Saturday, January 29

സർക്കാർ വിവേചനം; തേജസ് ദിനപത്രം അച്ചടി അവസാനിപ്പിക്കുന്നു

പോപ്പുലര്‍ഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രം നിർത്തലാക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു. തുടർച്ചയായി സർക്കാർ ഭാഗത്ത് നിന്ന് തുടരുന്ന വിവേചനത്തെ തുടർന്നാണ് മാനേജ്‌മെന്റ് ഇത്തരത്തിൽ ഒരു നടപടിക്ക് മുതിർന്നത്. സംസ്ഥാന കേന്ദ്ര സർക്കാരുകള്‍  തേജസ്സിന് യാതൊരുവിധ പരസ്യങ്ങളും നൽകുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനമേടുക്കാന്‍ നിര്‍ബന്ധിതമായത്. തൊടുപുഴ ന്യൂ മാൻ കോളേജ് അദ്ധ്യാപകൻ ജോസഫിന്റെ കൈവെട്ടുമായി ബന്ധപ്പെട്ടാണ് തേജസ്സിന് നൽകിയിരുന്ന പരസ്യങ്ങൾ വർഗീയത ആരോപിച്ച് സർക്കാർ നിർത്തലാക്കിയത്. എന്നാൽ നിരന്തരം വ്യാജ വാർത്തകൾ നൽകുകയും കൃത്യമായ വർഗീയ വാർത്തകൾ നൽകുകയും ചെയ്യുന്ന ജനം ടിവിയ്ക്കും ജന്മഭൂമിക്കും ഉൾപ്പടെ  കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ പരസ്യങ്ങൾ  നൽകുമ്പോഴാണ് തേജസ്സിന് പരസ്യം നിഷേധിക്കുന്ന നടപടി ഭരണകൂടം സ്വീകരിക്കുന്നത്.

ഡിസംബര്‍ 31നായിരിക്കും പത്രത്തിന്റെ അവസാന കോപ്പി പുറത്തിറക്കുക. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടെങ്കിലും ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത് ഇന്നാണ്. നിലവില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഇറങ്ങുന്ന തേജസ് ദ്വൈവാരിക വാരികയാക്കാനും ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ നിലനിര്‍ത്തി കൂടുതല്‍ പരിഷ്‌കരിക്കാനും മാനജ്‌മെന്റ് തീരുമാനിച്ചു.

1997ല്‍ മാസികയായി രൂപംകൊണ്ട തേജസ് പിന്നീട് ദ്വൈവാരിക ആവുകയും അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ 2006 ജനുവരി 26ന് ദിനപത്രം തുടങ്ങുകയുമായിരുന്നു. നേരത്തെ സൗദിഅറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും തേജസിന് എഡിഷന്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നരവര്‍ഷം മുമ്പ് അവ അടച്ചുപൂട്ടിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പത്രത്തിന് നിലവില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും എഡിഷനുകളുണ്ട്.

തീവ്രവാദത്തിനും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും തേജസിനെ പോപ്പുലര്‍ഫ്രണ്ട് മറയാക്കുന്നുവെന്ന് ആരോപിച്ചാണ് തേജസിന് പരസ്യം നിഷേധിച്ചത്. മതമൗലിക വാദം വളര്‍ത്താന്‍ തേജസ് പത്രത്തെ പോപ്പുലര്‍ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ 2014ല്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച അന്വേഷണം നടത്തിയ ജില്ലാ കലക്ടര്‍മാര്‍ ഇതിനു വിരുദ്ധമായ റിപോര്‍ട്ടാണ് നല്‍കിയത്. പരസ്യ നിഷേധത്തിനെതിരേ തേജസ് ജീവനക്കാര്‍ പരസ്യമായി സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാൽ സർക്കാർ അനുകൂലമായ യാതൊരു നടപടികളും സ്വീകരിക്കാത്തതിനെ തുടർന്നാണ് ദിനപത്രം അവസാനിപ്പിക്കാനുള്ള നീക്കത്തിന് മാനേജ്‌മെന്റ് നിർബന്ധിതരായത്.

Spread the love
Read Also  വാർത്ത സമ്മേളനം നടത്താൻ എത്തിയ എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റിനെ അടക്കം പോലീസ് അറസ്റ്റ് ചെയ്തു

Leave a Reply