Wednesday, June 23

ആദിവാസി ജനത അമ്പും വില്ലുമെടുത്ത് പോരാടിയ സാന്താൾ വിപ്ലവം

ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന 1857-ലെ സമരത്തിന് മുൻപ് തദ്ദേശീയമായ നൂറുകണക്കിന് ചെറുത്തുനിൽപ്പുകൾ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നാട്ടുരാജ്യങ്ങളായി ചിതറി കിടന്നിരുന്ന ഇന്ത്യയുടെ പലഭാഗത്തു നിന്നും ഉണ്ടായിരുന്നു. അംഗീകൃത ചരിത്ര ആഖ്യാതാക്കൾ വേണ്ടത്ര പ്രാധാന്യം നൽകാതെ തിരസ്ക്കരിച്ച ധാരാളം സമരങ്ങൾ ഇന്ത്യയിലുണ്ടായിട്ടുണ്ട്. പാഠപുസ്തകങ്ങളിൽ നിന്നുൾപ്പെടെ വിസ്മരിക്കപ്പെട്ട അത്തരം ചരിത്ര സമരങ്ങളിലൊന്നാണ് 1855 ജൂൺ 30-നു ആരംഭിച്ച ആദിവാസി ജനതയുടെ ചെറുത്തുനിൽപ്പായ സാന്താൾ വിപ്ലവം. 164മത് സാന്താൾ വിപ്ലവത്തിന്റെ വാർഷികത്തിലൂടെയാണ് നാമിപ്പോൾ കടന്നു പോകുന്നത്. ആദിവാസി ജനതയെ സംരക്ഷിക്കാനെന്ന പേരിൽ ഇറങ്ങിയിരിക്കുന്നവർ ആദ്യം ഇന്ത്യൻ ആദിവാസി സമൂഹത്തെയും അവരുടെ ചെറുത്തു നിൽപ്പുകളെയും പഠിക്കുക എന്നതാണ് ചെയ്യേണ്ടത്. മറ്റാരുടെയും സംരക്ഷണം അവർക്ക് ആവശ്യമില്ലെന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇന്ത്യൻ ആദിവാസി ജനത തെളിയിച്ചതാണ്. 

ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളിലായി നിലകൊള്ളുന്ന രാജ്മഹല്‍ കുന്നുകളുടെ താഴ്വരയിലായിരുന്നു ഗോത്രവര്‍ഗമായ സാന്താളുകള്‍ താമസിച്ചുപോന്നത്. കൃഷിചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചും ജീവിച്ചുപോന്ന ഈ അടിസ്ഥാനവര്‍ഗത്തെ ഇംഗ്ലീഷ് മേധാവിത്വവും ജമീന്ദാര്‍മാരുടെ ചൂഷണവും കലാപകാരികളാക്കി. പ്രകൃതിയോടിണങ്ങി ജീവിച്ച അവരുടെ പ്രദേശം മുഴുവന്‍ ഇംഗ്ലീഷ് കമ്പനി കൈയടക്കിയതോടെയാണ് വിപ്ലവമല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന തിരിച്ചറിവിൽ ആദിവാസി ജനത എത്തിയത്. ഒരു വശത്ത് അമ്പും വില്ലും ഉപയോഗിച്ച് സാന്താൾ ആദിവാസികൾ പോരിനിറങ്ങുമ്പോൾ മറുവശത്ത് ആധുനിക ഉപകരണങ്ങളുമായി ബ്രിട്ടീഷ് സൈന്യവും അവരുടെ ഏജന്റുമാരായ സമീന്ദാറുകളും രംഗത്തുണ്ടായിരുന്നു.

രണ്ടു നൂറ്റാണ്ടു മുൻപ് തന്നെ ആദിവാസി ജനത തങ്ങളുടെ വനവകാശത്തെയും തങ്ങളുടെ ഭൂമിയെക്കുറിച്ചും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ബോധ്യമുള്ളവരായിരുന്നു. തങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളെ ചെറുത്തു തോൽപ്പിക്കുക എന്നത് അവരുടെ നിലനിൽപ്പിനു അത്യന്താപേക്ഷിതവുമായിരുന്നു. ബംഗാൾ, ബീഹാർ, ഒറീസ്സ എന്നിവിടങ്ങളിലെ സാന്താൾ മലനിരയിൽ വസിക്കുന്ന ഇവരെ ആകെ വിളിക്കുന്ന പേരാണ് സാന്താൾ എന്നത്. സാന്താൾ ഭാഷ ഇവർ കൈകാര്യം ചെയ്തിരുന്നു. ബ്രിട്ടീഷ് ഭരണകൂടവും സമീന്ദാറുകളും തങ്ങൾക്ക് നേരെ നടത്തുന്ന ചൂഷണം ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോഴാണ് സാന്താൾ ജനവിഭാഗം സംഘടിക്കാൻ തുടങ്ങിയത്.

ബ്രിട്ടീഷ് ഭരണം കൊണ്ടുവന്ന പുതിയ വന നിയമം സാന്താൾ വിഭാഗക്കാരുടെ ജീവിതത്തെ തകർക്കുന്നതായിരുന്നു. വനത്തെ ആശ്രയിച്ചു ജീവിക്കുന്ന സാന്താൾ വിഭാഗക്കാർക്ക് വനത്തിലേക്ക് പ്രവേശനം നിഷേധിക്കുന്നതുൾപ്പടെയായിരുന്നു പുതിയ വന നിയമത്തിലൂടെ സർക്കാർ നടപ്പിലാക്കിയത്. വന നിയമത്തിന്റെ മറവിൽ പ്രകൃതി ചൂഷണമായിരുന്നു നടന്നിരുന്നത്. വനത്തിൽനിന്ന് നിരന്തരം മരങ്ങൾ മുറിച്ചു കടത്തിയും ഗോത്ര വിഭാഗങ്ങൾ ശേഖരിക്കുന്ന വനവിഭവങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തിയും സാന്താൾ വിഭാഗക്കാരെ ബ്രിട്ടീഷ് ഭരണം വീർപ്പുമുട്ടിച്ചു. പ്രകൃതിയോടിണങ്ങി ജീവിച്ച അവരുടെ പ്രദേശം മുഴുവന്‍ ഇംഗ്ലീഷ് കമ്പനി കൈയടക്കിയതോടെ കാടുകള്‍ കലാപ ഭൂമിയായി.

സാന്താൾ വിപ്ലവ പോരാട്ട ചിത്രം – www.columbia.edu

1757-ൽ നടന്ന പ്ലാസ്സി യുദ്ധത്തിനുശേഷം ബംഗാളിന്റെ നിയന്ത്രണം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്വന്തമാക്കി. സാന്താൾ ജനവിഭാഗം വസിച്ചിരുന്ന ഒരു വലിയ ഭൂപ്രദേശവും ഇതോടെ കമ്പനിയുടെ നിയന്ത്രണത്തിലായി. വലിയ താമസമില്ലാതെ തന്നെ ചണം, പോപ്പി, ഇൻഡിഗോ തുടങ്ങിയ നാണ്യവിളകൾ വളർത്തുന്നതിനായി ബ്രിട്ടീഷുകാർ കാടുകൾ വെട്ടിമാറ്റാൻ തുടങ്ങി. 1793 ൽ കോൺ‌വാലിസ് പ്രഭു പ്രസിദ്ധമായ ‘സ്ഥിരമായ സെറ്റിൽമെന്റ്’ അല്ലെങ്കിൽ സമീന്ദാരി സമ്പ്രദായം അവതരിപ്പിച്ചതിനെ തുടർന്നാണിത്. ബ്രിട്ടീഷ് ഗവൺമെന്റിന് ഒരു നിശ്ചിത വരുമാനം നൽകുന്നിടത്തോളം കാലം ഭൂവുടമകൾക്ക് ഭൂമിയുടെ മേൽ ശാശ്വതവും പാരമ്പര്യവുമായ അവകാശങ്ങൾ ഉണ്ടായിരിക്കുമെന്ന് ഈ ‘സെറ്റിൽമെന്റിന്’ കീഴിൽ ധാരണയായി.

Read Also  ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിപക്ഷ കക്ഷികളുടെ ഭാരത് ബന്ദ്

സമീന്ദാർ എന്ന ഭൂവുടമകളെ ബ്രിട്ടീഷുകാർ നിർമ്മിച്ചെടുക്കുകയായിരുന്നു. ബ്രീട്ടീഷ് ഭരണകൂടം മുന്നോട്ട് വെയ്ക്കുന്ന നിബന്ധനകൾ പാലിക്കുന്ന സമീന്ദാറുകൾക്ക്‌ വൻ തോതിൽ ഭൂമി ലേലം ചെയ്തു നൽകി. ഈ ഭൂമിയിൽ നിന്ന് വേണ്ടത്ര വരുമാനം ലഭിച്ചെങ്കിൽ മാത്രമാണ് ബ്രിട്ടീഷുകാർക്ക് നിശ്ചിത തുക നൽകുവാൻ സമീന്ദാർമാർക്ക് സാധിക്കുകയുള്ളൂ. ഇതോടെ ഇവർ സാന്താൾ വിഭാഗത്തെ ചൂഷണം ചെയ്യാൻ തുടങ്ങുകയും ബ്രിട്ടീഷുകാർക്ക് നൽകുന്ന തുകയ്ക്ക് പുറമെ തങ്ങളുടെ ലാഭവും വർധിപ്പിക്കുന്നതിന് വേണ്ടി സമീന്ദാർ വിഭാഗം സാന്താൾ വിഭാഗക്കാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സ്വന്തമായ ഗോത്ര ആചാരങ്ങളും അനുഷ്ടാനങ്ങളും ജീവിത ശൈലിയുമുണ്ടായിരുന്ന സാന്താൾ വിഭാഗത്തെ വയലുകളിൽ പണിയെടുപ്പിക്കുന്ന കൂലിപ്പണിക്കാർ മാത്രമാക്കി ചുരുക്കുകയായിരുന്നു. സാന്താൾ വിഭാഗത്തിന് തങ്ങളുടെ ഭൂമിയിലുള്ള സകല അവകാശങ്ങളും ഇതോടെ നഷ്ടമായി.

ബാർട്ടർ സമ്പ്രദായം പിന്തുടർന്നിരുന്ന സാന്താൾസ് വിഭാഗം സമീന്ദാർമാർക്ക് പക്ഷെ പണം നൽകേണ്ടതുണ്ടായിരുന്നു. ഇതോടെ പണം പുറത്തു നിന്ന് പലിശയ്ക്ക് കടം എടുക്കേണ്ട അവസ്ഥയിൽ സാന്താൾസ് വിഭാഗം എത്തിച്ചേരുകയും കൃത്യമായ തവണകൾ മുടങ്ങുന്നത് സാന്താൾസ് വിഭാഗത്തിനെ അധിക്ഷേപിക്കാനുള്ള അവസരമായി പണം നൽകുന്നവർ എടുക്കുകയും ചെയ്തതോടെ സാന്താൾസ് വിഭാഗം കടുത്ത അമർഷത്തിലേയ്ക്ക് നീങ്ങി. സമീന്ദാർമാരുടെയും ബ്രിട്ടീഷുകാരുടെയും ചൂഷണം സാന്താൾ വിഭാഗത്തെ അമ്പും വില്ലും എടുത്ത് പോരാടാൻ നിർബന്ധിതരാക്കി. വിമോചനത്തിനുള്ള സമരം എന്നർത്ഥം വരുന്ന ഹൂൾ എന്നാണു സാന്താൾ ജനതയുടെ സമരത്തെ വിളിച്ചിരുന്നത്.

സാന്താൾ വിപ്ലവ പോരാട്ട ചിത്രം – വിക്കിപീഡിയ

മുർമു വംശത്തിലെ നാല് സഹോദരന്മാരായ സിദ്ധു, കൻഹു, ചാന്ദ്, ഭൈരവ്, അവരുടെ രണ്ട് സഹോദരിമാരായ ഫൂലോ, ജാനോ എന്നിവരാണ് വിപ്ലവത്തിന് നേതൃത്വം നൽകിയത്. സന്താലി പുരോഹിതരുടെ ഒരു വംശത്തിൽ ജനിച്ച അവർ ജാർഖണ്ഡിലെ സാഹിബ് ഗഞ്ച് ജില്ലയിലെ ബോഗ്നാഡി ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. സായുധ കലാപത്തിലൂടെ മാത്രമേ അടിച്ചമർത്തലിനെ അട്ടിമറിക്കാൻ കഴിയൂ എന്ന ദിവ്യ വെളിപ്പെടുത്തൽ തനിക്കുണ്ടെന്ന് 1855 ജൂണിൽ ഒരു ദിവസം സിദ്ധു മുർമു അവകാശപ്പെട്ടു. രഹസ്യ ആശയവിനിമയത്തിന്റെ ഭാഗമായി സഹോദരന്മാർ സാന്താൾ ദേശങ്ങളിലുടനീളം സാന്താൾ ശാഖകളുമായി ദൂതന്മാരെ അയച്ചു.

1855 ജൂലൈ 7-ന് ഭോഗ്‌നാദി ഗ്രാമത്തിലെ ഒരു വയലിൽ ധാരാളം സാന്താളുകൾ ഒത്തുകൂടി. ബ്രിട്ടീഷുകാർക്കും അവരുടെ ഏജന്റുമാർക്കും എതിരെ അവസാന ശ്വാസം വരെ പോരാടാൻ അവർ സ്വയം സന്നദ്ധരാണെന്നു സിദ്ധു മുർമുവിന്റെയും കൻഹു മുർമുവിന്റെയും നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

ബന്ധപ്പെട്ട ചിത്രം

ഇത് വളരെ വേഗത്തിൽ തന്നെ ബ്രിട്ടീഷ് ഭരണകൂടം അറിഞ്ഞിരുന്നു. സാന്താൾ വിഭാഗം സംഘടിച്ചതിനെതിരെ അലാറം മുഴക്കി സിദ്ധു മുർമുവിനെയും കൻഹു മുർമുവിനെയും അറസ്റ്റ് ചെയ്യാൻ ഒരു പോലീസ് ഉദ്യോഗസ്ഥനെ ബ്രിട്ടീഷ് ഭരണകൂടം ചുമതലപ്പെടുത്തി അയക്കുകയും ചെയ്തു. സാന്താളുകളുടെ അടുത്ത് അധികാരഭാവത്തോടെയും അക്രമാസക്തമായും പ്രതികരിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥനെയും കൂട്ടാളികളെയും സാന്താൾ വിഭാഗം കൊലപ്പെടുത്തി. തുടർന്നാണ് ബ്രിട്ടീഷ് സൈന്യവും സാന്താളുകളും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്നതിലേയ്ക്ക് കാര്യങ്ങൾ എത്തുന്നത്. പണമിടപാടുകാരെയും സമീന്ദാർമാരെയും തങ്ങളുടെ സ്ഥലത്തുനിന്നു പുറത്താക്കാൻ തീരുമാനിച്ച സാന്താൾ വിഭാഗം ആക്രമണം നടത്തുകയും ഇരുവിഭാഗത്തു നിന്നും ധാരാളം ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്തു. സാന്താൾ വിഭാഗത്തിന്റെ ആക്രമണത്തിൽ പകച്ചുപോയ പ്രാദേശിക ബ്രിട്ടീഷ് ഭരണാധികാരികൾ തങ്ങളുടെ ജീവൻ രക്ഷിക്കാനായി പാകൂർ പട്ടണമായ സാന്താൾ പർഗാനയിലെ കോട്ടയിൽ അഭയം പ്രാപിക്കുകയും ചെയ്തു.

Read Also  യു എൻ മനുഷ്യാവകാശ ലംഘനവുമായി ഇന്റർ നെറ്റ് ഷട്ട് ഡൗണുകൾ നടത്തി ഡിജിറ്റൽ ഇന്ത്യ 2019

പ്രാദേശിക ആയുധങ്ങൾ കൊണ്ട് പോരാടുന്ന സാന്താളുകളെ തോക്കുൾപ്പടെയുള്ള ആധുനിക ആയുധങ്ങളുമായി ആക്രമിക്കാൻ പൊതുവെ ബ്രിട്ടീഷ് സൈന്യത്തിന് എളുപ്പമായിരുന്നു. ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിൽ ഏകദേശം 15,000 മുതൽ 20,000 വരെ സാന്താൾ വിഭാഗക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സിദ്ധു, കൻഹു തുടങ്ങിയ സഹോദരന്മാർക്ക് ഗുരുതര പരിക്കുകൾ പറ്റുകയും ചെയ്തു. 1856-ൽ കലാപത്തെ കമ്പനി അടിച്ചമർത്തിയെങ്കിലും അതിന്റെ അലയൊലികൾ 1857- വരെ തുടർന്നു.

santhal rebellion എന്നതിനുള്ള ചിത്രം

വിപ്ലവത്തിൽ ബ്രിട്ടീഷുകാർ വിജയിച്ചെങ്കിലും അവരുടെ പ്രവർത്തികളെ പുനർ ചിന്തിക്കുവാൻ ഇത് ഇടയാക്കി. കൊളോണിയൽ ചൂഷണത്തിൽ നിന്ന് ഗോത്രവർഗക്കാർക്ക് സംരക്ഷണം നൽകുന്ന സന്തൽ പരാഗനാസ് ടെനൻസി ആക്റ്റ് ഇതോടെ നിലവിൽ വന്നു. കൂടാതെ ഗോത്രങ്ങളിൽ നിന്ന് പോലീസ് സേനയെ പിൻവലിക്കുകയും സമാധാനവും ക്രമസമാധാനവും കാത്തുസൂക്ഷിക്കാനുള്ള ചുമതല ഗ്രാമീണ മേധാവിയെ ഏൽപ്പിക്കുകയും ചെയ്തു.

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിതമായിട്ടു 70 വർഷങ്ങൾ പിന്നിട്ടിട്ടും സാന്താൾ വിഭാഗത്തിന്റെ അവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ഭരണകൂടങ്ങൾക്കെതിരെ ഇപ്പോഴും സാന്താൾ വിഭാഗം അതിജീവന പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ അധികാരം തങ്ങളുടെ പക്കൽ നിന്നും എടുത്തു മാറ്റിയതിലും തങ്ങളുടെ അവകാശങ്ങൾ നഷ്ടപെടുന്നതിലും സാന്താൾ വിഭാഗം അസന്തുഷ്ടിതരാണ്. ചാരു മജുംദാർ, കനു സന്യാൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നക്സൽ പ്രസ്ഥാനം രൂപപെടുന്നതിലേയ്ക്ക് വരെ നയിച്ചത് ഭരണകൂടം സാന്താൾ വിഭാഗത്തോട് കാണിക്കുന്ന വിവേചനമാണ്. പിൽക്കാലത്ത് നക്സലൈറ്റ് പ്രസ്ഥാനം തങ്ങളുടെ തുടക്കകാലത്ത് നിന്ന് വ്യത്യസ്തമായി പുറത്തു നിന്നും പണം സ്വരൂപിക്കുകയും ആശയങ്ങളെ മറന്നു രാഷ്ട്രീയ പാതകൾ പിൻപറ്റുകയും ചെയ്തുവെങ്കിലും 1855-ലെ സായുധ വിപ്ലവം ഇപ്പോഴും ജ്വലിക്കുന്ന അധ്യായമായി നിലനിൽക്കുന്നു.

ഇന്ത്യയുടെ ഹൃദയത്തെ പൊള്ളിച്ച ചുവപ്പ് ഇടനാഴി എന്നറിയപ്പെടുന്ന ആയിരകണക്കിന് രക്തസാക്ഷികളെ സൃഷ്ടിച്ച സാന്താൾ വിപ്ലവം വർഷങ്ങൾക്കിപ്പുറവും ഇന്നും ഒരോർമ്മപെടുത്തലാണ്.

1885-ലെ സാന്താൾ വിപ്ലവം ‘മൃഗയ’ എന്ന പേരിൽ 1970-ൽ മൃണാൾ സെൻ മനോഹരമായ ചലച്ചിത്രമാക്കി മാറ്റിയിട്ടുണ്ട്. 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply