Wednesday, January 19

ഐഐടികൾ ആത്മഹത്യ കേന്ദ്രങ്ങളാകുന്നു; ഒരു മാസത്തിനുള്ളിൽ മൂന്ന് മരണം

രോഹിത് വെമുലയുടെ രക്തസാക്ഷിത്വം രാജ്യത്തെ ക്യാമ്പസുകളിൽ പുത്തൻ ഉണർവ്വ് പകർന്നെങ്കിലും ജാതിയമായും വംശീയമായും ഇന്നും വിദ്യാർത്ഥികൾക്ക് നേരെ കൊടിയ ചൂഷണങ്ങളാണ് നടക്കുന്നതെന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഐഐടികൾ വിദ്യാർത്ഥികളെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുന്നുവെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്ത് വന്നിട്ടുള്ളതാണ്. ജനുവരി മാസത്തിൽ മാത്രം രാജ്യത്തെ രണ്ട് ഐഐടികളിൽ ആയി മൂന്ന് ആത്മഹത്യകളാണ് നടന്നിരിക്കുന്നത്. മദ്രാസ് ഐഐടിയിൽ രണ്ട് വിദ്യാർത്ഥികളും ഗുവാഹത്തി ഐഐടിയിൽ ഒരു വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തു. മരണ കാരണം പുറത്ത് വന്നിട്ടില്ലെങ്കിലും ക്യാമ്പസുകളിൽ വിദ്യാർഥികൾ കൊടിയ ചൂഷണത്തിന് ഇരയാകുന്നുവെന്നതിൽ തർക്കമില്ല.

മദ്രാസ് ഐഐടിയിലെ എംടെക്ക് ഒന്നാം വർഷ വിദ്യാർത്ഥിയായ ഗോപാൽ ബാബുവിനെ തിങ്കളാഴ്ച്ച ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബ്രഹ്മപുത്ര ഹോസ്റ്റലിലാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഗോപാൽ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവൂ എന്നാണ് പൊലീസ് പറയുന്നത്.

ഈ മാസം ആദ്യം പിഎച്ച്ഡി വിദ്യാർത്ഥിനിയും മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്തിരുന്നു. ഐഐടി ഗുവാഹത്തിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മറ്റൊരു വിദ്യാർത്ഥിയെ കണ്ടെത്തിയിരുന്നു. ആന്ധ്രാ പ്രദേശിൽ നിന്നുള്ള പാനിം പവൻ സിദ്ധാർത്ഥയെ ജനുവരി ഏഴിന് വൈകുന്നേരം അഞ്ച് മണിയോടെ സുഹൃത്തുക്കൾ ഫോണിൽ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അവസാന വർഷ ബിടെക്ക് വിദ്യാർത്ഥിയായിരുന്ന പാനിം പവൻ സിദ്ധാർത്ഥയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Spread the love
Read Also  നെയ്യാറ്റിൻകര ആത്മഹത്യക്ക് പിന്നിൽ കുടുംബ പ്രശ്നമെന്ന് ആത്മഹത്യ കുറിപ്പ്

1 Comment

Leave a Reply