Sunday, January 16

ഹൈറേഞ്ചിലെ അതിശൈത്യം നാണ്യവിളകളുടെ നിലനില്‍പ്പിന് ഭീഷണിയാവുന്നു

ഹൈറേഞ്ചിലെ അതിശൈത്യം നാണ്യവിളകളെ സാരമായി ബാധിക്കുന്നു. മഞ്ഞുവീഴ്ചയും പകല്‍ സമയത്തെ വെയിലും കനത്തതോടെ കാര്‍ഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്. കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഏലം, കാപ്പി ,കുരുമുളക് തുടങ്ങിയ നാണ്യവിളകള്‍ക്കാണ്. കൃഷികളുടെ വിളവിനെ തന്നെ പ്രതികൂലമായി ബാധിച്ച് തുടങ്ങിയിട്ടുണ്ട്. പുലര്‍ച്ചയുണ്ടാവുന്ന മഞ്ഞുവീഴ്ചയും പകല്‍ സമയത്തെ ചൂടും ശക്തമാവുന്നതോടെ കൊളുന്തിന്റെ ഇലകള്‍ രണ്ടായി വിണ്ടു കീറുകയാണ്.

ഇതോടെ വന്‍കിട ഫാക്ടറികള്‍ ചെറുകിട കര്‍ഷരില്‍നിന്നും പച്ചക്കൊളുന്ത് വാങ്ങുന്നില്ല. വാങ്ങാനാളില്ലാത്തതിനാല്‍ വിളവെടുത്ത കൊളുന്ത് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പ്രദേശത്തെ കര്‍ഷകര്‍. രണ്ടായിരത്തിലധികം ചെറുകിട തേയില കര്‍ഷകരാണ് ജില്ലയിലുള്ളത്. പച്ചക്കൊളുന്തിനു പച്ചപ്പ് നഷ്ട്‌പ്പെടുന്ന റെഡ്‌സ്‌പൈഡര്‍ മേറ്റ് എന്ന രോഗവും ഈ കാലാവസ്ഥയില്‍ വ്യാപകമാകുന്നുണ്ട്. സള്‍ഫര്‍ അടക്കമുള്ള മരുന്നുകള്‍ പ്രതിവിധിയാണെങ്കിലും കഠിനമായ തണുപ്പ് രോഗത്തിനു കാരണമായ വൈറസിന് വളരാന്‍ സഹായമാകുന്നു.

മഞ്ഞുവീഴ്ചമൂലം ഏലത്തിന്റെ തളിര്‍ത്ത നാമ്പുകള്‍ പോലും നശിക്കുന്ന അവസ്ഥയാണുള്ളത്. വിളവെടുക്കുവാന്‍ പാകമായ ഏലക്കായും ചിമ്പും ശരവും ഉള്‍പ്പെടെയാണ് നശിക്കുന്നത്. തോട്ടങ്ങളില്‍ പൂര്‍ണമായി വളപ്രയോഗം നടത്തിയിട്ടും കാലാവസ്ഥ മാറ്റംമൂലം പ്രതീക്ഷിച്ചഫലം ഉണ്ടായിട്ടില്ലെന്ന് കൃഷിക്കാര്‍ പറയുന്നു. ഉണക്കുമൂലം ഒരു പ്രദേശത്തെ ചെടിയൊട്ടാകെ നശിച്ചുപോകുന്ന സ്ഥിതിയാണുള്ളത്. കാപ്പിക്കുരുവിന്റെ വിളവെടുപ്പ് സീസണ്‍ ആരംഭിച്ചെങ്കിലും ഉത്പാദനം കുറഞ്ഞത് കര്‍ഷകരെ നിരാശയിലാക്കി. പൂവിട്ട ശിഖിരങ്ങള്‍ നശിച്ചു പോവുകയും പാകമാകാത്ത കാപ്പിക്കുരുവും പൂവും കൊഴിയുന്നതും ഉത്പാദനം ഗണ്യമായി കുറയ്ക്കും.

Spread the love

Leave a Reply