Friday, May 27

പൊതുമാപ്പ് കാലാവധി ഡിസംബര്‍ ഒന്ന് വരെ യുഎഇ സര്‍ക്കാര്‍ നീട്ടി

മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി ഡിസംബര്‍ വരെ നീട്ടി. നേരത്തേ പ്രഖ്യാപിച്ച കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് സമയം നീട്ടിയത്. ഇതോടെ താമസരേഖകള്‍ ശരിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരു മാസം കൂടി സാവകാശം കിട്ടി.

മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്ക് താമസം നിയമവിധേയമാക്കാന്‍ ഇത് സഹായകമാകുമെന്ന് യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സയീദ് റഖന്‍ അല്‍ റാഷിദി പറഞ്ഞു. പൊതുമാപ്പ് സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന രാജ്യത്തെ ഒമ്പത് കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതാണ് സമയപരിധി നീട്ടാന്‍ കാരണം.

സാങ്കേതിക കാരണങ്ങളാല്‍ ചില നടപടിക്രമങ്ങളും വൈകാനിടയായി. സ്വന്തം പൗരന്മാരുടെ രേഖകള്‍ ശരിയാക്കുന്നതിന് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം വിദേശ എംബസി അധികൃതരോട് നിര്‍ദേശിച്ചു. മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്ക് താമസം നിയമവിധേയമാക്കാനോ പിഴയൊടുക്കാതെ രാജ്യംവിടാനോ ഉള്ള അവസരമാണ് പൊതുമാപ്പ് കാലം. ഓഗസ്റ്റ് ഒന്നിനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും നിയമലംഘകര്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും ഫെഡറല്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആറുവര്‍ഷത്തിനുശേഷമാണ് യു.എ.ഇ.യില്‍ പൊതുമാപ്പ് നിലവില്‍ വന്നത്.

അവസാനമായി 2012-ല്‍ 62,000 പേരാണ് ഈ ആനുകൂല്യം ഉപയോഗിച്ച് രാജ്യംവിട്ടത്. അന്ന് രണ്ടുമാസമായിരുന്നു കാലാവധി. രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ ജന്മശതാബ്ദി സായിദ് വര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇക്കുറി പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരില്‍ ഇന്ത്യക്കാര്‍ കുറവാണ്. ഞായറാഴ്ച വരെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം 656 ഔട്ട്പാസുകളും 270 പാസ്‌പോര്‍ട്ടുകളും അനുവദിച്ചിട്ടുണ്ട്. പൊതുമാപ്പ് കാലയളവില്‍ രേഖകള്‍ ശരിയാക്കിയവരുടെ പിഴ എഴുതിത്തള്ളുകയാണ് ചെയ്തത്. ലക്ഷങ്ങളുടെ പിഴയാണ് ഈയിനത്തില്‍ യു.എ.ഇ എഴുതിത്തള്ളിയത്. യാത്രാനിരോധനമില്ല എന്നുള്ളതും ഇത്തവണത്തെ പൊതുമാപ്പിന്റെ സവിശേഷതയാണ്.

Spread the love
Read Also  വിസാ ചട്ടങ്ങളില്‍ മാറ്റം വരുത്തി കുവൈത്ത് സര്‍ക്കാര്‍

Leave a Reply