Wednesday, January 27

തമ്പി – എൽ.തോമസ്കുട്ടിയുടെ കവിതാലോകത്തെക്കുറിച്ച്

കവണി

തമ്പി
– എൽ.തോമസ്കുട്ടിയുടെ കവിതാലോകത്തെക്കുറിച്ച്

എൽ.തോമസ്കുട്ടി എഴുതിയ ‘തമ്പി’ എന്ന കവിത വായിച്ച് വിഷാദത്തിലാഴവേ ഈ കവി എഴുതിയ പഴയ ഒരു കവിത ഓർമ്മ വന്നു. സി.വി വിജയം എന്ന കവിത. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ് ആരംഭത്തിലാണ് സി.വി വിജയം പ്രസിദ്ധീകരിക്കപ്പെട്ടത്.
മലയാള കവിതയിൽ ആധുനികതയൊക്കെ അവസാനിച്ചു എന്ന് ആധുനിക കവിതകൾ തന്നെ തീർപ്പ് കല്പിച്ച സന്ദർഭമായിരുന്നു അത്. തൊണ്ണൂറുകളോട് ഇവിടെ വിമർശനം എന്ന സാഹിത്യ ശാഖ ഊർധശ്വാസം വലിച്ചു തുടങ്ങി. പഴയ തലമുറയിലെ ചില വിമർശകർ കാല്പനികതയുടെയും ആധുനികതയുടെയും മാനദണ്ഡങ്ങൾ ഉപയോഗിച്ച് ഉത്തരാധുനികതയെക്കുറിച്ചെഴുതാൻ ശ്രമിച്ചിരുന്നു. എന്നാൽ അവരുടെ സാഹിത്യ ഭാവുകത്വവുമായി തീരെ ഇണങ്ങാത്ത പുതിയ സാഹിത്യം കണ്ട് പലരും അണിയറയിലേക്ക് മറഞ്ഞ് വിമർശന അരങ്ങിനെ ആളൊഴിഞ്ഞതാക്കി.
മുതിർന്ന ചില ആധുനികകവികൾ ഉത്തരാധുനിക കവികളുടെ രക്ഷാധികാരികളായി വരുന്നത് ഈ വേളയിലാണ്. അനേകം യുവകവികൾ ആധുനികരിൽ നിന്ന് വ്യത്യസ്തമായി എഴുതുന്നുണ്ട്. യുവകവിതക്കൂട്ടങ്ങളെ കെ.എം.വേണുഗോപാൽ അവതരിപ്പിക്കുന്നുണ്ട്. എങ്കിലും കവികൾ പത്ത് അല്ലെങ്കിൽ പന്ത്രണ്ട് മതി എന്ന് നിശ്ചയിക്കപ്പെട്ട മാതിരി ചില കാവ്യ സമ്പുടങ്ങൾ അക്കാലത്ത് പ്രത്യക്ഷപ്പെട്ടു. അതിൽ കണ്ട പല കവിതകളും പക്ഷേ കാല്പനികതയുടെ നേർപ്പിച്ച ആവിഷ്കാരങ്ങളായിരുന്നു. മാമ്പഴത്തെയും മാവിനെയും ചുറ്റി പതുക്കെ കറങ്ങുന്നതാണ് ഉത്തരാധുനിക കവിത എന്ന് തെറ്റുധരിച്ച ഒരു പാട് സാറൻമാര് ഇവിടെ രൂപം കൊണ്ടു.
ഉത്തരാധുനികതയെക്കുറിച്ചുള്ള പാശ്ചാത്യ സിദ്ധാന്തങ്ങളെ കോപ്പി പേസ്റ്റ് ചെയ്യാൻ ശ്രമിച്ച പുതിയകാല നിരൂപകർ മലയാള വിമർശനത്തെ ഇറക്കിക്കിടത്തി ഉദകക്രിയ ചെയ്തവരാണ്. ഏതെങ്കിലും ഒരു ഇംഗ്ലീഷ് സൈദ്ധാന്തിക പുസ്തകത്തെ കോപ്പി പേസ്റ്റ് ചെയ്താൽ വായനക്കാർക്ക് എന്തെങ്കിലും മനസ്സിലായേനേം. പക്ഷേ പല പല പുസ്തകങ്ങളിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്ത് കൂട്ടി ചേർത്തതോട് എഴുതിയവർക്കും ഒന്നും മനസ്സിലായില്ല. വായിച്ചവർക്കും ഒന്നും മനസ്സിലായില്ല. ലളിതമായി രാഷ്ട്രീയ പ്രസംഗങ്ങൾ നടത്താൻ ചതുരരായ ഇവർ സാഹിത്യ നിരൂപണങ്ങൾ എഴുതിയപ്പോൾ ഒരു മാതിരിപ്പെട്ടവർക്കൊന്നും മനസ്സിലാക്കാനായില്ല.
എൽ.തോമസ്കുട്ടി എഴുതിയ സി.വി വിജയത്തിൻ്റെ വേറിട്ട കാവ്യനില രക്ഷാധികാരികൾക്ക് പിടി കിട്ടാതിരുന്നതു കാരണം അതിലെ ഉത്തരാധുനിക ഭാവുകത്വം നിശബ്ദരായ കാവ്യാസ്വാദകർമാത്രം ഉൾക്കൊണ്ടു. ആ കവിതയിൽ നിരവധി കളികൾ കവി നടത്തുന്നുണ്ട്. പുതിയ എഴുത്തു വഴക്കവും ചൊൽ വഴക്കവും പരീക്ഷിക്കപ്പെടുന്ന കവിതയാണ് സി.വി.വിജയം.
സി.വി വിജയം പോലുള്ള കവിതകൾ പുനർ വായിക്കപ്പെടേണ്ട കാലമായിരിക്കുന്നു. വിമർശനത്തെ അടക്കിയ ചുടലയിൽ വെച്ച തെങ്ങ് കായിച്ചു തുടങ്ങിയതിനാൽ ആ ചുമതല കാവ്യാസ്വാദകർ തന്നെ ഏറ്റെടുക്കണം. ഒരു വൈറസു കേറി സകല ശാസ്ത്ര നേട്ടങ്ങളെയും കൊഞ്ഞനം കുത്തി കാണിക്കുന്നു. ശാസ്ത്രം ഉണ്ടാക്കുന്ന പുതിയ വാക്സിൻ വന്നിട്ട് വൈറ നെ ഓടിക്കുന്നതു നോക്കി സകലരെയും വീട്ടിൽ പൂട്ടിയിട്ടിരിക്കുന്നു. അഴിച്ചുവിടുമ്പോഴാകട്ടെ മുഖമറയിൽ തുടങ്ങി അയിത്തത്തിൻ്റെ നാനാവിധച്ചട്ടങ്ങൾ.
കമ്പ്യൂട്ടർ തല്ലിപ്പൊട്ടിക്കാൻ നടന്നവർ കമ്പ്യൂട്ടറിൻ്റെ ആരാധകരായി. വൈറസിൻ്റെ വിളയാട്ടത്തെ പ്രതിരോധിക്കാൻ ജ്ഞാനാർജ്ജനത്തിൻ്റെ ചങ്ങല മുറിയാതിരിക്കാൻ ഓൺലൈൻ വിജ്ഞാന വിതരണങ്ങൾ നടക്കുന്നു. വാട്സ് ആപ്പിലൂടെ ഭീകരപ്രവർത്തനം ‘ നടക്കുമെന്ന് കരുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോർക്കുമല്ലോ. ഇപ്പോൾ പള്ളിക്കൂടം പിള്ളാരും അധ്യാപകരും രക്ഷാകർത്താക്കളും കൂടി വാട്സ്ആപ്പിൽ പഠനം നടത്തി സുശിക്ഷിതരാകുന്നു. അരിയില്ലാഞ്ഞിട്ട് എന്ന കവിതയുടെ സ്ഥാനത്ത് ഡേറ്റയില്ലാഞ്ഞിട്ട് എന്ന തനി റിയലിസ്റ്റിക് കവിത എഴുതാൻ സമൂഹം പാകമായിരിക്കുന്നു.
സി വി വിജയത്തിൽ കമ്പ്യൂട്ടർ വൈറസിനെക്കുറിച്ച് പറയുന്നുണ്ട്. പൗരത്വ വിഷയം വരുന്നുണ്ട്. വർഗ്ഗീയ ഫണങ്ങൾ വിടരുന്നതിൻ്റെ സൂചനയുണ്ട്. സമീപ ഭാവിയിൽ സംഭവിക്കുന്ന സത്യാനന്തര കാലത്തെക്കുറിച്ചുള്ള ദർശനമുണ്ട്.

Read Also  കമുകിൻപാളയിൽ വർണ്ണവിസ്മയം തീർത്ത കടപ്ര ഗോപാലകൃഷ്ണനാശാൻ.

എൽ.തോമസ്കുട്ടി ഇപ്പോഴും കവിതയിൽ സജീവമാണ്. ‘തമ്പി’ തോമസ്കുട്ടിയുടെ ആദ്യകാല കവിതയിൽ നിന്ന് ഏറെ അകന്നു നിൽക്കുന്നു. ഉടലും ഉടപ്പിറപ്പുമായിരുന്ന അണ്ണനെ ആഴത്തിൽ അടയാളപ്പെടുത്തുന്നു. ‘ഒരേ ജലത്തിൽ പുലർന്ന പകരമേയില്ലാത്ത പൊക്കിൾക്കൊടി.’
‘ പക്ഷിത്തൂക്കം ജീവൻ എനിക്കായി തുലാസിൽ പകുത്തു വെച്ച ശിബി ബാബുവണ്ണൻ ‘

Spread the love