Friday, September 17

ഹിന്ദുത്വസംഘടനകളുടെ ഭീഷണി ; അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അധ്യാപികയ്ക്കെതിരെ ഭീഷണിയുമായി ഹിന്ദുത്വ സംഘടനകൾ. ഓൺലൈൻ ക്ലാസെടുക്കുന്നനിടയിൽ നടത്തിയ ഒരു പരാമർശം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകൾ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ അധ്യാപികയ്ക്കെതിരെ രംഗത്ത് വന്നത്. സംഘടിതമായെത്തിയ അക്രമികളെ കണ്ട് ഭയന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അധ്യാപികയെ സ്കൂൾ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒമ്പതാം ക്ലാസിലെ മലയാളം പാഠാവലിയിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഒരു കഥ പഠിപ്പിക്കുന്നതിനിടെ നടത്തിയ ഒരു പരാമർശം ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്ന തരത്തിലാണ് എന്നാരോപിച്ചാണ് തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകർ സ്കൂളിലെത്തി അധ്യപികയെയും പ്രധാന അധ്യാപകനെയും മറ്റും ഭീഷണിപ്പെടുത്തിയത്.

ക്ലാസ് കഴിഞ്ഞ് ഏറെ വൈകിയും ഭീഷണി തുടരുകയാണെന്നാണ് വിവരം. അധ്യാപികയുടെ പരാമർശത്തിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് തീവ്രഹിന്ദു സംഘടനകളുടെ നിലപാട്‌.

അതേസമയം നിർദ്ദോഷമായ ഒരു പരാമർശമായിരുന്നു തൻ്റെ ഭാഗത്തു നിന്നുണ്ടായതെന്നും അധ്യാപികയും സ്കൂൾ അധികൃതരും പറയുന്നു. ഓൺ ലൈൻ ക്ലാസിൻ്റെ വീഡിയോ തെളിവായി മുന്നിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അധ്യാപികയ്ക്കു നേരെ ഭീഷണി തുടരുന്നതിനെതിരെ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Spread the love
Read Also  സവർക്കർക്ക് ഭാരത രത്നം നൽകണമെന്ന് അണ്ണാ ഹസാരെ