Thursday, July 2

അല്ല, ഒരു ദിവസം  ശ്രീചിത്തിര തിരുനാളിനുണ്ടായ വെളിപാടല്ല ക്ഷേത്രപ്രവേശന വിളംബരം ; അജയകുമാർ എഴുതുന്നു

വൈദേശികാധിപത്യം, പ്രത്യേകിച്ച് നേരിട്ടുള്ള ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിൽ ജീവിച്ചിരുന്ന ഇന്ത്യൻ ജനതയ്ക്കും, കരാറുകൾക്ക് അടിപ്പെട്ടു വൈദേശികാധിപത്യത്തിന് അടിയറവ് പറഞ്ഞ രാജാക്കന്മാർ ഭരിച്ചിരുന്ന രാജ്യങ്ങളിലും ഉള്ള ജനങ്ങൾക്കും രണ്ടുതരത്തിലുള്ള വ്യക്തി സ്വാതന്ത്ര്യങ്ങളും ജീവിതസാഹചര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ആണ് ലഭിച്ചിരുന്നത്. ആയതിനാൽ ഒരു ഭാഷ സംസാരിച്ചിരുന്ന ഒരേ മതക്കാർക്കോ ,ജാതി കാർക്കോപോലും വ്യത്യസ്തമായ സാമൂഹിക പരിഗണനയും, സ്വാതന്ത്ര്യവും, വിദ്യാഭ്യാസ സാഹചര്യവുമാണ് അവർക്ക് രണ്ടിടങ്ങളിലും ലഭിച്ചിരുന്നത്. ഈ അസമത്വങ്ങൾ, പങ്കുവയ്ക്കുന്നതിന് , അധികാരികൾ രണ്ടായിരുന്നെങ്കിലും ഭാഷ ഒന്നായിരുന്നതുകൊണ്ട് തടസ്സങ്ങൾ ഉണ്ടായില്ല.

ഭൂരിഭാഗം മനുഷ്യരെയും മനുഷ്യരായി അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു തദ്ദേശീയ ഭരണാധികാരികളെക്കാൾ തികച്ചും ഉദാത്തന്മാരായിരുന്നു വരത്തൻമാർ . വരേണ്യവർഗത്തിന്റെ സുഖ ജീവിതത്തിനായി നൂറുകണക്കിന് കരങ്ങൾ (നികുതികൾ)  ഏർപ്പെടുത്തി പിഴിഞ്ഞ് എറിഞ്ഞ ചണ്ടി വീണ്ടും വീണ്ടും പിഴിഞ്ഞു കരം എടുത്ത് കൊണ്ടിരുന്ന അധികാരിവർഗ്ഗം കരുണ ഇല്ലാത്തവരായിരുന്നു. അത് അവരെ കൂടുതൽ ദുഃഖിതരാക്കി.

ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മുറുക്കി പിടിച്ചിരുന്നു തിരുവിതാംകൂറിലെ കീഴാളർ മലബാറിലെ കീഴാളരെക്കാൾ വളരെ പുറകിലായിരുന്നു. ബ്രിട്ടീഷ് മലബാറിലെ, ഏറ്റവും വലിയ ഉദ്യോഗമായ ഡെപ്യൂട്ടി കളക്ടർ പദവിയിൽ എത്തിച്ചേർന്ന ചൂര്യായായി കണാരൻ (1815 -1866) എന്ന തീയൻ ജോലിയിൽ നിന്നും പെൻഷൻ പറ്റി മരിക്കുമ്പോൾ, തിരുവിതാംകൂറിലെ നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന് പത്തു വയസ്സായിരുന്നു. എന്നാൽ തിരുവിതാംകൂറിൽ ഒരു താണ ജാതിക്കാരനായ ഹിന്ദുവിനു ജോലിയിൽ പ്രവേശിക്കുന്നതിന് 1911 വരെ പട വെട്ടേണ്ടി വന്നു.

തിരുവിതാംകൂറിനെ ക്ഷേത്രപ്രവേശന ത്തിലേക്ക് നയിച്ച വളരെയേറെ ഘടകങ്ങൾ ഉണ്ടായിരുന്നു. ഹിന്ദുമതം മൃഗങ്ങളായി കണക്കാക്കിയിരുന്ന അധകൃതരിലെ ഒരു വിഭാഗമായ നാടാർ സമുദായക്കാർ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തിതരായി . അതിൻറെ ഭാഗമായി അവർക്ക് മിഷനറിമാരുടെ സ്കൂളുകളിൽ പഠന സൗകര്യം ലഭിച്ചു. തുടർന്ന് 1814ൽ ഇവിടത്തെ റസിഡൻറും, ദിവാനുമായിരുന്ന മൺറോ യിൽനിന്നും മേൽമുണ്ട് ധരിക്കുന്നതിനുള്ള ഒരു ഉത്തരവ് നേടിയെടുത്തു. പക്ഷേ ഉത്തരവ് പ്രാവർത്തികമാക്കാൻ വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾ ആവശ്യമായി വന്നു പല സന്ദർഭങ്ങളിലും സ്ത്രീകളെ പൊതു ഇടങ്ങളിൽ വച്ച് അപമാനിക്കുകയും രണ്ടു വിഭാഗക്കാരും സംഘടിതരായി ഏറ്റമുട്ടുകയും , 14 പേരേ ചെയ്യാത്ത കുറ്റം ആരോപിച്ചു കൊല ചെയ്യുകയും ചെയ്തു. കൊണ്ടും കൊടുത്തും 45 വർഷം നീണ്ടുനിന്ന സംഘർഷങ്ങൾ ഒടുവിൽ 1859 ൽ അത് വിജയത്തിൽ എത്തിച്ചേർന്നു. ഒരു ദുരാചാരത്തിൽ നിന്നും മുക്തി നേടാൻ നീണ്ട 45 വർഷങ്ങൾ.

ഈഴവ സ്ത്രീകൾക്ക് ആ സ്വാതന്ത്ര്യം ലഭ്യമായത് ആറ് വർഷങ്ങൾക്ക് ശേഷമാണ്. എന്നാൽ ഈ പരിഷ്കരണത്തിന് എതിർ നിന്ന നായർ സ്ത്രീകൾക്ക് ആറാട്ടിന് അകമ്പടി സേവിക്കുമ്പോൾ മാറുമറയ്ക്കുന്നതിന് 1902 വരെ കാത്തിരിക്കേണ്ടതായിവന്നു.

1865ലെ ഊഴിയ നിരോധന നിയമം ഊഴിയം ജോലികളിൽനിന്ന് കുറച്ചുപേരെങ്കിലും മോചിപ്പിച്ചു. ആ വർഷം തന്നെ നിലവിൽവന്ന എല്ലാവർക്കും പൊതുവഴി ഉപയോഗിക്കുന്നതിനുള്ള ഉത്തരവും കുറച്ചു പേർക്ക് പ്രയോജനം ചെയ്തു. 1891ലെ മലയാളി മെമ്മോറിയൽ 1896ലെ ഈഴവമെമ്മോറിയൽ എന്നിവ പോരാട്ടവഴിയിലെ നാഴികക്കല്ലുകൾ ആയിരുന്നു.1924-25 ക ളിൽ 603 ദിവസം നീണ്ട് നിന്ന വൈക്കം സത്യാഗ്രഹത്തിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ സിക്ക് കാർ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, എന്നിവർ പങ്കെടുത്തു. എന്നാൽ ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം മറ്റുമതക്കാരെ ഒഴിവാക്കി ആചാര വാദികൾ സമരത്തിൽ പങ്കെടുത്തവരെ പൊതിരേ തല്ലി, ചിലരുടെ കണ്ണിൽ ചുണ്ണാമ്പ് എഴുതി കാഴ്ച നശിപ്പിച്ചു. നിലവിലുള്ള ആചാര വിലക്കുകളെ ലംഘിച്ചുകൊണ്ട് ക്ഷേത്ര ദർശനമോ ആരാധനയോ നടത്തുന്നതിനു  വിലക്ക് കൽപ്പിച്ചു അവർക്ക് നേരെ   ടി പി സി ( തിരുവിതാംകൂർ പീനൽ കോഡ് 294) ഐപിസി സെക്ഷൻ 295 എന്നിവ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. ഈ നിയമപ്രകാരം രണ്ട് വർഷം തടവോ, തടവും പിഴയും കൂടിയോ ചുമത്താം ആയിരുന്നു. പക്ഷേ ഈ നിയമങ്ങൾ ഉയർത്തിക്കാട്ടി എങ്കിലും തരിമ്പും വകവയ്ക്കാതെ സമരക്കാർ മുന്നോട്ടുപോയി ഒത്തുതീർപ്പു ചർച്ചകൾ പലതും നടന്നെങ്കിലും ക്ഷേത്ര വഴിയിലൂടെ നടക്കാൻ ആചാര വാദികൾ അനുവദിച്ചില്ല. ആചാര വാദികളിൽ നിന്നും സമരക്കാരിൽ നിന്നും വിട്ടുവീഴ്ച ഇല്ലാതായപ്പോൾ പുതിയൊരു വഴി വെട്ടി പ്രശ്നം പരിഹരിക്കാമെന്ന് പോലും ശ്രീമൂലം തിരുനാളിന് പറയേണ്ടിവന്നു. എന്നാൽ ആ കടമ്പ താണ്ടിയ ശേഷം വീണ്ടും ഗുരുവായൂർ സത്യാഗ്രഹം തുടങ്ങി ഇതുകൂടി ആരംഭിച്ചപ്പോൾ ആചാര വാദികളും രാജാവും വിഷമവൃത്തത്തിൽ ആയി.

Read Also  സവർണർ ദളിതന്റെ മൃതദേഹം വഴിയിൽ തടഞ്ഞു ; പാലത്തിലൂടെ ശ്മശാനത്തിലേക്ക് കെട്ടിയിറക്കി

എടുത്തുപറയേണ്ട മറ്റൊരു കാര്യം വൈക്കം സത്യാഗ്രഹത്തിന് മുമ്പേതന്നെ സവർണരിൽ അഭ്യസ്തവിദ്യരായ നല്ലൊരു ഭാഗം ആൾക്കാരും അവർണരുടെ ഭാഗത്ത് നിലയുറപ്പിച്ചിരുന്നു അവരെ മനുഷ്യരായി കാണുന്നതിന് അവർ തയ്യാറായിരുന്നു. അക്കാരണത്താലാണ് രാജാവിനും ആചാര വാദികൾക്കും ഈ സമരങ്ങളെ തല്ലി ഒതുക്കാൻ കഴിയാതെപോയത്. എന്നാൽ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ തന്ത്രിമാരുടെയും സവർണരുടെയും സമ്മത വാങ്ങുകയും പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ആ കമ്മറ്റിയിൽ എം ഗോവിന്ദൻ, റാവു ബഹാദൂർ, എബ്രഹാം വർഗീസ്, മണ്ണൂർ ഗോവിന്ദപിള്ള, ഡോക്ടർ സി ഒ കരുണാകരൻ, അബ്ദുൽ റഹ്മാൻ സാഹിബ് തുടങ്ങി വിവിധ മതത്തിൽപ്പെട്ട ആൾക്കാർ ഉണ്ടായിരുന്നു. 1932ൽ ക്ഷേത്ര പ്രവേശനത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ആ കമ്മിറ്റി അവർണർക്ക് വിദ്യാഭ്യാസം അതുപോലെതന്നെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിന് വേണ്ടിയുള്ള നടപടികൾ തീണ്ടാപ്പാട് ഒഴിവാക്കൽ ക്ഷേത്രപ്രവേശനം ക്ഷേത്രം കിണറുകളും കുളങ്ങളും ഉപയോഗിക്കുന്നതിനുള്ള അനുമതി ശുപാർശ ചെയ്തു കൊണ്ട് 1934ൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ ശുപാർശകൾ എല്ലാം ഗവൺമെൻറ് അംഗീകരിച്ചെങ്കിലും അത് നടപ്പിൽ വന്നില്ല ഈ കാലഘട്ടത്തിലെല്ലാം ഹരിജൻ സേവക് സംഘം എന്ന സംഘടന ക്ഷേത്ര പ്രവേശനത്തിനു വേണ്ടി സമരമുഖത്ത് ഉണ്ടായിരുന്ന. അവർ ക്ഷേത്ര പ്രവേശനത്തിന് വേണ്ടി 1936 മേയ് മാസത്തിൽ കേരള ക്ഷേത്രപ്രവേശന സമ്മേളനം എന്ന പേരിൽ ഒരു സമ്മേളനം വിളിച്ചു കൂട്ടുകയും ആ കമ്മിറ്റിക്കാർ രാജാവിനെ നേരിട്ട് കാണുന്നതിനും തീരുമാനിക്കുകയുണ്ടായി. ഇതുകൊണ്ടൊന്നും രാജാവ് കുലുങ്ങിയില്ല .

1936 നവംബർ മാസം മൂന്നാം തീയതി എം ഗോവിന്ദൻ കെജി കൃഷ്ണപിള്ള നീലകണ്ഠപ്പിള്ള വി അച്യുതൻ ജി രാമചന്ദ്രൻ തുടങ്ങിയവർ ഉൾപ്പെട്ട ഒരു പ്രതിനിധിസംഘം 50522 സവർണ്ണഹിന്ദുക്കൾ ഒപ്പിട്ട ഒരു മെമ്മോറാണ്ടം രാജാവിനു സമർപ്പിച്ചു ഗവൺമെൻറ് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും അവർണർക്ക് പ്രവേശനം അനുവദിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു മെമ്മോറാണ്ടം ആയിരുന്നു അത്. അതുതന്നെയായിരുന്നു തിരുവിതാംകൂർ രാജാവിനു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ മെമ്മോറാണ്ടവും .

അങ്ങനെ അവർണരുടെ നിരന്തര സമരങ്ങളും ചെറുത്തുനിൽപ്പുകളും ഒരുവശത്തും പരിഷ്കരണവാദികൾ ആയ സവർണ്ണ ഭൂരിപക്ഷത്തിന്റെ പിന്തുണയും ദീർഘ കാലംകൊണ്ട് നേടിയെടുക്കുകയും ചെയ്തതിനുശേഷമാണ് 1936 നവംബർ 12ന് അദ്ദേഹം ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഏറെ വൈകിവന്ന ഒരു വിളംബരം തന്നെയായിരുന്നു അത്.

വാൽക്കഷ്ണം
ക്ഷേത്ര പ്രവേശനത്തെ കുറിച്ച് 
പഠിക്കാൻ നിയോഗിച്ച 
കമ്മിറ്റിക്ക് മുൻപാകെ 
അവർണ്ണരിൽ നിന്നും ക്ഷേത്രപ്രവേശന 
ആവശ്യമുന്നയിച്ചത്
 വെറും 2% മാത്രമായിരുന്നു. ബാക്കി 
ആരും പ്രതികരിച്ചില്ല. 
എന്നാൽ ആചാര വാദികളായ ശൂദ്രർ 
ബ്രാഹ്മണർ ക്ഷത്രിയർ 
തുടങ്ങിയവരിലുള്ള ധാരാളംപേർ 
എതിരഭിപ്രായം 
രേഖപ്പെടുത്തുകയും ചെയ്തു.


വത്തിക്കാനിലാണെന്‍റെ വിശ്വാസം..ഇക്കരയാണെന്‍റെ ജീവിതം..ചില ഇരട്ടപൗരത്വങ്ങൾ

Spread the love

Leave a Reply