Monday, January 18

എസ്.പി ഉദയകുമാറിനെ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റു ചെയ്തു

കൂടംകുളം ആണവ വിരുദ്ധ സമരനേതാവ് എസ്.പി ഉദയകുമാറിനെ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റു ചെയ്തു. മെയ് 22ന് തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് സമരസമിതി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത് തടയാനാണ് നാഗര്‍കോവില്‍ പൊലീസ് അദ്ദേഹത്തെ കരുതല്‍ തടങ്കലിലാക്കിയത്.

കിരാതമായ ഈ പൊലീസ് നടപടി ജനാധിപത്യരാജ്യത്തിനു ഭൂഷണമല്ലെന്നു പീപ്പിള്‍സ് മൂവ്‌മെന്റ് എഗൈന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി അപലപിച്ചു. എസ്.പി. ഉദയകുമാറിനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും തൂത്തുക്കുടി മേഖലയിലെ സംസ്ഥാന സര്‍ക്കാറിന്റെ അതിക്രമം അവസാനിപ്പിക്കണമെന്നും എന്‍.എ.പി.എം ആവശ്യപ്പെട്ടു. സംസ്ഥാനമൊട്ടാകെ സ്റ്റാർലെറ്റ് വിരുദ്ധവികാരം പ്രചരിപ്പിക്കുമെന്നും പരസ്ഥിതി പ്രചാരണം ശക്തിപ്പെടുത്തുമെന്നും സംഘടന അറിയിച്ചു.

തമിഴ് നാട്ടിൽ എല്ലാ മേഖലയിലും പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന സംഘടനയായ എന്‍.എ.പി.എമ്മിന്റെ പ്രവർത്തനങ്ങളിൽ ഉത്ക്കണ്ഠയുള്ള ഭരണകൂടം പരിസ്ഥിതി പ്രസ്ഥാനങ്ങളെ തകർക്കുന്നതിൻ്റെ മുന്നോടിയായാണു അറസ്റ്റെന്നാണു വ്യാഖ്യാനിക്കുന്നത് തമിഴ്‌നാട് മുന്‍ കണ്‍വീനറായിരുന്ന എസ്.പി ഉദയകുമാര്‍ കൂടംകുളം ആണവോര്‍ജ്ജ വിരുദ്ധ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ആളാണ്. പാമെയ്ന്‍ ആന്റ് ഗ്രീന്‍ പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ നേതാവുകൂടിയാണ് അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്റെ രാഷ്ട്രീയ പാരിസ്ഥിതിക നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് ഉദയകുമാര്‍.

ഏറെ നാളായി തൂത്തുക്കുടി സംഭവവുമായി ബന്ധപ്പെട്ട പ്രക്ഷോഭപരിപാടികൾ സർക്കാരും സ്റ്റാർലെറ്റ് മാനേജുമെൻ്റും ചേർന്നുള്ള ലോബി ഒളിഞ്ഞും തെളിഞ്ഞും തകർക്കാൻ ശ്രമിക്കുകയാണെന്നാണു പരിസ്ഥിതിപ്രവർത്തകരും മനുഷ്യാവകാശസംഘടനകളും ആരോപിക്കുന്നത്. തൂത്തുക്കുടി വെടിവെപ്പിനു പിന്നിലെ പൊലീസ് ഗൂഢാലോചന തുറന്നുകാട്ടിയതിനു പിന്നാലെ സമരസമിതി പ്രവര്‍ത്തകനായ മുഗിലനെ കാണാതായിരുന്നു. നാലുമാസത്തിനിപ്പുറവും മുഗിലനെ കണ്ടെത്താന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തില്‍ ഇതിനെതിരെയും എസ്.പി ഉദയകുമാര്‍ അടക്കമുള്ളവര്‍ പ്രതിഷേധിച്ചിരുന്നു.

 സ്റ്റാർലെറ്റ് കമ്പനിയിൽ നിന്നും നഷ്ടപരിഹാരം പോലും ആർക്കും നൽകിയിരുന്നില്ല. വെടി വെയ്പ് സംബന്ധിച്ച രേഖകളിലും കമ്പനിക്കെതിരെ പരാമർശമില്ല. 2018 മെയ് 22നാണ് തൂത്തുക്കുടിയില്‍ സ്റ്റൈര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം നടത്തിയ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ത്തത്. വെടിവെയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പു നടക്കുന്ന സമയത്ത് ശൈലേഷ് കുമാര്‍ യാദവ് സൗത്ത് സോണ്‍ ഐ.ജിയും സരത്കര്‍ തിരുനെല്‍വേലി ഡി.ഐ.ജിയുമായിരുന്നു. വെടിവെപ്പിനുശേഷം ഇരുവരേയും സ്ഥലംമാറ്റി.

വെടിവെപ്പ് ആസൂത്രിതമാണെന്ന ആരോപണങ്ങള്‍ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ അന്നുതന്നെ പുറത്തുവന്നിരുന്നു. സാധാരണ വേഷത്തിലെത്തിയ പരിശീലനം നേടിയ ഷൂട്ടര്‍ പൊലീസ് ബസ്സിനു മുകളില്‍ കയറി നിന്ന് സമരക്കാരെ തിരഞ്ഞ് പിടിച്ച് വെടിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആദ്യം ആകാശത്തേക്ക് വെടിവെച്ചില്ലെന്ന കാര്യവും സംശയം ഉയര്‍ത്തിയിരുന്നു.

സ്റ്റാർലെറ്റ് കമ്പനിയും പോലീസും തമ്മിലുള്ള അവിഹിതബന്ധത്തെക്കുറിച്ച് വ്യാപകമായ ആരോപണങ്ങളുയർന്നിരുന്നു.   തൂത്തുക്കുടി വെടിവെയ്പ്പ് ദക്ഷിണ മേഖലാ ഐ.ജി ശൈലേഷ് കുമാര്‍, ഡെപ്യൂട്ടി ഐ.ജി കപില്‍ കുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണെന്നാണ് തെളിയിക്കുന്ന രേഖകള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു മുഗിലനെ കാണാതായത്. വെടിവെപ്പിനു മുമ്പ് ഐ.ജി വേദാന്ത ഗ്രൂപ്പുമായി കൂടിയാലോചന നടത്തിയെന്നതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

Read Also  സംസ്ഥാനത്ത് ഇന്നുമുതൽ കർശന പ്ലാസ്റ്റിക് നിരോധനം ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി

മുഗിലനെ കാണാതായത് വിവാദമായിരുന്നു  2019 ഫെബ്രുവരി 14ാം തീയതി ചെന്നൈയില്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മധുരയിലേക്ക് പോകുമെന്നാണ് മുഗിലന്‍ സുഹൃത്തുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ എഗ്മൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ എത്തിയ മുഗിലനെ പിന്നീട് ആരും കണ്ടിട്ടില്ല.തൂത്തുക്കുടി വെടിവെപ്പില്‍ ഇടപെട്ട ചില ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിട്ട സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് മുഗിലന്‍ പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു. പിറ്റേന്ന് മധുരയിലെത്തിയില്ലെങ്കില്‍ പൊലീസില്‍ പരാതി കൊടുക്കണമെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ കാണാതായത്.

വെടിവയ്പ് സംബന്ധിച്ച്  ശക്തമായ സമരത്തിനുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നു മുഗിലൻ. നേരത്തെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരങ്ങളുടെ ഭാഗമായി മുഗിലന്‍ ശിക്ഷ അനുഭവിച്ചിരുന്നു. ജയിലിന് പുറത്തിറങ്ങിയ ശേഷം, തൂത്തുക്കുടി സമരത്തെ കുറിച്ച് മുഗിലന്‍ ഗവേഷണം നടത്തിവരികയായിരുന്നു.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ സ്റ്റൈര്‍ലൈറ്റ് ചെമ്പ് സംസ്‌കരണശാല പൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാര്‍ സമരം ചെയ്തത്. രൂക്ഷമായ മലിനീകരണവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ജനങ്ങളുടെ പ്രതിഷേധം.

Spread the love

Leave a Reply