Saturday, August 8

അറ്റുപോകാത്ത ഓർമ്മകൾ ; പ്രൊഫ.ടി. ജെ.ജോസഫിൻ്റെ ആത്മകഥ

കവണി

വിറയലോടെ മാത്രമേ പ്രൊഫ.ടി.ജെ.ജോസഫിൻ്റെ ആത്മകഥ വായിക്കാനാകൂ. വായിച്ചതിനു ശേഷവും നടുക്കം മാറുകയില്ല. നാടകങ്ങളിലും സിനിമകളിലും നോവലുകളിലുമൊക്കെ എഴുത്തുകാർ ഭാവനയിലൂടെ ദുരന്തകഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. വിധിയുടെ ക്രൂര വിളയാട്ടങ്ങൾക്ക് വിധേയമായി പട്ടൊടുങ്ങുന്ന ദുരന്തനായകൻമാർ. കഥാർസിസ് – വികാരവിമലീകരണം – വഴി വായനക്കാരെ ശുദ്ധീകരിക്കുന്ന ജീവിത ഗാഥകൾ എത്രയെണ്ണം നാം വായിച്ചിരിക്കുന്നു. വ്യാഖ്യാനിച്ചിരിക്കുന്നു. ഭാവനയിൽ നെയ്തെടുക്കുന്ന നാഥാസ്തമയങ്ങൾ ഭാവകനെ വിശ്രാന്തിയിൽ വിലയിപ്പിക്കുമത്രേ.

സ്വന്തം കഥ ഓർത്തെടുക്കുകയാണ് ടി.ജെ.ജോസഫ്. ഭാവനയല്ലത് ജീവിതമാണ്. പച്ചയ്ക്കു പച്ചെ, പകൽ വെട്ടത്തിൽ, പല മനുഷ്യർ നോക്കി നിൽക്കെ, ഉറ്റ ബന്ധുക്കളുടെ കൺമുമ്പിലിട്ട്, മതഭീകരൻമാർ കൈയും കാലും അരിഞ്ഞെടുത്ത മഹാക്രൂരതയെക്കുറിച്ച് അതിന് വിധേയനായ മനുഷ്യൻ അനുസ്മരിക്കുകയാണ്. അയാൾ തിന്ന വേദനകൾ പങ്കുവെക്കുകയാണ്.
ആത്മാർത്ഥതയുള്ള അധ്യാപകനായിരുന്നു ജോസഫ് മാഷ്. തൻ്റെ വേലയോടുള്ള ദൈവികമായ പ്രതിബദ്ധത നിമിത്തമാണ് അദ്ദേഹത്തെ പിശാചുക്കൾ അമ്മാനമാടിയത്. സിനിമ മലയാള ബിരുദാനന്തര ബിരുദ കോഴ്സിൻ്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയപ്പോൾ ആ വിഷയം പഠിപ്പിക്കാൻ അദ്ദേഹം നിയുക്തനായി. സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് മലയാള സാഹിത്യം പഠിച്ച ഒരാൾക്ക് വലുതായി ഒന്നും അറിയില്ല. അറിയാവുന്നത് പൊലിപ്പിച്ച് പറഞ്ഞു കൊടുക്കുകയാണ് ഭൂരിപക്ഷം അധ്യാപകരുടെയും പണി. കുറച്ചു കൂടി തൊഴിലിനോടു സത്യസന്ധത പുലർത്തുന്നവർ അറിയാവുന്നവരെ വിളിച്ചു കൊണ്ടുവന്ന് ക്ലാസ്സ് എടുപ്പിക്കും. ജോസഫ് മാഷാകട്ടെ സിനിമാക്കാരുടെ കൂടെയങ്ങ് ചേർന്നു. സിനിമാ ചിത്രീകരണങ്ങൾ കണ്ടു. സിനിമയുടെ സാങ്കേതിക വശങ്ങൾ എല്ലാം മനസ്സിലാക്കിയിട്ട് വന്ന് ക്ലാസ്സെടുത്തു. സിനിമാ പഠനവും പഠിപ്പീരും കേറി ആവേശിച്ചതാണ് ആ മനുഷ്യൻ്റെ ജീവിതത്തിലേക്ക് ദുരന്തങ്ങൾ കടത്തിക്കൊണ്ടു വന്നത്.
മൂവാറ്റുപുഴ നിർമ്മലാ കോളേജിൽ നിന്ന് തൊടുപുഴ ന്യൂമാൻ കോളേജിലേക്ക് സ്ഥലം മാറി വന്ന ജോസഫ് മാഷിന് ബിരുദാനന്തര ബിരുദ ക്ലാസ്സുകൾ അവിടെ കൈകാര്യം ചെയ്യേണ്ടതില്ലായിരുന്നു.

തൊടുപുഴ കോളേജിൽ മലയാളം സെക്കൻ്റ് ലാംഗ്വേജ് മാത്രമേ ഉള്ളൂ. വെറും രണ്ട് മലയാളം അധ്യാപകർ മാത്രമുള്ള വകുപ്പ്. ജോസഫ് മാഷ് വകുപ്പ് അധ്യക്ഷൻ.മറ്റേ അധ്യാപകൻ അദ്ദേഹത്തിൻ്റെ പഴയ ശിഷ്യൻ കൂടിയായ പുരോഹിതനായിരുന്നു. കോളേജുകളിൽ പoന പരീക്ഷാ സമ്പ്രദായങ്ങൾ മാറിയ കാലമാണത്. നിരന്തരമൂല്യനിർണ്ണയം എന്ന പുതിയ ഏർപ്പാടിൻ്റെ ഭാഗമായി ഇൻ്റേണൽ പരീക്ഷകൾ നടത്തേണ്ടതുണ്ട്. ബികോം സെക്കൻ്റ് ലാംഗ്വേജിൻ്റെ ചോദ്യപേപ്പർ അവിടെ ക്ലാസ്സ് എടുക്കുന്ന ജോസഫ് മാഷും കൂടി തയ്യാറാക്കേണ്ടതുണ്ട്. രണ്ട് പുസ്തകങ്ങൾ പഠിക്കാനുണ്ട്. രണ്ട് അധ്യാപകരും പഠിപ്പിക്കുന്നുണ്ട്. അവരവർ പഠിപ്പിക്കുന്ന പുസ്തകങ്ങളിലെ ചോദ്യങ്ങൾ പപ്പാതി വീതം അവരവർ തയ്യാറാക്കി ഒന്നിപ്പിക്കും.
ഇൻ്റേണൽ പരീക്ഷയ്ക്ക് ചോദ്യം ഉണ്ടാക്കുന്നതൊക്കെ അധ്യാപകരെ സംബന്ധിച്ചിടത്തോളം ഒരു വഴിപാട്കർമ്മമാണ്. എവിടുന്നെങ്കിലും കുറേ ചോദ്യങ്ങൾ പകർത്തുക, താൻ പഠിപ്പിച്ച ഭാഗത്തെ ചോദ്യങ്ങൾ കൂടി തയ്യാറാക്കാൻ സഹ അധ്യാപകനെ ഏൽപ്പിക്കുക തുടങ്ങി എളുപ്പവഴികൾ പലതുണ്ട്. ജോസഫ് മാഷ് പക്ഷേ അങ്ങനെയുള്ള ആളല്ല. അദ്ദേഹം ചോദ്യങ്ങൾ സ്വയം തയ്യാറാക്കാൻ ആരംഭിച്ചു. പദ,വാക്യ ശുദ്ധികളെക്കുറിച്ച് വിവരിക്കുന്ന പുസ്തകത്തിൽ നിന്നാണ് ചോദ്യങ്ങൾ ഉണ്ടാക്കേണ്ടത്. ചിഹ്നനം ചേർക്കാനുള്ള ചോദ്യം വേണം. ഏതെങ്കിലും കൈയിൽ കിട്ടുന്ന കടലാസിൽ നിന്ന് ഒന്നോ രണ്ടോ വാക്യം ചിഹ്നം ചേർക്കാതെ എടുത്തെഴുതിയാൽ ചോദ്യമായി. തൊണ്ണൂറ്റൊമ്പതു ശതമാനം അധ്യാപകരും അങ്ങനേ ചെയ്യൂ. എന്നാൽ ടി.ജെ.ജോസഫ് എന്ന ഭാവനാശാലിയായ അധ്യാപകൻ്റെ മനസ്സിൽ സിനിമാ കിടന്ന് തിളച്ചു മറിഞ്ഞു. പരീക്ഷ കഴിഞ്ഞ് ചോദ്യപേപ്പർ വിശകലനം ചെയ്യുക എന്ന ‘ദുശ്ശീലവും ‘ ഈ മാഷിനുണ്ടായിരുന്നു. വിശകലനം ചെയ്യുമ്പോൾ താൻ ചിഹ്നം ചേർക്കാൻ കൊടുത്ത വാക്യത്തിൻ്റെ ആശയതലം കൂടി ചർച്ച ചെയ്താൽ ക്ലാസ്സ് ഉഷാറാകില്ലേ എന്ന് അദ്ദേഹം ചിന്തിച്ചു. മധ്യമ ൻമാരും അധമൻമാരും അരങ്ങുവാഴുന്ന അധ്യാപന രംഗത്ത് ഒരു ഉത്തമ അധ്യാപകനു പറ്റിയ ‘പിഴവ് ‘. അദ്ദേഹം താൻ വായിച്ച ഒരു പുസ്തകം അലമാരയിൽ നിന്നെടുത്തു.കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ച ‘ തിരക്കഥയുടെ രീതിശ്ശാസ്ത്രം ‘ എന്ന പുസ്തകമായിരുന്നു അത്. എം.ജി.യൂണിവേഴ്സിറ്റി ബി. എ ,എം.എ മലയാളം ബിരുദപഠനത്തിന് റഫറൻസായി വെച്ചിരിക്കുന്ന ഒരു പുസ്തകമായിരുന്നു അത്. ഇടതുപക്ഷ എം.എൽ.എ ആയിരുന്ന, സിനിമാ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിൻ്റെ ‘തിരക്കഥ: ഒരു വിശ്വാസിയുടെ കണ്ടെത്തലുകൾ’ എന്ന ഒരു ലേഖനം ആ പുസ്തകത്തിലുണ്ട്. അതിലുള്ള ഒരു ഭാഗം ജോസഫ് മാഷിന് വളരെ ഇഷ്ടപ്പെട്ടതായിരുന്നു. ‘ ഗർഷോം ‘ എന്ന കുഞ്ഞുമുഹമ്മദിൻ്റെ സിനിമയിലെ ഒരു സീൻ എങ്ങനെ രൂപം കൊണ്ടതാണെന്ന് ഉദാഹരിക്കുന്ന ഭാഗം . ഒരു ഭ്രാന്തനും ദൈവവും തമ്മിലുള്ള സംഭാഷണം. ഭ്രാന്തൻ തന്നെ ദൈവമായി പകർന്നാടി നടത്തുന്ന സംഭാഷണമാണത്. ആ സംഭാഷണത്തിലെ ദാർശനിക ഹാസ്യം ദൈവ വിശ്വാസിയായ ജോസഫ് മാഷിന് വളരെ രസിച്ചിരുന്നു. ആ ഭാഗം പരീക്ഷയ്ക്കായി അദ്ദേഹം തെരഞ്ഞെടുത്തു. ചോദ്യം തയ്യാറാക്കി. പിന്നീട് ക്ലാസ്സ് റൂമിൽ വിശകലനം ചെയ്യുമ്പോൾ ആ ദാർശനിക ഹാസ്യത്തിൻ്റെ പൊരുൾ കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കാമല്ലോ എന്ന് സാധുവായ ആ ഉത്തമ അധ്യാപകൻ കരുതി. സംഭാഷണത്തിൽ ചില കൂട്ടി ചേർക്കലുകൾ നടത്തി പരിഷ്കരിക്കാനും അദ്ദേഹം മുതിർന്നു . ഭ്രാന്തന് പേരു നൽകി. ആ പേരാണ് മതഭ്രാന്ത് ഇളക്കിവിടാൻ കാരണമായത്.
മതഭ്രാന്തൻമാരോടോ തൻ്റെ കൈയും കാലും വെട്ടി എടുത്തവരോടോ ഒരു പരിഭവവും ജോസഫ് മാഷ് ആത്മകഥയിൽ പ്രകടിപ്പിക്കുന്നില്ല. അവരുടെ അജ്ഞതയോട് നിസംഗത പുലർത്തുന്നു അദ്ദേഹം. എന്നാൽ തൻ്റെ ഒപ്പം നിൽക്കേണ്ടവർ തന്നെ കൈയൊഴിഞ്ഞതിൽ അദ്ദേഹത്തിന് വേദനയുണ്ട്. ആ ദു:ഖം ആത്മകഥയിലാകെ നീറിപ്പിടിക്കുന്നുണ്ട്. കോളേജധികൃതരും തൻ്റെ സഭയും കൈയൊഴിഞ്ഞതാണ് തനിക്കുണ്ടായ ദുരന്തത്തിനെല്ലാം കാരണമെന്ന് അദ്ദേഹം കരുതുന്നു. ചോദ്യപേപ്പർ വിവാദം ഉണ്ടായ സമയത്ത് താൻ ഉൾക്കൊള്ളുന്ന , വിശ്വസിക്കുന്ന സഭയിലെ പിതാക്കൻമാരുടെ കാലിൽ വണങ്ങി അദ്ദേഹം ക്ഷമാപണം നടത്തിയതാണ്. എന്നിട്ടും അവർ ജോസഫ് മാഷിനെ പിന്തുണച്ചില്ല .എന്നു മാത്രമല്ല അദ്ദേഹത്തെ നിർദ്ദാക്ഷിണ്യം തള്ളിപ്പറഞ്ഞു. ജോലിയിൽ നിന്ന് സസ്പെൻ്റു ചെയ്തു. പിരിച്ചുവിട്ടു. ക്രൂശിലേറ്റി. പൗരോഹിത്യം കൈ കഴുകി.

Read Also  ദൈവം കൈകഴുകുന്ന കടലും പാലായിലെ കമ്യൂണിസ്റ്റും

 ‘
നിരപരാധിയായ ആ പ്രൊഫസർ തീയിലൂടെ നടക്കുകയായിരുന്നു പിന്നീട്. കേസ്, ഒളിവു ജീവിതം, പോലീസിനു കീഴടങ്ങൽ, ജയിൽവാസം, സാമൂഹികമായ ഒറ്റപ്പെടൽ, ആക്രമത്തിനിരയാകൽ, നീണ്ട ആശുപത്രിവാസം, സാമ്പത്തിക പ്രാരാബ്ധങ്ങൾ, ഭാര്യയുടെ രോഗം ഒടുവിൽ ദുരന്തതീക്കടലിലേക്കു വീഴ്ത്തിയ പ്രിയതമയുടെ ആത്മഹത്യ .എങ്ങനെ ഈ മനുഷ്യൻ പിടിച്ചു നിന്നു എന്ന് അത്ഭുതപ്പെടും. നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും സഭാ പൗരോഹിത്യം ജോസഫ് മാഷിനെ വേട്ടയാടി. അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുത്തില്ല. നിയമ പോരാട്ടങ്ങളിൽ സഭ എടുത്ത നിലപാടുകൾ ക്രൂരമായിരുന്നു.
സർക്കാരും പൊതു സമൂഹവും ജോസഫ് മാഷിനോട് പല ഘട്ടങ്ങളിൽ എടുത്ത പ്രതികൂലവും അനുകൂലവുമായ നിലപാടുകൾ കാര്യമായി ശ്രദ്ധിക്കേണ്ടതും പഠിക്കേണ്ടതുമുണ്ട്. വേട്ടക്കാരനൊപ്പവും ഇരയ്ക്കൊപ്പവും മാറി മാറി പായുന്ന ഒരു വിചിത്ര മനസ്സ് ജനാധിപത്യ സർക്കാരിനും പൊതുജനങ്ങൾക്കുമുണ്ട്. കൊണ്ടു നടക്കുകയും കൊണ്ടു പോയ് കൊല്ലിക്കുകയും ചെയ്യുന്ന ചാപ്പൻ മേൽപ്പറഞ്ഞവയുടെ രൂപകമാണ്. നമ്മുടെ പോലീസ് സംവിധാനങ്ങൾ എത്ര പ്രാകൃതമാണെന്ന് ജോസഫ് മാഷിൻ്റെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ മകനോടുള്ള ക്രൂരവും നിന്ദ്യവുമായ പോലീസിൻ്റെ പെരുമാറ്റങ്ങൾ പ്രതിഷേധാർഹമാണ്.
ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ച് നാഴികയ്ക്കു നാൽപ്പതു വട്ടം പറയുന്ന നൂറു കണക്കിന് ഒപ്പിയാൻ സാംസ്കാരിക ‘നായക ‘ ൻമാരുടെ ആവാസ ഭൂമിയാണ് കേരളം. എന്നാൽ ജോസഫ് മാഷിൻ്റെ വിഷയത്തിൽ പലരും നിശബ്ദരായിരുന്നു.

സാനിറ്റൈസർ കൊണ്ട് കൈ തിരുമ്മിയവനെ കാണുന്ന കൊറോണ വൈറസിനെ പോലെ പല സാംസ്കാരിക നായകൻമാരും ചുരുണ്ടുറങ്ങി. ആനന്ദിനെപ്പോലെയുള്ള ആരുകട്ടിയുള്ള എഴുത്തുകാർ എഴുത്തിലൂടെ നടത്തിയ പിന്തുണകൾ തനിക്ക് എങ്ങനെ ആശ്വാസം പകർന്നു എന്ന് ടി.ജെ.ജോസഫ് വ്യക്തമാക്കുന്നുണ്ട്.
ഒരു മധ്യവർഗ്ഗ മലയാളി കുടുംബത്തിന് അപ്രതീക്ഷിതമായോ അകാരണമായോ ഒരു ജീവിത പ്രതിസന്ധി വന്നാൽ എന്തൊക്കെ സംഭവിക്കാമെന്ന് ടി.ജെ.ജോസഫിൻ്റെ ജീവിതം പഠിപ്പിക്കുന്നു. ജോലിയോടുള്ള ആത്മാർത്ഥതയ്ക്കും സത്യസന്ധതയ്ക്കും പകരമായി ജോസഫ് സാറിന് എന്തൊക്കെ തൻ്റെ ശരീരത്തിൽ നിന്നും ആത്മാവിൽ നിന്നും കൊടുക്കേണ്ടി വന്നു.
ഇതേതിരുൾക്കുഴി മേലുരുളട്ടെ / വിടില്ല ഞാനീ രശ്മികളെ ‘ എന്ന ഒരു ആത്മശക്തി ജോസഫ് മാഷ് എല്ലാ പ്രതിസന്ധികളിലും പ്രകടിപ്പിച്ചു. കടുത്ത ദുരന്ത സന്ധികളിലും അദ്ദേഹം നർമ്മബോധം പുലർത്തി. ആ നർമ്മബോധം ആത്മകഥയിലുടനീളം ദീക്ഷിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. നല്ല വായനക്കാരൻ്റെ നീറ്റലിനെ അത് ഏറ്റുകയാണ്. കേരളീയ പൊതുബോധ മനസ്സാക്ഷിയുടെ തിരുമുറ്റത്താണ് പ്രൊഫ.ടി.ജെ. ജോസഫിൻ്റെ കൈപ്പത്തി അറ്റു കിടക്കുന്നത്. എത്ര തുന്നിക്കെട്ടിയാലും ആ മുറിപ്പാടുകൾ മായുകയില്ല. എത്ര കഴുകിയാലും അറ്റുപോയ ആ കൈപ്പത്തിയിൽ നിന്നും തെറിച്ച രക്തക്കറ കൾ പൗരോഹിത്യത്തിൻ്റെ വെളുത്ത കുപ്പായങ്ങളിൽ നിന്ന് നീങ്ങിപ്പോകില്ല. ഉഗ്രവാദികളായ മതഭ്രാന്തൻമാർ ആയുധങ്ങൾ ഉലയിൽ വെച്ച് മൂർച്ച കൂട്ടിക്കൊണ്ടിരിക്കുന്നുതാനും.

Spread the love

17 Comments

Leave a Reply