Tuesday, May 26

ഗിരീഷ് കർണാടിനു ആദരാഞ്ജലികൾ

വിഖ്യാത ചലച്ചിത്രകാരനും നാടകസംവിധായകനും കന്നഡ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ഗീരീഷ് കര്‍ണാട് (81) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 6.30-ന് ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു സാഹിത്യസാംസ്കാരികരംഗത്തെ കുലപതിയായി വിളങ്ങിയ ഗിരീഷ് കർണാടിൻ്റെ  അന്ത്യം. സാമൂഹ്യപ്രതിബദ്ധതയുള്ള പ്രതിഭാശാലിയായ എഴുത്തുകാരനായ ഗിരീഷ് കർണാട് സമകാലികരാഷ്ട്രീയവിഷയങ്ങളിൽ ധീരമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ഫാസിസത്തിനെതിരെ ശക്തമായി നിലയുറപ്പിച്ച കർണാടിൻ്റെ ദൃശ്യാവിഷ്ക്കാരങ്ങൾക്കും സാഹിത്യകൃതികൾക്കും ലോകത്തിൻ്റെ എല്ലാ കോണുകളിലും പ്രത്യേകിച്ചും കേരളത്തിലും  നിരവധി കാണികളും ആരാധകരുമുണ്ടായിരുന്നു

ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര(1970) എന്ന കന്നട ചലച്ചിത്രത്തിന്റെ സംവിധായകനാണ്. യു ആർ അനന്തമൂർത്തിയുടെ വിഖ്യാതനോവലിൻ്റെ ചലച്ചിത്രാവിഷാരമാണു സംസ്കാര. സംവിധായകന്‍, വിമര്‍ശകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. 1974-ല്‍ പദ്മശ്രീയും 1992-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം കര്‍ണാടിനെ ആദരിച്ചു.

നിരവധി ഗ്രന്ഥങ്ങളുടെ വിവർത്തനങ്ങൾ ഇന്ത്യൻ ഭാഷകളിലും വൈദേശികഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുഗ്ലക്ക് അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട രചനയായി അറിയപ്പെടുന്നു. നെഹ്റുവിയന്‍ യുഗത്തെക്കുറിച്ചുള്ള പിടിച്ചുലയ്ക്കുന്ന ഒരു ദൃഷ്ടാന്ത കഥയായ ഈ നാടകത്തിലൂടെ ഗിരീഷ് കര്‍ണാട് ഇന്ത്യന്‍ നാടകവേദിയില്‍ തന്റെ സ്ഥാനമുറപ്പിച്ചു. കന്നടയില്‍ എഴുതിയ ആദ്യത്തെ നാടകം യയാതിയും ഹയവദനയും രാജ്യാന്തര ശ്രദ്ധനേടി. അന്താരാഷ്ട്രവേദികളിൽ അദ്ദേഹം തൻ്റെ നാടകങ്ങൾ അവതരിപ്പിച്ചു. ഇന്ത്യൻ തിയേറ്റർ പ്രസ്ഥാനത്തിനു വിസ്മരിക്കാനാവാത്ത സംഭാവനകൾ നൽകിയയാളാണു ഗിരീഷ് കർണാട്.

ഗിരീഷ് കർണാടിൻ്റെ കൃതികളിൽ രാഷ്ട്രീയപ്രമേയങ്ങളും ഒളിഞ്ഞുകിടന്നു. അടിത്തട്ടിൽ മറഞ്ഞുകിടക്കുന്ന രാഷ്ട്രീയസാമൂഹ്യവിഷയങ്ങൾ പലപ്പോഴും കർണാടകത്തിനു പുറത്തും വിവാദങ്ങളഴിച്ചുവിട്ടു. ചരിത്രവും പുരാവൃത്തവും ഇതിവൃത്തമാക്കി സമകാലീന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന അതിപ്രശസ്തങ്ങളായ ഒട്ടനവധി നാടകങ്ങള്‍ അദ്ദേഹം രചിച്ചു. ഇതിനിടെ ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കര്‍ണാടിന് കഴിഞ്ഞു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ നിരവധി ബഹുമതികളദ്ദേഹം കരസ്ഥമാക്കി.

ആരെയും കൂസാതെ രാഷ്ട്രീയമായ അഭിപ്രായങ്ങൾ തുറന്നടിക്കുന്ന ഗിരീഷ് കർണാടിൻ്റെ ശബ്ദം പലപ്പോഴും ശത്രുക്കളെ സമ്പാദിച്ചിരുന്നു. കർണാടകത്തിലെ വേദികളിൽ ഗിരീഷ് കര്‍ണാട് ഉയര്‍ത്തിയിരുന്ന അതിനിശിതവും നിര്‍ഭയവുമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ രാജ്യത്തുണ്ടായ അക്രമങ്ങള്‍ക്കെതിരെ ശക്തമായ ശബ്ദമുയര്‍ത്തി. ഗൗരി ലങ്കേഷ്, എം.എം.കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് നടന്ന ബെംഗളൂരുവില്‍ നടന്ന സമര പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

1938 മെയ് 19ന് മഹാരാഷ്ട്രയിലെ മാതേണിലാണ് ജനിച്ചത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് റോഡ്സ് സ്‌കോളര്‍ഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറും ഫുള്‍്രൈബറ്റ് സ്‌കോളറുമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. ദ് പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍, രാഗം ആനന്ദദൈരവി എന്നീ 3 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Read Also  ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു.

Leave a Reply

Your email address will not be published.