‘തിരുനിഴൽമാല ‘ എന്ന പാട്ടുകൃതി കേരള സംസ്കാരത്തെക്കുറിച്ച് പകർന്നു നൽകുന്ന അറിവ് ചെറുതല്ല. ഡോ.എം.എം. പുരുഷോത്തമൻ നായർ തിരുനിഴൽമാല ആദ്യമായി  സംശോധനം ചെയ്തു പ്രസിദ്ധീകരിച്ചതോടെ മലയാളത്തിലെ പ്രാചീന പാട്ടുകാവ്യശാഖയെപ്പറ്റിയുള്ള ധാരണ വിപുലപ്പെട്ടു . ഡോ. ആർ.സി.കരിപ്പത്ത് എന്ന ഫോക് ലോർ ഗവേഷകൻ തിരുനിഴൽ മാലയുടെ രണ്ടു താളിയോല പാoങ്ങൾ കൂടി പിന്നീട്  കണ്ടെടുത്തു. അതോടെ ഈ പാട്ടുകൃതിയെക്കുറിച്ച് കൂടുതൽ വ്യക്തത കൈവന്നു. 
 ഉത്തരകേരളത്തിലെ മലയ സമുദായക്കാർ കണ്ണേറു ദോഷവും നാവേറു ദോഷവും  മാറ്റാനുള്ള  മന്ത്രവാദവുമായി ബന്ധപ്പെട്ടു നടത്തുന്ന കണ്ണേറു പാട്ടുകളിൽ തിരുനിഴൽ മാലയും പാടാറുണ്ട് എന്ന അറിവാണ് ആർ.സി.കരിപ്പത്തിന് തിരുനിഴൽ മാലയുടെ താളിയോലപാഠങ്ങൾ കിട്ടുന്നതിന് സഹായകമായത്. തെയ്യത്തെക്കുറിച്ച് അഗാധമായ ഗവേഷണം നടത്തിയ ആളാണ് ആർ.സി. കരിപ്പത്ത്. ചിറയ്ക്കൽ ബാലകൃഷ്ണൻ നായർ, സി.എം.എസ്. ചന്തേര, വിഷ്ണു നമ്പൂതിരി , രാഘവൻപയ്യനാട് തുടങ്ങിയ ഫോക് ലോർ ഗവേഷകരുടെ നിരയിൽ ആർ.സി. കരിപ്പത്തിനെയും ഉൾപ്പെടുത്താവുന്നതാണ്. മാവിലരുടെ ജീവിതവും സംസ്കാരത്തെയും കുറിച്ച് സവിശേഷം പഠിച്ചിട്ടുള്ള കരിപ്പത്തിന്റെ ‘തെയ്യ പ്രപഞ്ചം’ എന്ന ഗ്രന്ഥം ശ്രദ്ധേയമാണ്. ഫോക് ലോർ അക്കാദമിയുടെ പുരസ്കാരം നേടിയ ഈ ഗ്രന്ഥം തെയ്യം എന്ന അനുഷ്ഠാന കലയെക്കുറിച്ച്  വിശദമായി പ്രതിപാദിക്കുന്നു. തെയ്യക്കാവുകൾ തോറും നടന്ന് ആ കലയുടെ അകംകാഴ്ച്ചകൾ കണ്ടറിഞ്ഞ ആളാണ് ആർ.സി. കരിപ്പത്ത്. മലബാറിലെ മാപ്പിളത്തെയ്യങ്ങൾ, കോലത്തുനാട്ടിലെ തെയ്യം കഥകൾ തുടങ്ങി വേറെയും പല കൃതികൾ തെയ്യവുമായി ബന്ധപ്പെട്ട് അദ്ദേഹം രചിച്ചിട്ടുണ്ട്. 

 മലയ സമുദായക്കാർ തെയ്യം കെട്ടിയാടുന്നവരാണ്. തിരുനിഴൽമാലയുമായി ബന്ധപ്പെട്ട് ഉച്ചബലി എന്ന തെയ്യക്കോലം അവർ കെട്ടിയാടുന്നു. മലയർ തിരുവാറൻമുളയപ്പന്റെ പിണി ദോഷം മാറ്റുന്നതിനായി നടത്തുന്ന മാന്ത്രിക ക്രിയകളുടെ വിവരണമാണ് തിരുനിഴൽ മാല എന്ന പാട്ടുകാവ്യത്തിലെ പ്രധാന ഇതിവൃത്തം. മലയ മന്ത്രവാദ ഗ്രന്ഥം എന്നാണ് ആർ.സി. കരിപ്പത്ത് തിരുനിഴൽ മാലയ്ക്കു നൽകുന്ന വിശേഷണം. 

 ആറന്മുളയിൽ ഇത്തരം മന്ത്രവാദ കർമ്മം നടന്നതായി ഒരു കേട്ടുകേൾവി പോലും അവശേഷിക്കാത്ത കാലത്താണ് ഈ കാവ്യ രേഖയുടെ പല പകർപ്പുകൾ ഉത്തരകേരളത്തിൽ നിന്ന് ലഭിക്കുന്നത്. മലയാളത്തിൽ എഴുതപ്പെട്ട ഈ താളിയോല പകർപ്പുകൾ ചൊല്ലി കേട്ടെഴുതിയതായതിനാൽ പാഠഭേദങ്ങൾ നിരവധിയായുണ്ട്. പുരുഷോത്തമൻ നായർ പ്രസിദ്ധീകരിച്ച പാoത്തിലുള്ളതിനെക്കാൾ കുറേ വരികൾ കൂടി കരിപ്പത്തിനു കിട്ടിയ ഒരു പാoത്തിലുണ്ട്. 

 ആറന്മുളയുടെ ഭൂ വിവരണം തിരു നിഴൽ മാലയിൽ വർണ്ണിക്കുന്ന ഭാഗം അത്യന്തം പ്രാധാന്യമർഹിക്കുന്നതാണ്. പതിമൂന്നാം നൂറ്റാണ്ടിലെ ആറന്മുളയുടെ കാർഷിക സമൃദ്ധിയും പ്രകൃതി ഭംഗിയും സാമുദായിക ഘടനയും തിരുനിഴൽ മാലയിൽ വർണ്ണിതമാകുന്നുണ്ട്. ആറൻമുള, തൃച്ചിറ്റാറ്റ്, പുലിയൂർ, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ കൃഷ്ണ ക്ഷേത്രങ്ങൾ ഒന്നു ചേർന്നതാണ് ആറന്മുള ഗ്രാമം. ആറന്മുള ഗ്രാമത്തെ പത്തു ചേരികളായി തിരിച്ചിരിക്കുന്നതിന്റെ വിവരണം ആറന്മുളക്കാർക്ക് രോമാഞ്ചത്തോടെയേ ഇന്ന് വായിക്കാനാവൂ. ആ പത്തു ചേരികളും – ഇന്നവ കരകൾ ആണ് – ഇന്നും ചെറിയ പേരു വ്യത്യാസത്തോടെ ഇപ്പോഴും അതേപടിയുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപുള്ള തങ്ങളുടെ പ്രദേശത്തെ കാവ്യാത്മകമായി ആവിഷ്കരിച്ചിരിക്കുന്നത് കാണുമ്പോൾ ആരാണ് സന്തോഷിക്കാതിരിക്കുക .അതും പ്രാചീന കേരള ചരിത്രത്തെക്കുറിച്ച് അധികം ചരിത്ര രേഖകൾ ഇല്ലാതിരിക്കെ. ഈ കാവ്യരേഖകൾ നൽകുന്ന ആഹ്ലാദം ചില്ലറയല്ല. 

Read Also  അക്കിത്തം ; ജ്ഞാനപീഠ ബഹുമതിക്കപ്പുറം കവിത്വം : കെ രാജേഷ് കുമാർ എഴുതുന്നു

 ഇടശ്ശേരിമല, തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, നെടും പ്രയാർ എന്നീ നാല് അകം ചേരികളും കോഴഞ്ചേരി , കീഴുകര, മേലുകര, ചെറുകോൽ ,നാരങ്ങാനം, അയിരൂർ എന്നീ പുറം ചേരികളും ആണ് ആ പത്തു പ്രദേശങ്ങൾ .കോഴഞ്ചേരി ഇപ്പോൾ ഒരു ഇടത്തരം ടൗണായി എന്നു മാറിയതൊഴിച്ചാൽ ബാക്കിയുള്ളവ എല്ലാം ഇന്നും പ്രകൃതി സൗന്ദര്യം തുളുമ്പുന്ന ഗ്രാമങ്ങൾ .ജാതി, മാങ്കോ സ്റ്റിൻ, റമ്പുട്ടാൻ തുടങ്ങിയവയാണ് ഇപ്പോൾ ഈ പമ്പയാറിൻവിള ഗ്രാമങ്ങളിൽ മുഖ്യ കൃഷി. പുരുഷോത്തമൻ നായരുടെ ടെക്സ്റ്റിൽ ഒൻപതു ഗ്രാമങ്ങളുടെ പേരേ ഉണ്ടായിരുന്നുള്ളു. പത്താമത്തെ ചേരി അന്വേഷിച്ച് അദ്ദേഹം കുറേ കഷ്ടപ്പെട്ടു. കരിപ്പത്തിനു കിട്ടിയ ടെക്സ്റ്റിൽ ആ ഗ്രാമത്തെക്കുറിച്ച് കൃത്യം വിവരമുണ്ട്. 

 ‘ മെയ്യിൽ വെൺമുത്തുരെത്തു വിളം കിന തനന്നെരിംകും നായിരങ്ങാനമെല്ലോ നാന്മറ മൊഴിയുമേടം’

   മറ്റ് ഒൻപതു ചേരികളും പമ്പയോടു ചേർന്ന് അക്കരെയിക്കരെ കിടക്കുന്ന പ്രദേശങ്ങളാണ്. എന്നാൽ മാരാമൺ, കുറിയന്നൂർ പോലെ ഇതിനിടയിലുള്ള ചില ഗ്രാമങ്ങൾ തിരു നിഴൽ മാലയിൽ ഉൾപ്പെടുന്നില്ല എന്നതും കൗതുകകരമാണ്. ഒൻപത് ആറ്റോര ഗ്രാമങ്ങളിലും ഇപ്പോൾ പള്ളിയോടങ്ങളുണ്ട്. ആറന്മുള ക്ഷേത്രവുമായി ഈ ഗ്രാമങ്ങളുടെ പൊതു ബന്ധം ഇന്ന് പള്ളിയോട സംബന്ധിയാണ്. എന്നാൽ തിരുനിഴൽ മാലയിൽ വള്ളംകളിയെക്കുറിച്ചോ ചുണ്ടൻ വള്ളങ്ങളെക്കുറിച്ചോ പരാമർശമേതുമില്ല.  അകം ചേരികളിലായിരുന്നു ക്ഷേത്രത്തിലെ  ഊരാൺമക്കാരുടെ ഇല്ലങ്ങൾ . ആ ഇല്ലങ്ങളിൽ ചിലത് ഇന്നില്ല. ചിലത് ഇപ്പോഴും ഉണ്ട്. പുറം ചേരികളും ആറന്മുളയുമായി എന്തായിരുന്നു ബന്ധം? ആറ്റുതീരത്തു  നിന്നു മാറിയുള്ള നാരങ്ങാനം പുറഞ്ചേരികളുടെ കൂട്ടത്തിലുണ്ട് താനും. നാരങ്ങാനത്തെ കൃഷിയിടങ്ങൾ പലതും ആറന്മുള ക്ഷേത്ര ഉടമസ്ഥതയിലുള്ളതായിരുന്നു എന്ന് നാട്ടറിവുകളുണ്ട്. തിരു നിഴൽമാലയിൽ ആറന്മുളയിൽ  കുന്നു പോലെ കിടക്കുന്ന  നെൽക്കൂമ്പാരങ്ങളെക്കുറിച്ചും തിരുവോണ ച്ചെലവിനെക്കുറിച്ചും പരാമർശമുണ്ട്. ആറന്മുളക്ഷേത്രത്തിലെ ഈ ധാന്യസമൃദ്ധി പത്തു ചേരികൾ സമ്മാനിക്കുന്നതാകണം. Image may contain: sky and outdoor

  വേദങ്ങൾ പൊഴിയുന്നിടം, ഹോമപ്പുക പൊങ്ങുമിടം തുടങ്ങി ബ്രാഹ്മണ സമൃദ്ധിയെപ്പറ്റി തിരുനിഴൽ മാലയിലെ പ്രദേശ വർണ്ണനകളിൽ പരാമർശങ്ങളുണ്ട്. ബ്രാഹ്മണരായ ഊരാൺമക്കാരുടെ വിവരണങ്ങളുമുണ്ട്.  എന്നാൽ ക്ഷേത്രത്തിൽ നിഴൽ മാന്ത്രികം നടത്തുന്നത് മലയരാണ്. കുറത്തി നൃത്തം പ്രധാന ചടങ്ങായി അവതരിപ്പിക്കുന്നുമുണ്ട്. മലയർ ഇപ്പോൾ ആറന്മുളയിലെങ്ങുമില്ല. ഇവർ വടക്കൻ കേരളത്തിൽ നിന്നു വന്ന് ഈ കർമ്മം ചെയ്യുകയായിരുന്നോ? അതോ അവർക്ക് പിൽക്കാലത്ത് ഇവിടെ നിന്ന്  പലായനം ചെയ്യേണ്ടി വന്നതാണോ? തിരുനിഴൽമാല ഒരു പലായനത്തിന്റെ കഥ കൂടി പറയാതെ പറയുന്നുണ്ടോ? പമ്പയിലെ അടിയൊഴുക്കു പോലെ ഒരു സങ്കടപ്പാട്ട് തിരുനിഴൽ മാലയുടെ ഉള്ളിൽ അടങ്ങിയിട്ടുണ്ടോ? 
തുടി, കുഴിത്താളം, കുഴൽ, കൊമ്പ്, ഇടയ്ക്ക, വീണ, തണ്ടി വീണ, കങ്കാള വീണ ,ഇലത്താളം തുടങ്ങി വിവിധ വാദ്യങ്ങളുൾപ്പടെ പഴയ കാല കേരളത്തിലെ കലാ, സാമുദായിക ,സാമൂഹിക, രാഷ്ട്രീയ, സാംസ്കാരികാന്തരീക്ഷത്തെക്കുറിച്ച് പല വിധ സൂചനകൾ നൽകുന്ന തിരുനിഴൽ മാല വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറയുന്നുണ്ട്. പമ്പാ നദിയെ പമ്പാനദി എന്നല്ല പന്തി നദി എന്നാണ് ഈ കാവ്യത്തിൽ പരാമർശിക്കുന്നത്. പന്തി പിന്നീട് എപ്പോഴോ പമ്പയായി മാറി. അമ്പലപ്പന്തികളിൽ നിന്ന് മലയർ അകന്നു പോയതു പോലെ.

Read Also  ശിവേന സഹനർത്തനം ; അഷിതയെ അനുസ്മരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here