Tuesday, September 22

തമാശ വെറും തമാശയായി കാണരുത്, ശ്രീലേഷ് എസ് കുമാർ എഴുതുന്നു

തമാശ കണ്ടിറങ്ങി ഫേസ് ബുക്ക് ടൈം ലൈൻ സ്ക്രോൾ ചെയ്തു പോയ വഴിയിൽ ആദ്യം കണ്ടത് ഓൺലൈൻ മീഡിയയിൽ ഒരു മലയാള സിനിമാ നടന്റെ വിവാഹ നിശ്ചയ വാർത്തയാണ്. സിനിമയിലിപ്പോളത്ര സജീവമല്ലാത്ത, ഇടയ്ക്കൊക്കൊരിടയിൽ വിവാദ നായകനായിരുന്ന അയാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായൊരു സംഭവത്തെ, ‘ഹ, ഹ’ റിയാക്ഷൻ കൊണ്ടും, പരിഹാസ കമൻറുകളും കൊണ്ട് മൂടിയിരിക്കുന്നു നമ്മൾ പ്രബുദ്ധ മലയാളികൾ ! അയാളുടേയും ഭാവി വധുവിന്റെയും രൂപത്തിനും, നിറത്തിനും നേരെയായിരുന്നു കമന്റ് ബോക്സിലെ കൊഞ്ഞണം കുത്തുകളിലധികവും..

സൈബറിടത്തിൽ എതിരഭിപ്രായം പറയുന്നവരെയൊക്കെ കൂട്ട ആക്രമണം നടത്തി ജോലി ചെയ്യുന്നിടങ്ങളിൽ നിന്ന് പോലും പുറത്താക്കുന്ന കാലത്ത്, ജീവിതത്തിലിന്നേ വരെ കണ്ടിട്ടും, കേട്ടിട്ടുമില്ലാത്ത മനുഷ്യരുടെ ഫേസ് ബുക്ക് വാളിൽ അശ്ലീലമെഴുതിയും തെറിവിളിച്ചും ആത്മനിർവൃതിയടയുന്ന സാക്ഷര സമൂഹത്തിന് മുന്നിൽ നേരം തെറ്റാതെ പുറത്തിറങ്ങിയ ചിത്രമാണ് തമാശ. തമാശ ലളിതമായി പറഞ്ഞു വെയ്ക്കുന്നത് അതിഗൗരവകരമായി, ചർച്ച ചെയ്യപ്പെടേണ്ട ഇതേ വിഷയങ്ങളൊക്കെ തന്നെയാണ്.

ലളിതമായി, ഒഴുക്കോടെ കഥ പറയുന്ന ഒരു മനോഹര ചിത്രമാണ് തമാശ. വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന ശ്രീനി എന്ന മുപ്പതുകാരനായ കോളേജ് അദ്ധ്യാപകന്റെ മനോവ്യാപാരത്തിലൂടെയാണ് ‘തമാശ’ കഥ പറഞ്ഞ് പോകുന്നത്. ശ്രീനിയുടെ തലയിൽ ഇല്ലാതെ പോയ മുടിയെപ്പറ്റി ശ്രീനിയെക്കാളധികം ബേജാർ ചുറ്റുമുള്ളവർക്കുണ്ടാകുന്നയിടത്താണ് കഥ വികസിക്കുന്നത്. സ്ക്രീനിലിന്നോളം കണ്ട് പരിചിതനായ വിനയ് ഫോർട്ട് ചിത്രത്തിലേയില്ല. കൊച്ചിക്കാരൻ വിനയ് ഫോർട്ട് അടിമുടി പൊന്നാനിക്കാരൻ ശ്രീനി സാറായി മാറി. വിനയ് ഫോർട്ടിന്റെ കരിയറിനെ തമാശയ്ക്ക് മുന്നേയും പിന്നേയുമെന്ന് അടയാളപ്പെടുത്തേണ്ടി വരുമെന്ന് കരുതാം..

Image result for thamasha malayalam movie cast

മുടിയില്ലായ്മ ഒരു അപകർഷത ബോധമായി കൊണ്ടു നടക്കുന്ന ശ്രീനി തന്നെ ഇടയിൽ പരിചയപ്പെടേണ്ടി വരുന്ന പെൺകുട്ടിയെ തടിച്ചിട്ടൊരു കുട്ടിയെന്ന് വിശേഷിപ്പിക്കുന്നുണ്ട്. നമ്മളുടേതല്ലാത്ത മറ്റെല്ലാവരുടെയും ഉയരക്കുറവും, തടിയും, മുടിയില്ലായ്മയുമൊക്കെ ഇപ്പോഴും നമ്മളറിയാതെ നമുക്കിടയിൽ തമാശയായി ആഘോഷിക്കപ്പെടുന്നതെങ്ങനെയെന്ന് പരോക്ഷമായി പറഞ്ഞു വെയ്ക്കുന്നുണ്ട്.

സ്വന്തം തിരക്കഥയിൽ അഷ്റഫ് ഹംസ നന്നായി ഗൃഹപാഠം ചെയ്തെടുത്ത സിനിമയാണ് തമാശ എന്ന് തോന്നിപ്പോകും. നിർമ്മാതാക്കളിലൊരാളായ സമീർ താഹിറിന്റെ മികവുറ്റ ചായാഗ്രഹണവും, റെക്സ് വിജയൻ, ഷെഹബാസ് അമൻ പാട്ടുകളും, പശ്ചാത്തല സംഗീതവുമെല്ലാം തമാശയെ നല്ലൊരു സിനിമാ അനുഭവമാക്കുന്നുണ്ട്.

സംഘർഷങ്ങളും, കയറ്റിറക്കങ്ങളുമൊന്നുമില്ലാതെ ഏതാണ്ടൊരേ മൂഡിലാണ് കഥ പറച്ചിൽ മുഴുവൻ. കഥ പറച്ചിലിൽ അത്ര കണ്ട് പരമ്പരാഗതമല്ലാത്ത, പാളിപ്പോയാൽ മുഷിപ്പിക്കാനൊരുപാട് സാദ്ധ്യതയുണ്ടായിരുന്ന ഈ രീതി അവലംബിച്ചിട്ടും പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് എഡിറ്റിംഗ് മികവും, അഭിനേതാക്കളുടെ ഉഗ്രൻ പ്രകടനവുമാണെന്ന് നിസ്സംശയം പറയാം. ശ്രീനിയുടേയും, ശ്രീനിയുടെ സുഹൃത്തായ റഹീമിന്റെയും, നായികയായ ചിന്നുവിന്റേതുമുൾപ്പടെ സ്ക്രീനിൽ വന്ന് പോയ ചെറുതും, വലുതുമായ ഏതാണ്ടെല്ലാ കഥാപാത്രങ്ങളുടേതും മികച്ച പ്രകടനമായിരുന്നു. ഇതേ കാരണങ്ങളാൽ തന്നെയാണ് അഷ്റഫ് ഹംസ നന്നായി ഗൃഹപാഠം ചെയ്തെടുത്ത സിനിമയാണ് തമാശ എന്ന് തോന്നിപ്പോകുന്നത് !

Read Also  സജീവ് പിളള പുറത്തായതും ഷെയ്ൻ നിഗം അകത്താവുന്നതിൻ്റെയും രാഷ്ട്രീയം ; പി കെ സി പവിത്രൻ എഴുതുന്നു

ബോഡി ഷെയ്മിങ്ങും, സൈബർ ആക്രമണവുമുൾപ്പടെയുള്ള പ്രസക്തമായ, അത്രകണ്ട് സാധാരണമായി മലയാള സിനിമ അഭിസംബോധന ചെയ്തുകണ്ടിട്ടില്ലാത്ത വിഷയങ്ങളെ തമാശയെന്ന പേരിൽ അവതരിപ്പിക്കുമ്പോഴും വിനോദ വാണിജ്യ സിനിമ ആവശ്യപ്പെടുന്ന ചേരുവകളിലൊന്നും കുറവനുഭവപ്പെടില്ല. മുടിയില്ലാത്ത നായകനും, തടിയുള്ള നായികയും. ഇന്നോളം ആഘോഷിച്ച് പോന്ന സൗന്ദര്യ സങ്കൽപ്പങ്ങളൊക്കെ വെട്ടിപ്പൊളിച്ച് മലയാള സിനിമ പുറത്ത് വന്നു കഴിഞ്ഞു. ടിക്കറ്റെടുത്ത് പടമോടിക്കേണ്ടതിനി നമ്മളാണ്. ഷൈജു ഖാലിദ്, ചെമ്പൻ വിനോദ്, ലിജോ ജോസ് പല്ലിശ്ശേരി, സമീർ താഹിർ.അതല്ലെങ്കിലും ‘തമാശ’യ്ക്ക് ധൈര്യമായി ടിക്കറ്റെടുക്കാൻ കാശിറക്കിയ ഈ നാല് പേരുകൾ തന്നെ ധാരാളമാണല്ലോ !

Spread the love

Leave a Reply