Tuesday, August 4

കോൺഗ്രസ്സിലെ കലാപക്കൊടികൾ ; സിറിയക് എസ് പാമ്പയ്ക്കൽ എഴുതുന്നു

സ്വാതന്ത്ര്യכനന്തരം ഏറെ പിളർപ്പുകളിലൂടെ കടന്നുപോയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ദേശീയതലത്തിലും പ്രാദേശിക തലങ്ങളിലുമൊക്കെയായി ഏകദേശം നാൽപ്പതിൽപ്പരം പിളർപ്പുകൾ നടന്നിട്ടുണ്ട് കോൺഗ്രസ് രാഷ്ട്രീയത്തിൽ. പിളർന്ന് പോയവരിൽ ചിലരൊക്കെ തിരിച്ചെത്തി, മറ്റ് ചിലരൊക്കെ ഇന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്നു, മറ്റ് ചിലരാകട്ടെ രാഷ്ട്രീയചിത്രത്തിൽ നിന്നുതന്നെ അപ്രസക്തരായി.

കലാപക്കൊടികളാൽ നിബിഡമായ ചരിത്രമുള്ള കോൺഗ്രസിന്റെ പുതിയ തലവേദനയാണ് രാജസ്ഥാനിലെ രാഷ്ട്രീയകോലാഹലങ്ങൾ. കലാപക്കൊടിയുയർത്തുന്നത് മുൻ കോൺഗ്രസ് പി.സി.സി. അധ്യക്ഷൻ തന്നെയാകുമ്പോൾ പാളയത്തിലെ പടയുടെ ചൂടുകൂടും. രാജസ്ഥാനിലെ മുഖ്യമന്ത്രിയും മുൻ ഉപമുഖ്യനും തമ്മിലുള്ള പോര് എങ്ങനെ ശമിപ്പിക്കും എന്ന തത്രപ്പാടിലാണ് കോൺഗ്രസ് കേന്ദ്രനേതൃത്വം.

പുകയുന്ന രാജസ്ഥാൻ രാഷ്ട്രീയം

ഇന്നുമിന്നലെയുമല്ല രാജസ്ഥാൻ കോൺഗ്രസിൽ മുറുമുറുപ്പ് തുടങ്ങിയത്. 2018ൽ ഭരണം കിട്ടിയത് മുതലേ കോൺഗ്രസ് പാളയത്തിൽ ശക്തമായ അതൃപ്തിസ്വരം ഉയർന്നു കേൾക്കുന്നതാണ്. പി.സി.സി. അധ്യക്ഷനെ ഒഴിവാക്കി ഗെഹ്‌ലോട്ടിനെ ഭരണമേല്പിച്ചത് മുതലേ സച്ചിൻ പൈലറ്റ് വിമതപക്ഷത്താണ്‌. രണ്ടു കരുത്തർക്കു ഒരുമിച്ചു വാഴാൻ തക്ക വലുപ്പം രാജസ്ഥാൻ സംസ്ഥാന രാഷ്ട്രീയത്തിനില്ല എന്നതാണ് പ്രശ്നം. ദേശീയ രാഷ്ട്രീയത്തിൽ അടുത്തെങ്ങും കോൺഗ്രെസ്സിനൊരു നല്ലകാലം ഉണ്ടാവില്ലെന്നുള്ള യാഥാർഥ്യം ഒരു ദേശീയ ടിക്കറ്റിന്റെ സാധ്യതയും ഇല്ലാതാക്കുന്നു.

2019 ലോക്സഭാ ഇലക്ഷൻറെ സെമിഫൈനൽ എന്ന് വിശേഹിപ്പിച്ച ഹിന്ദി ഹൃദയഭൂമിയിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനമാണ് കോൺഗ്രസ് പുറത്തെടുത്തത്. ഭരണത്തിലേറിയ മറ്റ് രണ്ട് സംസ്ഥാനങ്ങളിലും പി.സി.സി. അധ്യക്ഷന്മാർ മുഖ്യമന്ത്രിമാരായപ്പോൾ രാജസ്ഥാനിൽ സ്ഥിതി മാറി. സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തനായ ഗെഹ്‌ലോട്ടിനാണ് നറുക്ക് വീണത്.

രാഹുൽ ഗാന്ധി പക്ഷക്കാരായ സിന്ധ്യ മധ്യപ്രദേശിലും പൈലറ്റ് രാജസ്ഥാനിലും ഒരു പോലെ തഴയപ്പെട്ടപ്പോൾ, പഴയ ഇന്ദിര കോൺഗ്രസിന്റെ വത്സല പുത്രന്മാരാണ് രണ്ട് സംസ്ഥാനങ്ങളിലും ഭരണത്തിലേറിയത്. 2019 ലോക്സഭാ ഇലക്ഷനിലുണ്ടായ തോൽവി രണ്ട് സംസ്ഥാന സർക്കാരുകളിലെയും തലകളരിയും എന്ന് വിലയിരുത്തപെട്ടപ്പോഴും, ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ ഗാന്ധി ഒഴിഞ്ഞപ്പോൾ കവചകുണ്ഡലം നഷ്ടപെട്ട കർണന്റെ അവസ്ഥയിലായി കോൺഗ്രസിലെ ഇളമുറക്കാർ. അന്നു മുതൽ തുടങ്ങിയ വീർപ്പുമുട്ടലാണ് കോൺഗ്രസ്സിനുള്ളിലെ യുവനിരയുടെ കലാപത്തിലൂടെ ഒരു പൊട്ടിത്തെറിയിൽ എത്തി നിൽക്കുന്നത്. അതിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാജസ്ഥാൻ കോൺഗ്രസിലെ പടലപ്പിണക്കം. വകുപ്പുകളിലെ വീതം വയ്‌പ്പിൽ തുടങ്ങി ഭരണത്തിലെ അസ്വാരസ്യങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയിലെ ആരോപണപ്രത്യാരോപണങ്ങളും കോൺഗ്രസ് ഹൈക്കമാണ്ടിന്റെ മൗനവുമൊക്കെ ഇപ്പോൾ സംജാതമായിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയിലെ ചേരുവകളാണ്.

തന്റെ സർക്കാരിനെ തള്ളിയിടാൻ ശ്രമിക്കുന്നവർക്കെതിരെ സ്വന്തം പോലീസിനെ കൊണ്ട് തന്നെ കേസ് അന്വേכഷണം നടത്തിച്ച ഗെഹ്‌ലോട്ട് സ്വന്തം ഉപമുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയുമടക്കം ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വമ്പന്മാരെയാണ് ഉന്നം വയ്ക്കുന്നതും.

ഗെഹ്‌ലോട്ട്, രാജസ്ഥാനിലെ മായാജാലക്കാരൻ

1970കളിൽ രാഷ്ട്രീയ പൊതുജീവിതം ആരംഭിച്ച അശോക് ഗെഹ്‌ലോട്ട് ഇന്ദിര ഗാന്ധിയുടെ അനുഗ്രാഹാശിസുകളിലൂടെയാണ് കോൺഗ്രസിൽ ചുവടുറപ്പിക്കുന്നത്. NSU വിലൂടെ തുടങ്ങിയ തന്റെ രാഷ്ട്രീയ ജീവിതം കേന്ദ്രമന്ത്രിസഭയിലെത്തിയതിന് ശേഷമാണ് രാജസ്ഥാനിലേയ്ക്ക് ഗെഹ്‌ലോട്ട് വഴി തിരിച്ചു വിടുന്നത്. 1998 മുതൽ രാജസ്ഥാൻ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച ഗെഹ്‌ലോട്ട് പിന്നീടങ്ങോട്ട് രാജസ്ഥാനിലെ കോൺഗ്രസിന്റെ അമരക്കാരനായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി രാജസ്ഥാൻ കോൺഗ്രസിൽ അടിമുടി പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു വന്മരമായി ഗെഹ്‌ലോട്ട് നിലകൊള്ളുന്നു.അത് കൊണ്ട് തന്നെയാണ് ഗെഹ്‌ലോട്ടിനെതിരെയുള്ള വിമത നീക്കത്തിന് മധ്യപ്രദേശിലേതുപോലെ മൂർച്ചയില്ലാത്തത്.

Read Also  കോൺഗ്രസ് സഖ്യ രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കും ; പ്രാദേശിക കക്ഷികളുമൊത്ത് തെരഞ്ഞെടുപ്പിനെ നേരിടും

സംസ്ഥാനരാഷ്ട്രീയത്തിൽ ഗെഹ്‌ലോട്ടിനുള്ള തഴക്കവും വഴക്കവും കമൽ നാഥിനില്ലാതെ പോയെന്നതാണ് മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന് അല്പായുസായി പോയതിന്റെ അടിസ്ഥാനം. രാഷ്ട്രീയ ശത്രുക്കളോടു യാതൊരു അലിവും കാണിക്കാത്ത ഗെഹ്‌ലോട്ടിനോട് പോരടിക്കാൻ വിദേശവിദ്യാഭ്യാസത്തിന്റെ പിൻബലവും പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യവും പോരാതെ വരും സച്ചിൻ പൈലറ്റിന്. ഒരു തുറന്ന പോരിന് പൈലറ്റിനെ വെല്ലുവിളിക്കുന്ന ഗെഹ്‌ലോട്ട് വ്യക്തമാക്കുന്നതും ഇത് തന്നെയാണ്.

കമൽ നാഥിനെപ്പോലെ നിരായുധനും നിസ്സഹായനുമായിട്ടല്ല ഗെഹ്‌ലോട്ട് വിമതനീക്കത്തെ നേരിട്ടത്. പൈലറ്റിന്റെ അധികാര കസേരകൾ തെല്ലും വൈമനസ്യം കൂടാതെ തന്നെ ഗെഹ്‌ലോട്ട് തകർത്തെറിഞ്ഞു. കോൺഗ്രസിലേയ്ക്ക് തിരിച്ചെത്തിയാൽ പോലും പഴയ പ്രതാപം വീണ്ടെടുക്കാൻ സച്ചിന് യുദ്ധം ചെയ്യേണ്ടി വരിക പൂർവാധികം കരുത്താർജിച്ച ഗെഹ്ലോട്ടിനോടാകും. വിശ്വാസവോട്ടിന് തയ്യാറായ ഗെഹ്‌ലോട്ട് അക്ഷരാർത്ഥത്തിൽ എതിർ ക്യാമ്പുകളെപോലും ഞെട്ടിച്ചിരിക്കുകയാണ്.

സിന്ധ്യയല്ല പൈലറ്റ്

മധ്യപ്രദേശിലെ വിമതനോട് താരതമ്യപെടുത്തുമ്പോഴും കോൺഗ്രസ് നേതാക്കളുടെ വാക്കുകളിൽ തെളിഞ്ഞു കാണുന്ന ഒരു വസ്തുതയുണ്ട്, സിദ്ധ്യയല്ല പൈലറ്റ്. മധ്യപ്രദേശിലെ സിന്ധ്യയേക്കാൾ കരുത്തനാണ് രാജസ്ഥാനിലെ പൈലറ്റ്. ഗെഹ്‌ലോട്ട് പക്ഷം അംഗീകരിച്ചാലും ഇല്ലെങ്കിലും 2018ലെ തിരഞ്ഞെടുപ്പ് വിജയം പൈലറ്റിന് അവകാശപ്പെട്ടതാണ്. കോൺഗ്രസിനോട് പിണങ്ങിയാൽ ബിജെപിയെന്ന നാട്ടുനടപ്പിലൂടെയല്ല തന്റെ യാത്രയെന്ന് പൈലറ്റ് വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു. സിന്ധ്യയെപ്പോലെ രാജപാരമ്പര്യം ഒന്നുമവകാശപ്പെടാനില്ലാത്ത പൈലറ്റിന്റെ രാഷ്ട്രീയ പാരമ്പര്യം കോൺഗ്രെസ്സിലധിഷ്ഠിതമാണ് എന്നതാണ് ഇതിന് പിന്നിലെ യാഥാർഥ്യം.

സീറ്റുകളുടെ എണ്ണത്തിലെ കുറവ് സച്ചിൻ പൈലറ്റ് എന്ന നേതാവിന്റെ വ്യക്തിപ്രഭാവത്തെ തെല്ലും കുറയ്ക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന പൈലറ്റ് ഒരു കേന്ദ്രമന്ത്രി സ്ഥാനത്തിലൊതുങ്ങില്ല എന്നതാണ് ബിജെപിയെയും കുഴയ്ക്കുന്നത്. മധ്യപ്രദേശിലേതുപോലെ കയ്യിലൊതുങ്ങുന്ന ഒരു നേതാവല്ല പൈലറ്റ് എന്നതാണ് വസുന്ധര രാജ സിന്ധ്യയെയും പിന്നോട്ട് വലിക്കുന്നത്. കാരണം ബിജെപിയിലേക്കെത്തുന്ന പൈലറ്റ് ചോദിക്കുന്നത് സ്വന്തം മുഖ്യമന്ത്രിപദമാണെന്ന തിരിച്ചറിവ് രാജസ്ഥാനിലെ ബിജെപിയുടെ പടനായികയ്ക്കറിയാം. ബിജെപിയിലേക്കല്ലെങ്കിൽ സ്വന്തമായൊരു പ്രാദേശിക പാർട്ടിയുണ്ടാക്കുക എന്നതാണ് പൈലറ്റിന് മുന്നിലുള്ള മറ്റൊരു വഴി.

രാഷ്ട്രീയ ആർജവവും നേതൃപാടവവുമുള്ള ശക്തനായ ഒരു നേതാവാണെങ്കിലും പുതിയൊരു പ്രാദേശിക പാർട്ടിയെന്നത് വലിയൊരു രാഷ്ട്രീയ ചൂതാട്ടമാണ്. പ്രത്യേകിച്ച് ദേശീയ രാഷ്ട്രീയത്തിന്റെ കാറ്റിനനുസരിച്ചു മാറിവീശുന്ന ഹിന്ദി ഭൂമികയിൽ. ഫലത്തിൽ നഷ്ടങ്ങളുടെ ഒരു വീഴ്ചയിലേക്കുള്ള ത്രിശങ്കുസ്വർഗ്ഗത്തിൽ നിൽക്കുകയാണ് സച്ചിൻ പൈലറ്റ്.

വിമതസ്വരം ഉയർത്തുന്നുവെങ്കിലും കോൺഗ്രസിൽ നിലനിൽക്കുന്ന ചേരിപ്പോരിനെ വെളിച്ചത്തു കൊണ്ടുവരികയാണ് പൈലറ്റ്. സുഹൃത്തും നേതാവുമായ രാഹുൽ ഗാന്ധിയെ അക്രമിക്കാതെ പൈലറ്റ് വ്യക്തമാക്കുന്നതും കോൺഗ്രസിലെ യുവനിരയുടെ ബദ്ധപ്പാടിനെയാണ്. അധികാരത്തിന്റെ അപ്പക്കഷണങ്ങൾ എന്നതിലുപരി പരിഗണനയുടെ രാഷ്ട്രീയമാണ് അവർക്ക് വേണ്ടതെന്നും പൈലറ്റിന്റെ നീക്കങ്ങൾ പറയാതെ പറയുന്നു. രാഹുലിന്റെ അഭാവത്തിൽ രാഹുൽ പക്ഷത്തെ യുവാക്കൾക്ക് രുചിക്കേണ്ടി വരുന്ന കയ്പ്പ് നിറഞ്ഞ അനുഭവങ്ങളെപറ്റി തുറന്നടിച്ച പൈലറ്റ് പ്രതിക്കൂട്ടിൽ നിറുത്തുന്നതും പോയ കാലത്തിൽ അഭിരമിച്ചു കഴിയുന്ന കോൺഗ്രസിലെ കടൽ കിഴവന്മാരെയാണ്.

തുലാസിലാടുന്ന കോൺഗ്രസിന്റെ ഭാവി

രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് ഉയർത്തിക്കാട്ടിയ സിന്ധ്യ-പൈലറ്റ് നേതൃനിരയിലാണ് കോൺഗ്രസിന്റെ ഭാവിയെന്ന് ഊറ്റം കൊണ്ടിരുന്ന കോൺഗ്രസ് നേതൃത്വത്തിന് പക്ഷെ ഇവർ മൂവരിലേയ്ക്കും അധികാരം കൈമാറാൻ തെല്ലൊന്നുമല്ലായിരുന്നു വിമുഖത. അത് തന്നെയാണ് ഇന്ന് കോൺഗ്രസിന് സംഭവിച്ചിരിക്കുന്ന അപചയത്തിന്‌ കാരണവും. കലാപക്കൊടിയുയർത്തിയ ഒരു നേതാവും രാഹുൽ ഗാന്ധിയെ വിമർശിച്ചല്ല പുറത്തേയ്ക്കു പോയത്, മറിച്ചു മറ്റ് മുതിർന്ന നേതാക്കന്മാരെ പഴി ചാരിയാണ്. അത് തന്നെയാണ് ഇതു വരെ ഉണ്ടായിട്ടുള്ള പിളർപ്പുകളിൽ നിന്നും സമീപകാല പിളർപ്പുകളെ വ്യത്യസ്തമാക്കുന്നതും. മുൻ പിളർപ്പുകളെല്ലാം നെഹ്‌റു-ഗാന്ധി കുടുംബത്തോടും അതിന്റെ നിലപാടുകളോടും കലഹിച്ചാണ് സംഭവിച്ചതെങ്കിൽ സമീപ കാലത്തുണ്ടായ പിളർപ്പുകൾ മുഴുവൻ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ പിന്മുറക്കാരുടെ പക്ഷത്തുനിന്നാണ് ഉണ്ടായത്. പൈലറ്റിനെ കൂടി പുറത്തേയ്ക്കു തള്ളിയാൽ ഹിന്ദി ഹൃദയഭൂമിയിൽ എടുത്തു കാട്ടാൻ കഴിയുന്ന ഒരു ഭാവി നേതാവ് കോൺഗ്രെസ്സിനില്ല എന്നതാണ് യാഥാർഥ്യം. ഹിന്ദി ഹൃദയ ഭൂമിയിൽ ചുവടുറപ്പിക്കാതെ ദേശീയ ഭരണം പിടിക്കുക എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. അധികാരത്തിൽ കടിച്ചു തൂങ്ങുന്ന കോൺഗ്രസിലെ കടൽക്കിഴവന്മാർ അപകടത്തിലാക്കുന്നത് കോൺഗ്രസിന്റെ ഭാവിയെ തന്നെയാണ്. തീവ്രദേശീയതയോടും സംഘടിത-കേഡർ സംവിധാനങ്ങളോടും കിടപിടിക്കേണ്ടി വരുന്ന ആൾക്കൂട്ടപാർട്ടിക്ക്‌ ആൾക്കൂട്ടങ്ങളെ പാർട്ടിയിലേയ്ക്ക് അടുപ്പിക്കണമെങ്കിൽ ജനസമ്മതരായ യുവനേതാക്കളെ വളർത്തിയെടുത്താൽ മാത്രം പോരാ അവരെ പാർട്ടിയിൽ നിലനിർത്താനുള്ള മാർഗങ്ങൾ കൂടി അവലംബിക്കേണ്ടിയിരിക്കുന്നു.

Read Also  ദയവായി എൻ്റെ സർക്കാരിനെ അട്ടിമറിക്കരുത്' ; മോദിയോട് അശോക് ഗെലോട്ട്

പിളർന്ന് തളരുന്ന കോൺഗ്രസ്

പിളർപ്പുകളിലൂടെ തളർന്ന ചരിത്രമാണ് കോൺഗ്രസിന് പറയാനുള്ളത്. അധികാരത്തിലിരുന്ന പല സംസ്ഥാനങ്ങളിലും അസ്ഥികൂടം മാത്രമായി കോൺഗ്രസ് ചുരുങ്ങിയതിന് പിന്നിലും ഈ പിളർപ്പുകളാണ്. ബംഗാളിൽ മമതാ ബാനർജിയും ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്‌ഡിയും ഉയർത്തിയ കലാപക്കൊടിയിൽ മേൽവിലാസം തന്നെ നഷ്ടപെട്ട പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

ശരത് പവാർ നയിച്ച പിളർപ്പിലൂടെയാണ് മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ അടി പതറുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലടക്കം പഴയ പ്രതാപത്തിൽ നിന്നും മുഖമടിച്ചു കോൺഗ്രസ് വീണത് ഇത്തരം പിളർപ്പുകളിലൂടെയാണ്. ഈ അവസരങ്ങളിലൊക്കെ ഹൈക്കമാണ്ടിന്റെ അധിക ഇടപെടലാണ് പിളർപ്പിനാധാരമെങ്കിൽ സമീപകാലങ്ങളിൽ ഹൈക്കമാണ്ടിന്റെ നിഷ്‌ക്രിയത്വമാണ് ഇതിന് വഴി തെളിച്ചത്. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ പാർട്ടിയിലെ സ്വാധീനക്കുറവിനെയാണ് സമീപകാലപിളർപ്പുകൾ സൂചിപ്പിക്കുന്നതു, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുടെ അടുപ്പക്കാർ നയിക്കുന്ന ഉൾപാർട്ടി കലാപങ്ങൾ. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഘടനാപരമായ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്.

ശക്തമായ നേതൃത്വമാണ് ഇത്തരം പ്രതിസന്ധികളെ നേരിടാൻ കോൺഗ്രസിനാവശ്യം. കോൺഗ്രസ് അധ്യക്ഷപദത്തിലേയ്ക്കുള്ള രണ്ടാം വരവിനൊരുങ്ങുന്ന രാഹുൽ ഗാന്ധി ചെയ്യേണ്ടതും പാർട്ടി കാര്യങ്ങളിൽ കൂടുതൽ കർക്കശനാവുക എന്നതാണ്. ഇതിനു മുൻപ് ഇന്ദിര ഗാന്ധിക്കാണ് ഇത്തരമൊരു ഘടനാപരമായ പ്രതിസന്ധി നേരിടേണ്ടതായി വന്നത്. പാർട്ടി അപ്പാടെ പിളർത്തിയെടുത്തുകൊണ്ടാണ് അന്ന് ഇന്ദിര അതിനെ നേരിട്ടത്.

അത്തരമൊരു ദേശീയ പിളർപ്പ് നടത്താൻ തക്ക കരുത്ത് കോൺഗ്രസിനോ രാഹുൽ ഗാന്ധിക്കോ ഇല്ലെന്നതാണ് സമകാല യാഥാർഥ്യം. അവിടെയാണ് നേതാക്കന്മാരുടെ കൂട്ടുത്തരവാദിത്തത്തിനു പ്രസക്തിയേറുന്നതും, അധികാരകൊതിയെ പുറന്തള്ളാതെ കോൺഗ്രെസ്സിനൊരു ശാപമോക്ഷം ഉണ്ടാവുകയില്ല. ദേശീയ രാഷ്ട്രീയത്തിലെ അധികാരകസേരയിൽ നിന്നും കോൺഗ്രസ് ഇത്രനാൾ അകന്ന് നിന്നിട്ടില്ലെന്നു മാത്രമല്ല ദേശീയ അധികാരം ഒരു വീദൂരസ്വപ്നമായി മാത്രമാണ് ഇന്ന് കോൺഗ്രസിന് മുന്നിൽ നിലകൊള്ളുന്നത്. അധികാരമോഹികളെ തൃപ്തരാക്കാൻ ദേശീയപാർട്ടികൾ കണ്ടെത്തുന്ന കേന്ദ്രമന്ത്രിക്കസേരകൾ കോൺഗ്രസിന് ഇന്ന് കിട്ടാക്കനിയാണ്. അത് കൊണ്ട് തന്നെ തഴക്കവും പഴക്കവും ചെന്ന നേതാക്കന്മാർ കസേരകൾ വിട്ടൊഴിഞ്ഞു യുവത്വത്തിന് വഴി മാറി കൊടുക്കുകയാണ് വേണ്ടത്. അതോടൊപ്പം ശക്തമായ കേന്ദ്രനേതൃത്വം പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുത്തില്ലെങ്കിൽ ഭരണകക്ഷിയെന്ന സ്വപ്നം പോയിട്ട് കയ്യിലുള്ള മുഖ്യ പ്രതിപക്ഷ സ്ഥാനം പോലും ചിലപ്പോൾ കൈമോശം വന്നെന്നു വരും.

Spread the love