മലയാളത്തിലെ നോവലായ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ യിലൂടെ ടി ഡി രാമകൃഷ്ണൻ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മികച്ച സാഹിത്യരചനകള്‍ക്ക് നല്‍കുന്ന ഡി.എസ്.സി. പുരസ്‌കാരത്തിന്റെ ആദ്യപട്ടികയിൽ ഇടം പിടിച്ചു.  ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് പട്ടികയില്‍ വന്നത്.

ആദ്യപട്ടികയിൽ തമിഴ് സാഹിത്യകാരനായ പെരുമാൾ മുരുകനും ഇടം പിടിച്ചിട്ടുണ്ട്. 15 പുസ്തകങ്ങളുടെ പട്ടികയില്‍ മൂന്നെണ്ണം വിവര്‍ത്തന പുസ്തകങ്ങളാണ്. ടി.ഡി. രാമകൃഷ്ണന് പുറമേ തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ ( എ ലോണ്‍ലി ഹാര്‍വെസ്റ്റ് ), ബംഗാളി സാഹിത്യകാരന്‍ മനോരഞ്ജന്‍ ബ്യാപാരി ( ദെയര്‍ ഈസ് ഗണ്‍പവര്‍ ഇന്‍ ദി എയര്‍ ) എന്നിവരുടെ പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.

നിരവധി ഭാഷകളിലെ കൃതികളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അകില്‍ കുമാരസ്വാമി ( ഹാഫ് ഗോഡ്‌സ്), അമിതാ ഭാഗ്ചി ( ഗാഫ് ദി നൈറ്റ് ഈസ് ഗോണ്‍), ദേവി എസ്. ലാസ്‌കര്‍ ( ദി അറ്റ്‌ലസ് ഓഫ് റെഡ്‌സ് ആന്‍ഡ് ബ്യൂസ്), ഫാത്തിമ ഭൂട്ടോ ( ദി റണ്‍എവേസ്), ജമില്‍ ജാന്‍ കൊച്ചൈ ( 99 നൈറ്റ്‌സ് ഇന്‍ ലോഗര്‍), മാധുരി വിജയ് ( ദി ഫാര്‍ ഫീല്‍ഡ്‌സ്), മിര്‍സ വഹീദ് ( ടെല്‍ ഹെയര്‍ എവരിതിങ്), നദീം സമന്‍ ( ഇന്‍ ദി ടൈം ഓഫ് അതേഴ്‌സ്) , രാജ്കല്‍ ഝാ ( ദി സിറ്റി ആന്‍ഡ് ദി സീ), സാദിയ അബ്ബാസ് ( ദി എംറ്റി റൂം), സുഭാംഗി സ്വരൂപ് ( ലാറ്റിറ്റിയൂഡ്‌സ് ഓഫ് ലോംഗിങ് ), തോവ റെയ്ച് ( മദര്‍ ഇന്ത്യ ) എന്നിവരാണ് പട്ടകയില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍. .

ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 15 പേരില്‍ ഏഴ് പേര്‍ വനിതകളാണ്. അത്ര തന്നെ പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആകെ 42 പ്രസാധകരുടെ 90 പുസ്തകങ്ങളാണ് ഇക്കുറി പരിഗണിച്ചത്. നവംബര്‍ 6ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സസില്‍ വച്ചാണ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിക്കുക. ഡിസംബര്‍ 16ന് ഐഎംഇ നേപ്പാള്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വെച്ച് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കും. 25000 ഡോളറാണു ( 17.70000 ഇന്ത്യൻ രൂപ) സമ്മാനത്തുക

Read Also  ഒരു നോവലിസ്റ്റിന്റെ പ്രതീകാത്മക ആത്മഹത്യ പുരോഗമന കേരളത്തോട് ചോദിക്കുന്നത്: ഒ.കെ. ജോണി

LEAVE A REPLY

Please enter your comment!
Please enter your name here