Monday, January 24

സുപ്രീം കോടതി നമ്മുടേതായതിനാല്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി

ഉത്തര്‍പ്രദേശ് മന്ത്രി മുകുത് ബിഹാരി വെര്‍മ ഞായറാഴ്ച വിാദപ്രസ്താവന നടത്തി. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും. കാരണം സുപ്രീം കോടതി നമ്മുടേതാണ് എന്നാണ് പ്രസ്താവന.

ക്ഷേത്രം നമ്മുടെ നിശ്ചയദാര്‍ഢ്യമാണ്. അത് തീര്‍ച്ചയായും നിര്‍മ്മിക്കും, നാമെല്ലാം അതിന് പ്രതിജ്ഞാബദ്ധരാണ്. എന്നാണ് ഞായറാഴ്ച ബഹ്റൈച്ചില്‍ പത്രപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത്.

ക്ഷേത്രനിര്‍മ്മാണത്തെപ്പറ്റിയുള്ള സുപ്രീം കോടതി വിധിയെപ്പറ്റി ഒരു പത്രപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായാണ് അതേ, വിധി സുപ്രീം കോടതിയുടേതാണ് പക്ഷെ, സുപ്രീം കോടതി നമ്മുടേതാണെന്ന് മന്ത്രി മറുപടി പറഞ്ഞത്. ന്യായപാലകരും നമ്മുടേതാണ്. രാജ്യവും നമ്മുടേതാണ്. ക്ഷേത്രവും നമ്മുടേതാണ്. ബഹ്റൈച്ചില്‍ നിന്ന് നാല് തവണയായുള്ള ബി.ജെ.പി. പ്രതിനിധിയും സഹകരണമന്ത്രിയുമാണ് വെര്‍മ.

മന്ത്രിയുടെ പ്രസ്താവന രാമക്ഷേത്രപ്രശ്നത്തെ വാര്‍ത്തകളില്‍ നിലനിര്‍ത്തി 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമമായാണ് പ്രതിപക്ഷം അഭിപ്രായപ്പെടുന്നത്.

പ്രസ്താവന വിവാദമായതോടെ ഇപ്പോള്‍ മന്ത്രി ഉരുണ്ടു കളിക്കുകയാണ്. ഞാന്‍ പറഞ്ഞതില്‍ എന്താണ് കുഴപ്പം. രാജ്യം നമ്മുടേതായതിനാല്‍ സുപ്രീം കോടതിയും നമ്മുടേതാണെന്നും ക്ഷേത്രവും നമ്മുടേതാണെന്നുമാണ് ഞാന്‍ പറഞ്ഞത് എന്നാണ് മന്ത്രിയുടെ വിശദീകരണം. മുകുത് ബിഹാരി വെര്‍മയ്ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത യു.പി. തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ ഇതേപ്പറ്റി അഭിപ്രായം പറയാന്‍ വിസമ്മതിച്ചു

 

Spread the love