ഒരു കുടുംബത്തിലെ കൂട്ട മരണത്തിനു പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്താകുന്നു. ഇതുസംബന്ധിച്ച് ഇതുവരെ 3 പേർ കസ്റ്റഡിയിലായിട്ടുണ്ട്.  താമരശ്ശേരിക്കു സമീപം കൂടത്തായിയില്‍ സമാന സാഹചര്യത്തില്‍ ആറ് പേര്‍ മരിച്ച സംഭവത്തില്‍, മരണപ്പെട്ട റോയിയുടെ ഭാര്യ ജോളിയെ നേരത്തെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്തുവരികയായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം ജോളിയെ കസ്റ്റഡിയില്‍ എടുത്തത്. ജോളിയെ ചോദ്യം ചെയ്തുവരികയാണു. ജോളിയുടെ രണ്ടാം ഭർത്താവായ ഷാജു സ്കറിയയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷാജുവും കൃത്യത്തിൽ പങ്കാളിയായതായി വിവരം ലഭിച്ചിട്ടുണ്ട്.

ഒരു കുടുംബത്തിലെ ആറു പേരുടെയും മരണം വിഷം ഉള്ളില്‍ പോയതിനാലാണെന്ന് സംശയിച്ച പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുവേണ്ടിയാണ്, 6 മൃതദേഹ അവശിഷ്ടങ്ങളും പുറത്തെടുത്തു പരിശോധന നടത്തിയത്. സയനൈഡിന്റെ അംശം ആറു പേരുടെയും ശരീരത്തില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് കരുതുന്നു. ജോളി ബന്ധുവായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു വഴി സയനൈഡ് കൈവശപ്പെടുത്തിയെന്നാണ് പൊലീസ്  കരുതുന്നത്. മാത്യൂവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 6 പേർക്കും സയനൈഡ് നൽകിയത് താനാണു എന്ന കാര്യം ജോളി പോലീസിനോട് സമ്മതിച്ചതായി അറിയുന്നു. 

ഷാജു സ്കറിയയുടെ ഭാര്യ സിലിയും ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. നേരത്തെതന്നെ  ജോളി ഷാജൂവുമായി  പ്രണയത്തിലായിരുന്നു. ഇതെത്തുടർന്ന് ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണു ഈ കൃത്യങ്ങൾ നടത്തിയതെന്ന് സംശയിക്കുന്നു.  

കൂടത്തായിയിൽ പതിനാറ് വര്‍ഷത്തിനിടയില്‍ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തില്‍ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ് (66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന്‍ റോയ് തോമസ് (40), ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകന്റെ മകളായ ആല്‍ഫൈന്‍ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്.

നേരത്തെ ജോളിയെ പോലീസ് പല തവണ ചോദ്യം  ചെയ്തിരുന്നു. ഇതെത്തുടർന്ന് ജോളി ആത്മഹത്യക്ക് ശ്രമിച്ചതായി ബന്ധുക്കളിൽ നിന്ന് അറിഞ്ഞതോടെയാണു പോലീസ് ഇവരെ വീണ്ടും ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്. റോയിയുടെ സഹോദരിയെയും ജോളി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്

മരിച്ച ടോം തോമസിന്റെ സ്വത്തുക്കള്‍ മകന്‍ റോയ് തോമസ് മരിച്ചതിന് പിന്നാലെ റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്ക് മാറ്റിയിരുന്നു. ടോം തോമസ് മരണത്തിന് മുന്‍പേ എഴുതിവെച്ച ഒസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജോളിയുടെ പേരിലേക്ക് സ്വത്തുക്കള്‍ മാറ്റിയത് എന്നായിരുന്നു വാദം. സ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റിയതിന് എതിരെ ടോം തോമസിന്റെ മറ്റ് രണ്ട് മക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒസ്യത്ത് സംശയകരമാണെന്ന പരാതി ഉയര്‍ന്നതോടെ ഇതു റദ്ദാക്കി. 

ഇതോടെ സംശയമുണ്ടായ ടോം തോമസിൻ്റെ മകൻ നിയമനടപടിക്കൊരുങ്ങിയതാണു സംഭവം വഴിത്തിരിവിലെത്തിയത്. ഒസ്യത്ത് റദ്ദാക്കിയതിന് പിന്നാലെയാണ് ബന്ധുക്കളുടെ മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ അമേരിക്കയിലുള്ള മകന്‍ റോജോ തോമസ് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതോടെ ജോളിയുടെ കുരുക്ക് മുറുകുകയായിരുന്നു.

Read Also  കൂടത്തായി കൊലപാതകപരമ്പര ;  ഷാജുവിനെയും ജോൺസണിൻ്റെ ഭാര്യയെയും ലക്ഷ്യമിട്ടെന്ന് ജോളിയുടെ കുറ്റസമ്മതം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here