Thursday, January 20

യുഎഇ പൊതുമാപ്പിന് ക്യൂ നില്‍ക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവുമായി ഈ മലയാളി

നിരവധി പൊതുമാപ്പുകള്‍ കാലങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് മലയാളിയായ ദുബായ് പ്രവാസി അബ്ദുള്ള തായമ്പത്ത്. മതിയായ രേഖകളില്ലാത്ത പതിനായിരക്കണക്കിന് പ്രവാസി തൊഴിലാളികളും അവരുടെ കുടുംബങ്ങളും പൊതുമാപ്പ് കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതും  പുതിയ പ്രതീക്ഷകളുമായി പുറത്തേക്ക് വരുന്നതും അദ്ദേഹം കണ്ടിട്ടുണ്ട്. വിസയുടെ കാലവധി കഴിഞ്ഞവര്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് പറക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അവരുടെ വിശപ്പും ദാഹവും ശമിപ്പിക്കുന്നതും ഈ പ്രവാസി മലയാളിയാണ്.

അല്‍ അവീറില്‍ സ്ഥാപിച്ചിരിക്കുന്ന താല്‍ക്കാലിക പൊതുമാപ്പ് ടെന്റുകള്‍ക്ക് പുറത്ത് വെള്ളവും ജൂസും ചായയും കാപ്പിയും സാന്‍വിച്ചും മറ്റും ചെറുകടികളും വില്‍ക്കുന്ന ഒരേയൊരു സ്ഥാപനമാണ് അബ്ദുള്ളയുടെ ഖദീജ കഫത്തേരിയ. ഒരു ദിര്‍ഹം മുതല്‍ മൂന്ന് ദിര്‍ഹം വരെയാണ് അബ്ദുള്ള സാധനങ്ങള്‍ക്ക് ഈടാക്കുന്നതെങ്കിലും കൈയില്‍ പൈസയില്ലെങ്കില്‍ അദ്ദേഹത്തെ സമീപിക്കാന്‍ മടിക്കേണ്ട. പൈസയില്ലാത്തവര്‍ക്ക് സൗജന്യമായി അദ്ദേഹം ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നു. അതുകൊണ്ടാവാം ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് സൗജന്യ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും പൊതുമാപ്പിന് അപേക്ഷ നല്‍കുന്നവര്‍ക്കും പ്രാദേശിക വകുപ്പുകളിലെയും നയതന്ത്ര കാര്യാലയങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കും ഖദീജ കഫത്തേരിയയോട് പ്രിയം.

1991ല്‍ ദുബായ് കോടതികളിലെ ഓഫീസ് ബോയിയായി പ്രവാസജീവിതം ആരംഭിച്ച വ്യക്തിയാണ് അബ്ദുള്ള. 2003, 2007, 2012-13 വര്‍ഷങ്ങളിലെ പൊതുമാപ്പ് കാലഘട്ടത്തിലും താന്‍ ഇതുപോലെ കഫത്തേരിയ പ്രവര്‍ത്തിപ്പിച്ചിരുന്നതാിയ അബ്ദുള്ള ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. ഇമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ കാരുണ്യം കൊണ്ടാണ് കഫത്തേരിയ നടത്താന്‍ സാധിക്കുന്നതെന്ന് അബ്ദുള്ള പറയുന്നു. 2002ല്‍ അല്‍ കുവോസിലെ പഴയ ജയിലില്‍ കഫത്തേരിയ തുടങ്ങിയത് മുതല്‍ ഇതിന് അനുമതി നല്‍കുന്നത് അവരാണ്. അന്ന് ജയില്‍ മാനേജരും ഇപ്പോള്‍ ദുബായ് എയര്‍പ്പോര്‍ട്ട്‌സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ വ്യക്തിയെ അബ്ദുള്ള നന്ദിപൂര്‍വം ഓര്‍ക്കുന്നു.

അല്‍ കുവോസ് ജയില്‍ ജുമൈറയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് 2007ല്‍ അവിടെയാണ് അബ്ദുള്ള കഫത്തേരിയ സ്ഥാപിച്ചത്. ഡിസംബര്‍ 2012 മുതല്‍ 2013 ഫെബ്രുവരി നീണ്ടുനിന്ന പൊതുമാപ്പ് കാലത്ത് അല്‍ ആവീറായിരുന്നു അബ്ദുള്ളയുടെ കഫത്തേരിയയുടെ സ്ഥാനം. ഇതൊരു ബിസിനസ് അവസരമായി താന്‍ കണക്കാക്കുന്നില്ലെന്നും ഒരു സേവനമാത്രമാണ് തനിക്കീ പ്രവര്‍ത്തനമെന്നും അബ്ദുള്ള സാക്ഷ്യപ്പെടുത്തുന്നു. ഇത്തവണ പൊതുമാപ്പ് തേടിയെത്തിയ ഒരു മലയാളിക്ക് തന്റെ കഫത്തേരിയയില്‍ പാചക ജോലിയും അബ്ദുള്ള നല്‍കി. പൊതുമാപ്പിന്റെ നടപടി ക്രമങ്ങള്‍ അറിയാനാണ് ആ മലയാളി അബ്ദുള്ളയെ ബന്ധപ്പെട്ടത്. എന്നാല്‍ കഫത്തേരിയയില്‍ ഒരു ഒഴിവുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ അവിടെ നിയമിക്കുകയായിരുന്നു. അതോടെ ആ മലയാളിക്ക് ഇനി തിരിച്ചുപോരേണ്ടി വരില്ല.

മതിയായ രേഖകളില്ലാത്ത പ്രവാസികള്‍ക്ക് മാപ്പ് നല്‍കുന്ന യുഎഇ ഭരണകൂടത്തിന്റെ നടപടികളെ കുറിച്ച് പ്രശംസിക്കാന്‍ അബ്ദുള്ളയ്ക്ക് നൂറുനാവാണ്. ആദ്യ പൊതുമാപ്പ് കാലത്തേക്കാള്‍ ഇപ്പോള്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നും നല്ല സൗകര്യങ്ങളാണ് ഇപ്പോള്‍ ലഭ്യമാക്കുന്നതെന്നും അബ്ദുള്ള പറഞ്ഞു. വ്യത്യസ്ത കേസുകളുമായാണ് ആളുകള്‍ വരുന്നതെങ്കിലും ആരോടും ഉദ്യോഗസ്ഥര്‍ ഒരു വിവേചനവും കാണിക്കുന്നില്ലെന്നും വളരെ സൗമ്യമായ പെരുമാറ്റമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും ്അബ്ദുള്ള ചൂണ്ടിക്കാണിക്കുന്നു. സേവനവും വിലനിലവാരവും പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തന്റെ കഫത്തേരിയയിലേക്ക് സ്ഥിരമായി വരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  ദുബായില്‍ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

ഒരു ചായ കുടിക്കാനായി കഫത്തേരിയയിലെത്തിയ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അബ്ദുള്ള അല്‍ മുഹാരി, തായംബാട്ടിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ചു. ഒന്നോ രണ്ടോ ദിര്‍ഹത്തിനാണ് അബ്ദുള്ള സാധനങ്ങള്‍ വില്‍ക്കുന്നതെന്നും ഇവിടെ എത്തുന്ന അപേക്ഷകര്‍ക്ക് ഒരു ദിര്‍ഹം പോലും വലിയ തുകയാണെന്നും മുഹാരി ചൂണ്ടിക്കാട്ടി. ദയിറ ഗോള്‍ഡ് സൗഖിലെയും സോനപൂര്‍ പ്രദേശത്തേയും പ്രധാന ബസ് സ്റ്റാന്റുകളിലും മുറാഖാബത്ത് പോലീസ് സ്‌റ്റേഷന് സമീപവും അബ്ദുള്ള കഫത്തേരിയകള്‍ നടത്തുന്നുണ്ട്. അല്‍ വരസനിലെ ആര്‍ടിഎ ഓഫീസിന് സമീപം കഫത്തേരിയ തുടങ്ങാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും അബ്ദുള്ള പറഞ്ഞു.

യുഎഇ ഗവര്‍ണ്‍മെന്റ് അനുവദിച്ച പൊതുമാപ്പ് ആരംഭിച്ചു

Spread the love