അസീം താന്നിമൂട്

‘വിളിച്ചു നിശ്ശബ്ദ-

മുണര്‍ത്തുന്നുണ്ടേതോ 

മുറിവിന്‍ നോവുകള്‍, പകുതി നിദ്രയില്‍..’

മനുവിന്‍റെ ബാല്യകാല സുഹൃത്ത് സുധീര്‍ എ എസിന്‍റെ വരികളാണിത്…ഈ വരികള്‍ മനുവിന് മനഃപാഠമായിരുന്നു… ആ കവിതയിലെ ഈ വരികള്‍ കൂടി ഞാനിവിടെ കൂട്ടിച്ചേര്‍ക്കുന്നു:

‘നരച്ച ജാലകം തുറന്നിരിക്കുന്നു 

മനസ്സില്‍ നീവന്നു നിറഞ്ഞു നില്‍ക്കുന്നു’

മറന്നു പോകില്ല മനുവിനെ, പരിചയപ്പെടുന്ന ആരും, ഒരുകാലത്തും. മരണത്തിന്‍റ നെടിയ അസാന്നിധ്യത്തില്‍ ഒഴിഞ്ഞു പോകുകയുമില്ലവന്‍. എത്രമേല്‍ അടുത്താലും പിടിതരാത്തതെന്തോ ഒന്ന് മനുവില്‍ അവശേഷിപ്പുണ്ടായിരുന്നു. മരണത്തെക്കുറിച്ച് നാളിതുവരെ നാം മനസ്സിലാക്കി വച്ചിരുന്നതിനെയൊക്കെ പൊളിച്ചടുക്കിയായിരുന്നു മനുവിന്‍റെ അന്ത്യയാത്രയും…മരിക്കുന്ന ആ മുഹൂര്‍ത്തത്തില്‍ ഞാനും സുഹൃത്തും  എഴുത്തുകാരനുമായ വി ഷിനിലാലും തൊട്ടടുത്തുണ്ടായിരുന്നു. അവസാനമായി അവന്‍ സംസാരിച്ചതും ഞങ്ങളോടാണ്….ഒടുവിലവന്‍ പറഞ്ഞത് അഞ്ചു വാചകങ്ങളാണ്… ”എനിക്കൊന്നു സ്മോക്കു ചെയ്യണം മച്ചമ്പീ” (ഷിനിയോട്..കുറേ നാളായി സ്മോക്കിങ് നിറുത്തി വച്ചിരിക്കുക ആയിരുന്നു)….”ഡാ താങ്ക്സ്” (എന്നോട്… ”നിന്‍റെ കവിതകള്‍ വൈകാതെ പ്രസിദ്ധീകരിച്ചു കാണാനാകും” എന്നു ഞാന്‍ പറഞ്ഞതിനായിരുന്നു ആ താങ്സ് ).

”ടീ നീയൊന്ന് മാറിയേ, ടെന്‍ഷനാക്കാതെ”

(ഇളകി മറിയാന്‍ ശ്രമിച്ചത് തടഞ്ഞതിനു ഭാര്യയോട്)..

”എനിക്കു ശ്വാസം മുട്ടുമ്പോലെ, ഡോക്ടറെ വിളിക്ക്!!”

(ഞങ്ങളോട്)..ഡോക്ടര്‍ വന്നു. ….പിന്നെ  അധികം വൈകാതെ വലതു കൈ ഉയര്‍ത്തി, അരികിലിരുന്ന അമ്മക്കുനേരേ നീട്ടി ചലിപ്പിച്ചു. റ്റാറ്റ പറയുമ്പോലെ എനിക്കു തോന്നി. അമ്മയ്ക്കും  കൂടിനിന്നവര്‍ക്കൊക്കെയും അങ്ങനെ തന്നെ തോന്നി.അടുത്ത നിമിഷം അവസാന ബ്രീത്തിങ്…അത്രമേല്‍ വ്യത്യസ്തമായിരുന്നു അവന്‍റെയാ അന്ത്യവും. 

ഒരു ട്രയിന്‍ യാത്രയ്ക്കിടയിലാണ് ഞാന്‍ മനു മാധവനെന്ന കവിയേയും അവന്‍റെ സിനിമാ ഭ്രാന്തിനേയും ഏറെ അടുത്തും ആഴത്തിലും അറിയുന്നത്. അതിനു മുന്നേ  പരിചയവും സൗഹൃദവും ഉണ്ടെങ്കിലും കാവ്യപരമായ അവന്‍റ ബോധ്യങ്ങളെപ്പറ്റി, സിനിമകളോടുള്ള അഗാധമായ കമ്പത്തെപ്പറ്റി അത്രയ്ക്കങ്ങു തീര്‍ച്ചയില്ലായിരുന്നു. നദി  എഡിറ്റുചെയ്ത് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘മോഡിഫൈ ചെയ്യപ്പെടാത്തത്’ എന്ന പുസ്തകത്തിന്‍റെ പ്രകാശനത്തില്‍  പങ്കെടുക്കാന്‍ കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ആ കൂടിക്കാഴ്ച.

ടിക്കറ്റ് പരിശോധകന്‍റെ  ഔദ്യോഗിക വേഷത്തിലായിരുന്നില്ല അപ്പോള്‍ മനു. എന്നെപ്പോലെ യാത്രക്കാരനായി ആ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കുകയായിരുന്നു മനുവിന്‍റെയും ലക്ഷ്യം. ഞങ്ങള്‍ ഇരുവരുടേയും കവിതകള്‍ ആ പുസതകത്തിലുണ്ട്. അതായിരുന്നില്ല, പരിപാടിയില്‍ പങ്കെടുക്കാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം. പുസ്തകം മുന്നോട്ടുവയ്ക്കുന്ന വര്‍ദ്ധിച്ച സാമൂഹിക, രാഷ്ട്രീയ പ്രസക്തിയോടുള്ള കൂറും, ഭരണകൂടത്താല്‍ അകാരണമായി വേട്ടയാടപ്പെട്ട നദിയെന്ന ചെറുപ്പക്കാരന്‍ (പുസ്തകത്തിന്‍റെ എഡിറ്റര്‍) അതിശക്തമായൊരു ഫാസിസ്റ്റ് മനോഭാവത്തിനെതിരെ ഉയര്‍ത്തുന്ന വെല്ലുവിളികളോടുമുള്ള ഐക്യപ്പെടലുമായിരുന്നു എന്‍റെ പുറപ്പെടലിനു പിന്നിലെ വൈകാരിക മനോഭാവം. മനുവിലുമതെ,അതേ വികാരങ്ങളായിരുന്നു ആവേശത്തോടെ പ്രവര്‍ത്തിച്ചത്. മനുവിന്‍റെ സാമൂഹിക കാഴ്ചപ്പാടുകളെക്കുറിച്ചും മുമ്പെനിക്ക് അത്രമേല്‍ തിട്ടമില്ലായിരുന്നു. എന്നാല്‍, ആ യാത്ര എനിക്കു സമ്മാനിച്ചത് അവയ്ക്കെല്ലാമുള്ള ദൂരീകരണമാണ്. സമാന മനോഭാവത്തോടെ അവനോടു പൊരുത്തപ്പെടാനുള്ള പഴുതുകളാണ്.

ആ യാത്ര മുമ്പോ ശേഷമോ ഉണ്ടായിട്ടുള്ള  മറ്റെല്ലാ യാത്രകളെക്കാളും എനിക്ക് സ്മരണീയമായി തീരുകയായിരുന്നു. അതില്‍ പ്രധാനം മനുവിന്‍റെ അസാധാരണമായ സാന്നിധ്യം തന്നെ. വിവിധങ്ങളാണ് കാരണങ്ങള്‍. ഒന്ന് മനുവിന്‍റെ വെറളി പിടിപ്പിക്കുന്ന കാവ്യ കാഴ്ചപ്പാട്. രണ്ട്, വെല്ലുവിളിയോടുകൂടിയ രാഷ്ട്രീയ ബോധ്യങ്ങളുടെ തുറന്നടിപ്പ്. മൂന്ന്, എന്തും മുഖത്തുനോക്കി (മുഷിപ്പിക്കുംവിധം തന്നെ)പറയാന്‍

Read Also  പഴവിള, പുരോഗമനചിന്ത കെടാതെ സൂക്ഷിച്ച ഒരടുപ്പ് : ജി എസ് പ്രദീപ്

അറയ്ക്കാത്ത ആര്‍ജ്ജവം.  ലോക സിനിമകളോടുള്ള തനതും വ്യത്യസ്തവുമായ അവന്‍റെ കാഴ്ചപ്പാടും നിരീക്ഷണ വ്യഗ്രതയും….മനുവിനോടുള്ള എന്‍റെ ഇഷ്ടത്തിന്‍റെ പട്ടിക അങ്ങനെ നീളും….എന്നാല്‍ വൈകാരികമായി എന്നെ അവനിലേയ്ക്കടുപ്പിച്ചത് ആ യാത്രയ്ക്കിടെ യാദൃശ്ചികമായി വന്നു ഭവിച്ച മറ്റൊരനുഭവമായിരുന്നു: 

വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ മനസ്സിനിണങ്ങുന്ന വരികളോ കവിതകളോ മനഃപാഠമാക്കുക എന്നത് എന്‍റേയൊരു ശീലമായിരുന്നു.ഏറെ കുട്ടിക്കാലത്തേ മനസ്സിലേറിയ ഒരു കവിതയാണ് `മറവികളില്‍ മഴപെയ്യുമ്പോള്‍’എന്ന സുധീര്‍ എ എസിന്‍റെ കവിത.94ലോ  മറ്റോ കോളേജുതലത്തില്‍ മാതൃഭൂമി വിഷു സമ്മാനം കിട്ടിയ കവിതയാണത്.

‘പുറത്തു രാത്രിതന്‍ 

മഴക്കുളമ്പുക-

ളിടറി വേച്ചുവേച്ച-

തിര്‍ കടക്കുന്നു.

കടുത്ത കൊള്ളിയാന്‍ 

വെളിച്ചവേഗങ്ങ-

ളിരവിന്‍ നെഞ്ചിലായ് കഠാരിയാഴ്ത്തുന്നു..’

എന്ന വരികളോടെ ആരംഭിക്കുന്ന ആ കവിത ഒരു വാക്കും ഇടറാതെ മുഴുവനായും ഇന്നും ഓര്‍മ്മയിലുണ്ട്.പ്രതിഭാ ഭരിതനായ ആ കവിയെ പക്ഷെ,പിന്നെ അധികമെങ്ങും ഞാന്‍ കണ്ടിട്ടില്ല.എവിടെയാണ് ആ കവിയെന്ന അന്വേഷണം ഞാന്‍ അന്നേ ആരംഭിച്ചിരുന്നു.പലരോടും ചോദിച്ചിരുന്നു.ആ കവിത അറിയുന്ന ചിലരെ കണ്ടെത്താനായി എന്നല്ലാതെ കവിയെ അറിയാന്‍ ആ യാത്രാവേളവരെ എനിക്കു സാധിച്ചിരുന്നില്ല.കവിതയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധ ഭാവുകത്വ പരിണാമങ്ങളെ കുറിച്ച് ഞാനും മനുവും യാത്രക്കിടയില്‍ ധാരാളമായി സംസാരിച്ചിരുന്നു.അതിനിടയില്‍ അവന്‍ അപ്രതീക്ഷിതമായി ചൊല്ലി:

‘വിളിച്ചു നിശ്ശബ്ദ-

മുണര്‍ത്തുന്നുണ്ടേതോ 

മുറിവിന്‍ നോവുകള്‍,

പകുതി നിദ്രയില്‍’

‘മറവികളില്‍ മഴപെയ്യുമ്പോള്‍’ എന്ന ആ  കവിതക്കുള്ളിലെ വരികളാണിവ.ആ വരികള്‍ കേട്ടതിന്‍റെ ഹാങോവറില്‍ കവിത ആദ്യാവസാനം ഞാന്‍ ഇടമുറിയാതെയങ്ങ് ചൊല്ലി കേള്‍പ്പിച്ചു…മച്ചമ്പീ…എന്നു നീട്ടിവിളിച്ച് എന്നെയവന്‍ പൂണ്ടടങ്ങ്

 വരിഞ്ഞു മുറുക്കി,കവിളില്‍ മുത്തം തന്ന് ആവേശത്തോടെ ആഹ്ലാദം അഴിച്ചുവിടുകയായിരുന്നു….!!

…..ഡാ മച്ചമ്പീ ഇതു ഞങ്ങടെ മണീടെ കവിതയാ(സുധീറിനെ വീട്ടുകാരും കൂട്ടുകാരും മണിയെന്നാണു വിളിക്കുന്നത് എന്നവന്‍ പറഞ്ഞു)…അവനെന്‍റെ അയല്‍വാസിയും സഹപാഠിയുമാ…നിനക്കെങ്ങനെ അറിയും അവനെ…!?മനുവിന്‍റെ ആശ്ചര്യവും തുടര്‍ സംഭാഷണവും സുധീര്‍ എ എസ് എന്ന കവിയിലും ആ കവിതയിലും ഞാന്‍ കരുതിപ്പോന്ന കൗതുകത്തെ അപ്പാടെ  ഉരുക്കഴിച്ചു.കവിയുടെ നിലവിലെ അവസ്ഥകളെക്കുറിച്ചുള്ള അറിവ് കൊടിയ നോവായി പരിണമിക്കുകയും ചെയ്തു.(അസുഖ ബാധിതനും അവിവാഹിതനുമായി കഴിയുന്ന ആ കവിയെ മനുവിന്‍റെ സംസ്കാരച്ചടങ്ങ് നടക്കുന്ന വേളയില്‍, മൃതദേഹത്തിനരികില്‍ വച്ചു ഞാന്‍ കണ്ടു.പരിചയപ്പെട്ടു)..ആ യാത്രയ്ക്കു ശേഷം ഞങ്ങളുടെ സൗഹൃദം ഏറെ ഗാഢമാകുകയായിരുന്നു.അധികനാള്‍ ആ വിധം തുടരാന്‍ കാലം അനുവദിച്ചില്ല എന്നുമാത്രം.

മനുവിന്‍റെ കവിതകളെയും തികഞ്ഞ മുന്‍വിധികളോടെ ആയിരുന്നു ഞാന്‍ മുമ്പു സമീപിച്ചിരുന്നത്.അതിലെ അപരാധമെന്തായിരുന്നു എന്ന് കവിതകളെ സസൂക്ഷ്മം വായിക്കാന്‍ അവസരമൊരുക്കിത്തന്ന് അവന്‍തന്നെ ഒടുവില്‍ ബോധ്യപ്പെടുത്തി.എല്ലാ പ്രതിരോധങ്ങളേയും അതിലംഘിച്ച്  രോഗാവസ്ഥ വളര്‍ന്നതിനെ തുടര്‍ന്ന് മനുവിനെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,മരിക്കുന്നതിനും ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഞാനും  ഷിനിലാലുംകൂടി അന്നു തന്നെ അവനെകാണാന്‍ അവിടെ പോയി. താന്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്ന പൂര്‍ണ്ണ ബോധ്യത്തിലായിരുന്നു അപ്പോള്‍ മനു തികച്ചും ശാന്തനും പ്രസന്നനുമായിരുന്നു അവന്‍.

Read Also  അന്നപൂർണാദേവി; 'രവിശങ്കറെന്ന സ്ത്രീവിരുദ്ധനുവേണ്ടി സംഗീതം ഹോമിച്ച മഹാപ്രതിഭ' : സഫിയ പ്രകാശ് എഴുതുന്നു

സ്വന്തം കവിതകളെ എത്രമേല്‍ ഗൗരവത്തോടും ജൈവികമായുമാണ് മനു സമീപിച്ചിരുന്നതെന്ന് സത്യത്തില്‍ അപ്പോഴാണ് എനിക്കു  ബോധ്യപ്പെട്ടത്. കവിതകളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് മനു നടത്തിയ ആഗ്രഹ പ്രകടനം ഹൃദയഭേദകമായി വന്നു ഭവിച്ചു…ശേഷമാണ് വാസ്തവത്തില്‍ മനുവിന്‍റെ കവിതകളെല്ലാം ഞാന്‍ വേണ്ടവിധം വായിച്ചത്.മുമ്പുണ്ടായിരുന്ന മുന്‍വിധികളെ മുച്ചൂടും ഉലയ്ക്കുന്നതായി ആ വായനാനുഭവം.

പാപ്പാത്തി പുസ്തകം പ്രസിദ്ധീകരിക്കുന്ന മനുവിന്‍റെ `ഓര്‍മ്മ ഒരു ഔദ്യോഗിക രേഖയാണ്’എന്ന കാവ്യ സമാഹാരത്തിന്‍റെ പി ഡി എഫ് കോപ്പിയാണ് വായിക്കാന്‍ കിട്ടിയത്.പാപ്പാത്തിയിലെ സന്ദീപ് കെ രാജാണ് അതു തന്നത്.ഓരോ കവിതയും സൂക്ഷ്മം തന്നെ വായിച്ചു.`എന്‍റെ മുറിക്കുചുറ്റും ഒരു മരമുണ്ട്’,`നല്ലതില്‍ നല്ലതായ..’,`ഓര്‍മ്മ ഒരു ഔദ്യോഗിക രേഖയാണ്’…തുടങ്ങിയ കവിതകള്‍ പുതിയ കാവ്യ പരിസരത്തെ കൃത്യമായും അടയാളപ്പെടുത്തുന്ന കവിതകളായിത്തന്നെ തോന്നി.

‘എല്ലാമുറികള്‍ക്കു ചുറ്റിലും
മരങ്ങളുണ്ട്
ചുമരുകളില്‍
വേരുകളുടെ 
വരയും കുറിയും തീര്‍ത്ത 
കഥയും കവിതയുമുണ്ട്.
ഓരോ മുറിയിലും
ഓരോ ഞാനുമുണ്ട് ‘

എന്ന് മനു ‘എന്‍റെ മുറിക്കു ചുറ്റും ഒരു മരമുണ്ട്’ എന്ന കവിതയില്‍ പറഞ്ഞുറപ്പിക്കുന്നുണ്ട്. മുറിയുടെ നിഗൂഢ നിശ്ശബ്ദതയില്‍ നിന്നും പുറത്തേക്കുവേരാഴ്ത്തി പടര്‍ന്നു പന്തലിക്കുന്ന ആ അദൃശ്യമരം എന്താണെന്ന് ആലോചിച്ചാല്‍ കവിതയോട് മനു പുലര്‍ത്തിയ അഭിനിവേശം നമുക്കു കൃതമായും ബോധ്യപ്പെടും. അടുത്ത കാലത്തെഴുതിയ കവിതകളില്‍ ചിലതില്‍, അകാലമരണ സാമീപ്യത്തിന്‍റെ ആധികളെക്കുറിച്ച്  മനുവിനുണ്ടായിരുന്ന ധാരണ  വ്യക്തമായും വായിച്ചെടുക്കാനാകും.`കിനാത്തൊടിയിലെ അപ്പൂപ്പന്‍ താടികള്‍’,`വീട്ടിലേയ്ക്കു യാത്രപോകുന്നവരോട്’..തുടങ്ങിയ കവിതകളില്‍ ആ അലയൊലികള്‍ കലശലായുണ്ട്.

‘ആരും വരാനില്ലാത്തതിനാലും

ആരെയും കാണാനാകാത്തതിനാലും

അയാൾ ചുവരുകളിൽ

എല്ലാവരേയും 

വരയ്ക്കുവാൻ തുടങ്ങി.

വലുതായി 

സങ്കടപ്പെട്ടുപോകുന്നതിനാലാകണം

ഒന്നും മുഴുമിക്കാനായില്ല’ (വീട്ടിലേക്ക് യാത്ര പോകുന്നവരോട്)

അലക്കിത്തേച്ച 

തുണിയുടെ മണമുള്ള

ചിലരാവുകളിൽ

അയാൾ

പലനിലയുള്ളൊരു

കെട്ടിടമാകും

നിലകൾതോറും പറക്കും(കിനാത്തൊടിയിലെ അപ്പൂപ്പന്‍ താടികള്‍)…

അതെ, വീടെന്നാല്‍ മനുവിന് അകത്തുനിന്നും കുറ്റിയിട്ട മുറികളുള്ള സ്വകാര്യതയാണ്. പടര്‍ന്നു പന്തലിക്കാനുള്ള വിത്തുകളുടെ വീര്‍പ്പുകള്‍ തളം കെട്ടിയ കലവറയാണ്. ഓര്‍മ്മകളുടെ തടവറകള്‍ മാത്രമാണ്. അടയാളപ്പെടാനാകാത്ത ആധികളുടെ ഔദ്യോഗിക രേഖകളാണ്…ഇനി അവനില്ല. ആ രേഖകള്‍ മാത്രം…

റ്റാ റ്റാ മനു… 

____________

മനു മാധവന്‍(44)

തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരില്‍ പ്രശസ്ത നാടക നടനും അധ്യാപകനുമായ വക്കം മാധവന്‍റേയും ശിവനമ്മയുടേയും മകനായി 1975 ല്‍ ജനിച്ചു. യൂണിവേഴ്സിറ്റി കോളേജ്, കൊല്ലം ഫാത്തിമ മാതാ കോളേജ്, കാഞ്ഞങ്ങാട് പോളിടെക്നിക് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ദക്ഷിണ റയില്‍വേ തിരുവനന്തപുരം ഡിവിഷനില്‍ ടിക്കറ്റ് പരിശോധകനായി ജോലി ചെയ്യുന്നു. സജ്നയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ആഷിക്, അലോക് എന്നിവരാണ് മക്കള്‍. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് (22.9.19) തിരുവനന്തപുരത്തെ ഒരു സകാര്യ ആശുപത്രിയില്‍ മരിച്ചു. കവിതയും സിനിമയും സഞ്ചാരവും ഏറെ ഇഷ്ടപ്പെട്ടിരുന്നു. മികച്ച സിനിമാസ്വാദകനായിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ലോക സിനിമകളുടെ അവലോകനം നടത്തുമായിരുന്നു.

‘ഓര്‍മ്മ ഒരു ഔദ്യോഗികരേഖ’യാണ് പ്രസിദ്ധീകരിച്ച കവിത സമാഹാരം.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here