Wednesday, January 19

വെള്ളമിറങ്ങുമ്പോള്‍ മുണ്ട് പിഴിഞ്ഞുണക്കി മുറുക്കി ഉടുത്തോളൂ

പ്രളയശേഷം ഇന്ന് സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്ക് ഏഷ്യാനെറ്റിനോട് പറഞ്ഞ കാര്യങ്ങളുടെ ചുരുക്കമിതാണ്.

സംസ്ഥാനം ചെലവ് ചുരുക്കുന്നു. ഇത് തോമസ് ഐസക്ക് ധനമന്ത്രിയായിട്ടുള്ള ഓരോ ബജറ്റ് അവതരണത്തിലും നാം ആവര്‍ത്തിച്ച് കേള്‍ക്കാറുള്ളതുമാണ്. കേള്‍ക്കാറുണ്ടെന്ന് മാത്രമല്ല, പലപ്പോഴും ട്രഷറി നിയന്ത്രണങ്ങള്‍ അനുഭവിക്കാറുള്ളതുമാണ്.

അടിയന്തിര ദുരിതാശ്വാസം വൈകുന്നുവെന്നും പലര്‍ക്കും കിട്ടിയില്ലെന്നും പരക്കെ പരാതികളുയരുന്ന സന്ദർഭത്തിലാണ് ധനമന്ത്രി വിശദീകരണങ്ങള്‍ നടത്തിയത്. അടുത്ത ആഴ്ചയോടെ എല്ലാവര്‍ക്കും പണം കിട്ടുമെന്നും ഇപ്പോഴുണ്ടായത് സാങ്കേതിക തടസ്സമാണെന്നുമാണ് ധനമന്ത്രി അഭിപ്രായപ്പെടുന്നത്. സര്‍ക്കാര്‍ പണം അനുവദിച്ചു കഴിഞ്ഞുവെന്നും പണം നേരിട്ട് കൈമാറാനാവില്ലെന്നുമാണ് മന്ത്രി അവകാശപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓരോ പൗരന്‍റെയും അക്കൗണ്ടില്‍ 15 ലക്ഷം എത്തിക്കുമെന്ന മോഹന വാഗ്ദാനമൊന്നും നമ്മുടെ സാധാരണക്കാര്‍ വിശ്വിസിച്ച് വശാകാതിരുന്നതാണ് പണം കിട്ടുന്നതിലെ പ്രധാന തടസ്സം. ദുരിതബാധിതരില്‍ പലര്‍ക്കും ബാങ്ക് അക്കൗണ്ട് ഇല്ലെന്നതാണ് പണം കൈമാറ്റം പാളുന്നതെന്നാണ് വിശദീകരണം. പലയിടത്തും പ്രളയബാധിതരുടെ വിവരശേഖരണം പൂര്‍ത്തിയായിട്ടില്ലെന്നും തോമസ് ഐസക് പറയുന്നു.

പ്രളയം കഠിനമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തികകാര്യത്തില്‍ മാറ്റം വരുത്താനാണ് ധനമന്ത്രിയുടെ നീക്കം. വാര്‍ഷികപദ്ധതിയില്‍ മാറ്റം വരുത്തുമെന്ന മന്ത്രിയുടെ വാക്കുകള്‍ അതിന്‍റെ സൂചനയാണ്. പ്രാധാന്യം അനുസരിച്ച് മാത്രമായിരിക്കും നിയമനങ്ങള്‍ എന്ന് മന്ത്രി പറയുമ്പോള്‍ ഇതുവരെയും പ്രാധാന്യമനുസരിച്ചല്ലായിരുന്നു നിയമനം എന്ന് നാം ധരിച്ച് വശാകരുത്. പലപ്പോഴും സ്ഥാപിതതാല്പര്യങ്ങലാണ് ഇക്കാര്യത്തില്‍ പക്ഷഭേദമില്ലാതെ കാലങ്ങളായി നടത്തപ്പെടുന്നതെന്ന് മിക്കവര്‍ക്കും അറിയാവുന്നതാണല്ലോ. അടിയന്തിരപ്രാധാന്യമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കും എന്ന് പറയുമ്പോള്‍ ഇതുവരെയും അടിയന്തിര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ നടക്കുകയായിരുന്നു എന്ന് കരുതരുത്. പുതിയ കാറുകള്‍ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും എന്ന് കേള്‍ക്കുമ്പോള്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക ആശ്വാസം ഒന്നും തോന്നേണ്ടതില്ല. മറിച്ച് കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നവര്‍ക്ക് അതില്‍ അസ്കിത തോന്നാതിരിക്കുകയുമില്ല.

പ്രളയം ബാധിച്ച കേരളത്തെ ഇന്ധന പാചകവാതകങ്ങളില്‍ മാത്രമല്ല, അരിയിലും മണ്ണെണ്ണയിലും പോലും കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധനവുകള്‍കൊണ്ട് ശ്വാസം മുട്ടിക്കുമ്പോള്‍, കേരളത്തില്‍ ഇടതുപക്ഷം കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നില്ലെന്ന് കാണുമ്പോള്‍ അത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേന്ദ്രസമീപനത്തിന്‍റെ പ്രതിഫലനമായേ കരുതേണ്ടതുള്ളൂ. വിലക്കയറ്റത്തിനും കേന്ദ്ര അവഗണനയ്ക്കുമെതിരെ എന്ന് പറഞ്ഞ് ഇടതുപക്ഷം വക നാടെങ്ങും ബോര്‍ഡുകള്‍ നിരന്നിരുന്ന കാലം പഴയതാണ്. ഇപ്പോള്‍ എന്താണെന്ന് അറിയില്ല. കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് മൃദുസമീപനം ഉണ്ടാകുന്നത് അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ തന്നെ തെളിവാണ്. കേന്ദ്രത്തിന് പരിമിതിയുണ്ട്. കേരളത്തിന്‍റെ നഷ്ടപരിഹാരത്തിനുള്ള മുഴുവന്‍ തുകയും കേന്ദ്രത്തിന് നല്കാനാവില്ല. അധിക വിഭവ സമാഹരണം നാം തന്നെ നടത്തണം. കൂടുതല്‍ തുക കേന്ദ്രം തരുമെന്നാണ് പ്രതീക്ഷ എന്നൊക്കെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ മൃദുവാകുമ്പോള്‍ അതിനടിസ്ഥാനം എന്താണെന്നാണ് പലരും ചിന്തിക്കുന്നത്.

മുഖ്യമന്ത്രി അങ്ങനെ പറയുമ്പോഴും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് കേന്ദ്ര അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ട്. കേന്ദ്രത്തിന് കേരളത്തോട് യാതൊരു പ്രതിബദ്ധതയുമില്ല എന്നാണ് അതേപ്പറ്റി ചെന്നിത്തലയുടെ അഭിപ്രായം.

 

Spread the love