിലേക്കും മനോവേദനയിലേക്കുമാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിധി ശ്രദ്ധ കേന്ദ്രീകരിച്ചത്. ”സ്വവർ​ഗാനുരാ​ഗ-ട്രാൻസ് സമൂഹത്തെ നശീകരിക്കും വിധം 377 ആം വകുപ്പ് ഒരുപാട് കാലം മുന്നോട്ട് പോയി അത് ഉളവാക്കിയ ദുരിതവും മനോവേദനയും പരിഹരിക്കപ്പെടണം” ചന്ദ്രചൂഡ് വിധിച്ചു. ലൈം​ഗികതയെ ദ്വന്ദത്തിൽ മാത്രം കാണാനാവില്ലെന്നും അദ്ദേഹത്തിന്റെ വിധിയിൽ പറയുന്നു.

​ഇത്രയും നാൾ ചെയ്ത ദ്രോഹത്തിനും ഭ്രഷ്ടിനും ചരിത്രം മാപ്പു പറയണം-ജസ്റ്റിസ് ഇന്ദു മൽഹോത്ര
——————————————————————
എൽജിബിറ്റി സമൂഹത്തോട് ഇത്രയും നാൾ ചെയ്ത ഹിംസക്കും ഭ്രഷ്ടിനും ചരിത്രം മാപ്പു പറയണമെന്ന് ജസ്റ്റിസ് ഇന്ദുമൽഹോത്ര തന്റെ വിധിന്യായത്തിൽ പറഞ്ഞു.

Spread the love
Read Also  സ്വവർഗ്ഗ ലൈംഗിക തൊഴിലാളിയെ ഇന്റർവ്യൂ ചെയ്തതിന് മാധ്യമ പ്രവർത്തകന് തടവ് ശിക്ഷ