Thursday, January 20

സുപ്രീം കോടതിയില്‍ നിന്നും വയറുനിറയെ കിട്ടി, കേന്ദ്ര സര്‍ക്കാരും എതിര്: തോല്‍ക്കാന്‍ സംഘിജീവിതം ഇനിയും ബാക്കി

എസ് ഹരീഷിന്റെ മീശ എന്ന നോവലിന്റെ പ്രസിദ്ധീകരണവും പ്രചാരണവും തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ഡല്‍ഹി മലയാളിക്ക് കോടതിയുടെ കടുത്ത പരമാര്‍ശങ്ങള്‍ നേരിടേണ്ടി വന്നു. നോവലിലെ വിവാദഭാഗങ്ങള്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം മാത്രമല്ലേയെന്ന് കോടതി ചോദിച്ചു. ടീനേജ് കഥാപാത്രങ്ങള്‍ തമ്മില്‍ ഇത്തരത്തിലുള്ള സംഭാഷണം നടത്തുന്നതില്‍ അനൗചിത്യം കാണാനാവില്ലെന്നും വാദം കേള്‍ക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചു.

ഭാവനാപരമായ സംഭാഷണങ്ങളില്‍ അശ്ലീലമുണ്ടെങ്കില്‍ പോലും അത് തെറ്റായി കാണാനാവില്ല. നോവല്‍ നിരോധിക്കണമെന്ന ആവശ്യം ഭരണഘടന ഉറപ്പ് നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാവുമെന്നും കോടതി നിരീക്ഷിച്ചു. സാഹിത്യ സൃഷ്ടികള്‍ നിരോധിക്കുന്നത് നല്ല സംസ്‌കാരത്തിന് ചേര്‍ന്നതല്ല. അങ്ങനെ പുസ്തകങ്ങള്‍ നിരോധിക്കുന്നത് സ്വതന്ത്രമായ ആശയപ്രകാശനത്തിന്റെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 292-ാം വകുപ്പ് പ്രകാരം അശ്ലീലം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പുസ്തകം നിരോധിക്കുന്നതിനെ കുറിച്ച് ആലോചിക്കാനാവൂ.

രണ്ട് പാരഗ്രാഫുകള്‍ വായിച്ചിട്ടാണോ പുസ്തകം നിരോധിക്കണമെന്ന ഹര്‍ജിയുമായി കോടതിയുടെ മുന്നിലെത്തിയതെന്ന് മൂന്നംഗ ബഞ്ചിലുള്ള ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു. നമ്മള്‍ ഇന്റര്‍നെറ്റ് യുഗത്തിലാണ് ജീവിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ച് ദിവസത്തിനകം മാതൃഭൂമി വാരിക പ്രസിദ്ധപ്പെടുത്തയതില്‍ മൂന്ന് അദ്ധ്യായങ്ങളുടെ പരിഭാഷ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.
ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നും രണ്ട് പാരഗ്രാഫുകളുടെ പേരിലാണ് വിവാദമെന്നും കേരള സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ കോടതി ഇപ്പോള്‍ ഇടപെടരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും നോവല്‍ നിരോധിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തെ എതിര്‍ത്തു. നോവല്‍ നിരോധിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് ചൂണ്ടിക്കാട്ടി.

കോടതിയുടെ കടുത്ത നിരീക്ഷണങ്ങള്‍ വന്നതോടെ ഹര്‍ജി പിന്‍വലിക്കാനുള്ള ഒരു ശ്രമവും പരാതിക്കാരന്‍ നടത്തി. നോവല്‍ സാമുദായിക ധ്രൂവീകരണം ഉണ്ടാക്കുമെന്നും കേരളത്തിലെ ക്രമസമാധാനനില നോവലിന്റെ പ്രസിദ്ധീകരണം മൂലം തകരാറിലാവുമെന്നുമുള്ള ഹര്‍ജിക്കാരന്റെ അഭിഭാഷകയുടെ വാദവും കോടതി നിരാകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുവദിച്ചില്ല.

Spread the love
Read Also  ജെല്ലിക്കെട്ട് പിടിവിട്ടോടുകയാണ്. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട്