Sunday, January 16

യുഎസ് ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നത് മൂന്ന് ലക്ഷം ഇന്ത്യക്കാര്‍

തൊഴിലധിഷ്ടിത പരിഗണന വിഭാഗത്തില്‍ പെട്ട 306,601 ഇന്ത്യക്കാരുടെ ഗ്രീന്‍ കാര്‍ഡിനായുള്ള അപേക്ഷകള്‍ യുഎസ് അധികൃതരുടെ അംഗീകാരം കാത്തിരിക്കുകയാണെന്ന് ഒടുവില്‍ ലഭ്യമാകുന്ന രേഖകള്‍ സൂചിപ്പിക്കുന്നു. യുഎസില്‍ സ്ഥിരവാസത്തിന് അനുമതി നല്‍കുന്ന ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്ന ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും തൊഴിലധിഷ്ടിത പരിഗണന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ തൊഴിലധിഷ്ടിത പരിഗണന വിഭാഗത്തില്‍പെട്ടവരെ ആശ്രയിക്കുന്ന കുടുംബാംഗങ്ങള്‍ ഗ്രീന്‍ കാര്‍ഡിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളുടെ കണക്ക് ലഭ്യമായിട്ടില്ല.

യുഎസ് ഗ്രീന്‍ കാര്‍ഡിനുള്ള ഇന്ത്യക്കാരുടെ അപേക്ഷകളില്‍ പ്രതിവര്‍ഷ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. 2015ല്‍ 64,116 പേര്‍ക്കാണ് ഗ്രീന്‍ കാര്‍ഡ് ലഭിച്ചതെങ്കില്‍ 2016ല്‍ അത് 64,687 ആയി വര്‍ദ്ധിച്ചു. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റാണ് (യു എസ് സി ഐ എസ്) കണക്കുകള്‍ പുറത്തുവിട്ടത്. വിദേശ പൗരന്മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്ന കാര്യത്തില്‍ യുഎസ് ഭരണകൂടം സമീപകാലത്ത് നയവ്യതിയാനങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള ഇമിഗ്രേഷന്‍ നയങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ യുഎസ് ഭരണകൂടത്തിന്റെ പരിഗണനയിലുണ്ട്.

ഇന്ത്യക്കാരുടെ അപേക്ഷകള്‍ കുന്നുകൂടുന്ന പ്രശ്‌നം വിവിധ ഉഭയകക്ഷി യോഗങ്ങളില്‍ ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്. സെപ്തംബറില്‍ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ, ആഭ്യന്തര മന്ത്രിമാര്‍ പങ്കെടുക്കുന്ന ടു-പ്ലസ്-ടു യോഗത്തില്‍ ഇന്ത്യ ഈ വിഷയം വീണ്ടും ഉന്നയിക്കും.

Spread the love
Read Also  ഇന്ത്യക്കെതിരെ സൈനിക നടപടി അരുതെന്ന് പാക്കിസ്ഥാനോട് അമേരിക്ക