Thursday, January 20

താം ലുവാങ് നാം ഗുഹയില്‍ക്കുടുങ്ങിയ മുഴുവൻ പേരെയും പുറത്തെത്തിച്ചു; ദൗത്യം പൂർണ്ണം

തായ്‌ലാന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ക്കുടുങ്ങിയ കുട്ടികളില്‍ 13 കുട്ടിയെയും പുറത്തെത്തിച്ചു. ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് രാവിലെതന്നെ മുങ്ങല്‍വിദഗ്ധരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മൂന്നാം ദിവസത്തെ അനുകൂല കാലാവസ്ഥ പരാമാവധി മുതലാക്കാനാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചത്. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെങ്കിലും തായ് സൈന്യത്തെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആദ്യ ശ്രമത്തില്‍ നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. 13 വിദേശ സ്‌കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്‌ലാന്‍ഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയത്.

അതേസമയം ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തമാണെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്‌സുക്ക് മാധ്യമങ്ങളെ അറിയിച്ചു. കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ച്ച കുട്ടികൾ നിരീക്ഷണത്തിൽ കഴിയുമെന്നാണ് ഔദ്യോഗികമായുള്ള അറിയിപ്പ്.

ജൂണ്‍ 23-നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്. ഞായറാഴ്ചയാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

Spread the love
Read Also  വാർത്ത കവർ ചെയ്യണോ?, അതോ ഒരു ജീവൻ രക്ഷിക്കണോ? റോയിറ്റേഴ്‌സ് ഫോട്ടോഗ്രാഫർ ചെയ്തത് ....