The Last Black Man in San Francisco: കിളിക്കൂടാകുന്ന നഗരങ്ങളും കൂടില്ലാതെ മനുഷ്യരും                           

ഗോകുൽ കെ. എസ്.

ജ്യൂ ടോൾബെറ്റ് സംവിധാനം ചെയ്തു 2019 -ൽ പുറത്തിറങ്ങിയ The Last Black Man in San Francisco ടോൾബോട്ടിന്റെയും സുഹൃത്ത് ജിമ്മി ഫെയ്ൽസിന്റെയും ജീവിതാഖ്യാനമാണ്. സാൻ ഫ്രാൻസിസ്‌കോയിലെ ഫിൽമോറിലാണ് ഇരുവരും ജനിച്ചു വളർന്നത്. ഫിൽമോറിന്റെ ചരിത്രവും രാഷ്ട്രീയ ഭൂമികയും മറ്റേതു നഗരങ്ങളുടേതു പോലെയും വ്യത്യസ്‌തമാണ്. ഒരു കാലഘട്ടത്തിൽ ആഫ്രോ-അമേരിക്കൻ മധ്യവർഗത്തിന്റെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഒക്കെ ഭാഗമായിരുന്നു ഫിൽമോർ. ആ പ്രത്യേകത കൊണ്ട് തന്നെ “Harlem of West” എന്ന് അറിയപ്പെട്ടിരുന്ന നഗരം. പിന്നീട് രാഷ്ട്രീയ-സാമൂഹിക സമവാക്യങ്ങൾ മാറിയപ്പോൾ/മാറ്റപ്പെട്ടപ്പോൾ ചരിത്രത്തിലുള്ള ഇടം പോലും നഷ്ടപെട്ട ഒരു വിഭാഗം ജനതയുടെയും അവരുടെ ഓർമ്മകളുടെയും മുകളിലാണ് ഇന്നത്തെ ഫിൽമോർ നിലകൊള്ളുന്നത്. ഈ സിനിമയുടെ കഥാപശ്ചാത്തലം, ഫിൽമോറും അവിടെ ജീവിക്കുന്ന കുറച്ചു മനുഷ്യരുടെ ജീവിതവുമാണ്.

Joe talbot എന്നതിനുള്ള ചിത്രംജ്യൂ ടോൾബെറ്റ് 

എന്നെങ്കിലും ഒരു നാടക സംവിധായകൻ ആകണം എന്ന് സ്വപ്‌നം കണ്ടു ജീവിക്കുന്ന മോണ്ട് എന്ന മോണ്ടുഗോമേറിയും ഫിൽമോറിലെ താൻ കൊച്ചുനാളിൽ കഴിഞ്ഞ വീട് തൻ്റേതാക്കണം എന്ന് ആഗ്രഹിക്കുന്ന ജിമ്മിയുമാണ് പ്രധാന കഥാപാത്രങ്ങൾ. ഇരുവരും താമസിക്കുന്നത് മോണ്ടിന്റെ മുത്തച്ഛന്റെ വീട്ടിലാണ്. രണ്ടാളും ജീവിക്കാൻ വേണ്ടി ചെറിയ ജോലികൾ ചെയ്തു മുന്നോട്ടു പോകുന്നു. ഫിൽമോറിൽ വിക്ടോറിയൻ മാതൃകയിൽ പടുത്ത ഒരു വലിയ വീടുണ്ട്. ചുവപ്പും വെള്ളയും പെയിന്റടിച്ച, മന്ത്രവാദിനിയുടെ തൊപ്പി പോലെ കൂർത്ത മുകൾഭാഗമുള്ള, പൂക്കളും ചെടികളും കൊണ്ട് മനോഹരമായ ആ വീട്ടിലാണ് ജിമ്മി വളർന്നത്. പിന്നീട് ആ വീട് അവർക്ക് എപ്പോഴോ നഷ്ടപ്പെട്ടു. പിന്നെ വന്ന താമസക്കാർ ആ വീട് വേണ്ട പോലെ സൂക്ഷിക്കാറില്ലായിരുന്നു. ജിമ്മിയും മോൺടും അവരില്ലാതെ സമയം നോക്കി എന്നും പോയി ആ വീടിന്റെ മതിൽ ചാടി വെളിയിൽ പെയിന്റ് ഒക്കെ അടിക്കുമായിരുന്നു. പല വട്ടം ഉടമസ്ഥ പിടികൂടി എങ്കിലും അവർ പൊലീസിനെ വിളിച്ചില്ല. അങ്ങനെ ഇരിക്കെ ഒരു മരണത്തെ തുടർന്ന് ആ വീടിന്റെ പേരിൽ തർക്കമുണ്ടാകുകയും അത് അടച്ചുപൂട്ടേണ്ടി വരികയും ചെയ്യുന്നു. ഇത്രയും നാൾ വീടിന്റെ വെളിയിൽ മാത്രം കറങ്ങി നടന്ന ജിമ്മിയും മോൺടും ആ വീടിനുള്ളില്ലേക്ക് ആഗ്രഹിച്ച പോലെ കയറുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളിലൂടെ സിനിമ മുന്നോട്ട് പോകുന്നു.

ജിമ്മിയുടെ മുത്തച്ഛൻ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം തിരിച്ചു വന്നപ്പോൾ നിർമിച്ചതാണ് ആ വീട് എന്ന് അയാൾ കരുതുന്നു. ഫിൽമോറിലെ പ്രാദേശിക ചരിത്രത്തിൽ ജിമ്മിയുടെ മുത്തച്ഛൻ ആയിരുന്നത്രേ First Black Man in San Francisco. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് ഒരുപാട് ജാപ്പനീസ് കുടിയേറ്റക്കാർ മാറ്റിപാർപ്പിക്കപ്പെടുമ്പോൾ ആഫ്രോ-അമേരിക്കൻ വംശജർ അവിടേക്കു വരുന്നു. പക്ഷേ കാലം മുന്നോട്ട് പോയപ്പോൾ ആഫ്രോ-അമേരിക്കൻ വംശജരും അരികുവൽക്കരിക്കപ്പെടുന്നു. വികസനവും നഗരവത്കരണവും പുതിയ ഒരു സംസ്‍കാരം തീർത്തപ്പോൾ അവർ നഗരത്തിന്റെ പുറത്തു ഒരിടത്തേക്ക് (Bay area) തുടച്ചു നീക്കപ്പെടുന്നു. അതിന്റെ കാരണം സമ്പന്നരായ മധ്യവർഗ്ഗക്കാരുടെ കുടിയേറ്റമാണ്. അതിൽ നല്ലൊരു ഭാഗവും വെള്ളക്കാരായിരുന്നു. ഇതോടൊപ്പം തന്നെ റിയൽ എസ്റ്റേറ്റ് മുതലാളിമാരുടെ ഊഹക്കച്ചവട തന്ത്രങ്ങൾ കാരണം വസ്തുവിനും വീടുകൾക്കും ഉണ്ടായ വിലക്കയറ്റവും, നവലിബറൽ മുതലാളിത്തം തീർത്ത കമ്പോള കേന്ദ്രികൃത വ്യവസ്ഥിതിക്കും പങ്കുണ്ട്. ഒരു കിളികൂടായ്‌ നഗരം മാറുന്നു. കുറെ കാലം കുറച്ചു മനുഷ്യർ താമസിക്കുന്നു, പിന്നീട് അവർ പോകുമ്പോൾ വേറെ കുറെ മനുഷ്യർ വരുന്നു. ഇത് ഓരോ തലമുറകൾ മാറുമ്പോഴും തുടർന്ന് കൊണ്ട് ഇരിക്കുന്നു.

Read Also  ജെല്ലിക്കെട്ട് പിടിവിട്ടോടുകയാണ്. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട്

Deadline Studio at Sundance 2019

നഷ്ടപ്പെടുന്നത് ഒരു ദേശത്തിന്റെയും മാറ്റിനിർത്തപ്പെടുന്നവരുടെയും ചരിത്രവും ഓർമ്മകളുമാണ്. സമ്പന്നരായ മധ്യവർഗ കുടിയേറ്റക്കാരെ ആകർഷിക്കാനായി വീടിനു മോടിപിടിപ്പിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്തു, മൊത്തം നഗരത്തെ തന്നെ മറ്റൊരു രൂപത്തിലേക്ക് മാറ്റിയടിക്കുന്ന പ്രക്രിയക്ക് ‘ജേൻട്രിഫിക്കേഷൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. അമേരിക്കൻ രാഷ്ട്രീയത്തിൽ കുറേക്കാലമായി കോളിളക്കം സൃഷ്‌ടിക്കുന്ന വിഷയമാണ് ജേൻട്രിഫിക്കേഷൻ. ഈ സിനിമയുടെ പ്രധാന ചർച്ചാവിഷയവും ഇത് തന്നെയാണ്. സിനിമയിൽ “urban renewal” എന്ന വാക്ക് ഇടയ്ക്കു കേൾക്കുന്നുണ്ട്.

ഒരു ബസിൽ ഇരുന്ന് രണ്ടുപേർ സാൻ ഫ്രാൻസിസ്‌കോ നഗരത്തെ വെറുക്കുന്നു എന്ന് പറയുമ്പോൾ ജിമ്മി ഇടയ്ക്കു കയറി പറയുന്നുണ്ട്, “You can’t hate something, if you ddon’t love it first.”

കാലങ്ങളായി തങ്ങളുടെ അരികെ ഉള്ള വലിയ കുളം മലിനമായി കിടന്നപ്പോൾ അത് തിരിഞ്ഞു നോക്കാൻ ആരും ഇല്ലായിരുന്നു. നഗരം വലുതാകുകയാണ്. ജലം ആവശ്യമായി വരികയാണ്. അപ്പോൾ അത് വൃത്തിയാക്കാൻ വരുന്ന ഒരു വെള്ളക്കാരന്റെ ഹെൽമെറ്റ് ധരിച്ച മുഖത്തേക്ക് തുറിച്ചു നോക്കുന്ന Bay area -ലെ പെൺകുട്ടിയാണ് സിനിമയുടെ ആദ്യത്തെ ഷോട്ട്. നഗരം വലുതാകുമ്പോൾ തങ്ങൾ പിന്നെയും മാറ്റിപാർപ്പിക്കപ്പെട്ടേക്കാം എന്ന ആകുലത ബേ ഏരിയയിൽ ഉള്ളവരെ അലട്ടുന്നുണ്ട്. കാലത്തിന്റെ തന്നെ പിന്നിലേക്ക് ഒരു ജനത പറിച്ചുമാറ്റപെടുന്ന വികസനമാണ് മുതലാളിത്ത ലോകത്തു നടക്കുന്നത്. പുതിയതായി കുടിയേറി വന്നവർ നഗരത്തെ കുറിച്ച് വെറുപ്പോടെ സംസാരിക്കുമ്പോൾ അതിലെ തെറ്റു, ‘ആരാണ് അവർ’ എന്ന ചോദ്യമാണ്. ആ നഗരം അവരുടേതാകണം എങ്കിൽ അവർ ആ നഗരത്തിന്റേതാകണമല്ലോ. ഒരു ബസിൽ ഇരുന്ന് രണ്ടുപേർ സാൻ ഫ്രാൻസിസ്‌കോ നഗരത്തെ വെറുക്കുന്നു എന്ന് പറയുമ്പോൾ ജിമ്മി ഇടയ്ക്കു കയറി പറയുന്നുണ്ട്,
“You can’t hate something, if you don’t love it first.”
ഫിൽമോറിലെ വീട് തന്റേതല്ലെങ്കിലും, ജിമ്മി ആ വീടിനെ ജീവിതത്തോടും ഹൃദയത്തോടും ചേർത്ത് പിടിക്കുകയാണ്. അതില്ലാതാകുമ്പോൾ താൻ തന്നെ മാഞ്ഞുപോകും എന്ന് അയാൾ ചിന്തിക്കുന്നു.

ആരാണ് ഭൂമിയുടെ അവകാശി എന്നതിനപ്പുറം അവകാശങ്ങൾ ഉന്നയിക്കാനും മാത്രം ഭൂമി എന്നാണ് ഒരു വ്യവസ്ഥിതിക്കു സ്വന്തമായത് എന്ന അന്വേഷണം അനിവാര്യമാണ്.

പുതിയകാലത്തു സാധാരണവത്കരിക്കപ്പെട്ടു പോയ പല ചോദ്യങ്ങൾ ഈ സിനിമ കൂടുതൽ ദൃഢതയുടെ ചോദിക്കുന്നുണ്ട്. ആരാണ് ഭൂമിയുടെ അവകാശി എന്നതിനപ്പുറം അവകാശങ്ങൾ ഉന്നയിക്കാനും മാത്രം ഭൂമി എന്നാണ് ഒരു വ്യവസ്ഥിതിക്കു സ്വന്തമായത് എന്ന അന്വേഷണം അനിവാര്യമാണ്. പ്രതിസംസ്കര (counter-cultural) വാദത്തിനും പുതിയ വിപ്ലവകരമായ മാറ്റത്തിനും (new regime) ഇടയിലുള്ള ഒരു ഇടവേളയിലൂടെ ആണ് ഗതകാലം ഇപ്പോൾ കടന്നു പോകുന്നത്. ഇതിനിടയിൽ എവിടെയും തൊടാൻ കഴിയാതെ നിൽക്കുന്ന മനുഷ്യരിലേക്ക് ഈ സിനിമയുടെ ക്യാമറ എത്തി നിൽക്കുകയാണ്. Skateboard -ൽ നഗരം ചുറ്റുന്ന ജിമ്മിയും മോൺടും, ഗ്രീക്ക് കോറസിനെ (Greek Chorus) അനുസ്‌മരിപ്പിക്കും വിധം ദിനവും വഴിയരികിൽ തമ്മിൽ തമ്മിൽ തെറി പറയുകയും പരിഹസിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരും, പല കണ്ണുകൾ ഉള്ള കുളത്തിലെ മീനും, വൃദ്ധസദനത്തിലെ ഏകാന്തതയും, സമൂഹമാധ്യമങ്ങളിൽ വീണ്ടും കോല ചെയ്യപ്പെടുന്ന കോഫിയും (Kofi), സിനിമ പോസ്റ്റർ വെട്ടി സിഡി -യിൽ ഒട്ടിച്ചു ജീവിക്കുന്ന ജിമ്മിയുടെ അച്ഛനും, ആരും തന്നെ കേൾക്കാൻ ഇല്ലെങ്കിൽ വഴിയരികിൽ എന്നും അധികാരികളുടെ അനീതിക്കെതിരെ പ്രസംഗിക്കുന്ന ആളും എല്ലാം “in between spaces” എന്ന ജയിലിൽ തടവിലാക്കപ്പെട്ടവരാണ്.
നഗരത്തിൽ ഉള്ളവർ വെളുത്തും നഗരപ്രാന്തപ്രദേശത്തു ഉള്ളവർ കറുത്തും ഇരിക്കുമ്പോൾ അവിടെ നിറത്തിന്റെ-വർണത്തിന്റെ വിവേചന രാഷ്ട്രീയം (racial discrimination) ഉണ്ട്.

the last black man in san francisco എന്നതിനുള്ള ചിത്രം

നഗരത്തിൽ ഉള്ളവർ വെളുത്തും നഗരപ്രാന്തപ്രദേശത്തു ഉള്ളവർ കറുത്തും ഇരിക്കുമ്പോൾ അവിടെ നിറത്തിന്റെ-വർണത്തിന്റെ വിവേചന രാഷ്ട്രീയം (racial discrimination) ഉണ്ട്. നഗരത്തിലുള്ളവർക്കു പണം ഉള്ളപ്പോൾ നഗരത്തിന്റെ തെരുവുകളിലാക്കപ്പെട്ടവർക്ക്‌ പണം ഇല്ലാതെ ഇരിക്കുമ്പോൾ അവിടെ വർഗ്ഗ (class) രാഷ്ട്രീയത്തിന്റെ അടിവേരുകൾ തീർച്ചയായും ഉണ്ട്. മരണം ‘e-hug’ -കൾക്ക് ഇല്ലാതാകുമ്പോൾ പുരോഗതിക്ക് അപാകതകൾ ഉണ്ട്. വലിയ വീടുകൾ ആളില്ലാതെ അടച്ചുപൂട്ടി കിടന്ന് പൊടിപിടിക്കുമ്പോൾ തെരുവുകളിൽ കയറിക്കിടക്കാൻ വീടില്ലാത്ത മനുഷ്യർ അഴുക്കിൽ കിടന്ന് ഉറങ്ങുമ്പോൾ മൊത്തം വ്യവസ്ഥിതിക്ക് തന്നെ തകരാറുണ്ട്. എഴുപതുകളിൽ ഉണ്ടായിരുന്നതിന്റെ പകുതി ശതമാനത്തിൽ താഴെ മാത്രം ആഫ്രോ-അമേരിക്കൻ വംശജർ സാൻ ഫ്രാൻസിസ്‌കോ -യിൽ ഇപ്പോൾ ഉള്ളപ്പോൾ white nationalism -ത്തെ കൂട്ടുപിടിക്കുന്ന സമകാലിക അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയം കൂടി പ്രതിയാകുന്നുണ്ട്. സമത്വ-സുന്ദര ലോകം വാഗ്‌ദാനം നൽകിയ നവലിബറൽ സിദ്ധാന്തങ്ങൾ നേടിയ പുരോഗതി ഈ വർണ-വർഗ്ഗ അന്തരമാണോ എന്ന് സിനിമ ചോദിക്കുന്നത് പ്രതീക്ഷ ആണ്.

Read Also  ഷോപ് ലിഫ്റ്റേഴ്സ്: മുതലാളിത്ത ലോകത്തെ 'അദൃശ്യ മനുഷ്യര്‍'

ജ്യൂ ടാൽബോട്ടിന്റെയും ജിമ്മി ഫെയ്ൽസിന്റെയും സ്വകാര്യ ജീവിതമാണ് ഈ സിനിമ. അവരുടെയും അവർ വളർന്ന നാടിന്റെയും കഥ. പക്ഷേ ഏതൊരു നാട്ടിലും അവർ പറഞ്ഞ gentrification -നും spacial segregation -നും നമുക്ക് കാണാം. The Last Black Man in San Francisco ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്നാണ്. ജീവിതഗന്ധിയായ കഥക്കും അപ്പുറം കഴമ്പുള്ള രാഷ്ട്രീയം പറഞ്ഞതിന് ഈ സിനിമ ചർച്ചചെയ്യപ്പെടണം. സിനിമയുടെ സൗന്ദര്യവും കണ്ടു തന്നെ അറിയണം. DoP Adam Newpart-Berra -യും Production Designer Jona Tochet -ഉം സിനിമയെ ഹൃദയത്തോട് അടുപ്പിച്ചതിൽ വഹിച്ച പങ്കു ചെറുതല്ല. ആദ്യ സിനിമയിലൂടെ തന്നെ ജ്യൂ ടാൽബോട്ട് അമേരിക്കൻ Indie Cinema യുടെ ഭാവി പ്രതീക്ഷയായി മാറുന്നു.

the last black man in san francisco എന്നതിനുള്ള ചിത്രം

സിനിമയുടെ ഒടുക്കം ഒരിടത്തു Mont പൊട്ടിത്തെറിക്കുന്നുണ്ട്, “Let us.. Let us break the boxes! Let us give each other the courage to-to see! Beyond the stories we are born into!” കഥകളുടെ കെട്ടു പൊട്ടിച്ചു വെളിയിൽ വരാൻ മനുഷ്യർക്ക് കഴിയട്ടെ.

ഗോകുൽ കെ. എസ്.

ഐഐടി മദ്രാസിൽ പിഎച്ച്ഡി സ്കോളർ ആണ് ഗോകുൽ. സിനിമ റിവ്യൂ എന്നതിലുപരി സിനിമയുടെ വിവിധ തലങ്ങളെ വിമർശനാത്മകമായി സമീപിക്കുന്ന എഴുത്തുകളാണ് ഗോകുലിന്റേത്. സിനിമ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം, സാംസ്ക്കാരിക പരിസരം തുടങ്ങിയവ ഗോകുലിന്റെ എഴുത്തുകളിൽ കാണാം. വിവിധ മാധ്യമങ്ങളിൽ എഴുതി വരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here