Thursday, January 20

ഡല്‍ഹിയില്‍ മരിച്ച മൂന്ന് സഹോദരിമാരുടെ വയറ് കാലിയായിരുന്നു: വികസനം എന്ന ഇന്ത്യന്‍ ഉമ്മാക്കി

മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വികസന പെരുമ്പറ കൊട്ടുമ്പോഴും രാജ്യതലസ്ഥാനത്ത് പോലും പട്ടിണിമരണങ്ങള്‍ എന്ന കടുത്ത യാഥാര്‍ത്ഥ്യമാണ് ഇന്ത്യ നേരിടുന്നത്. കടുത്ത പോഷകാഹാരം കുറവ് മൂലമാണ് ചൊവ്വാഴ്ച രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ എട്ടും നാലും രണ്ടും വയസായ മൂന്ന് സഹോദരിമാര്‍ മരിച്ചതെന്ന് അവരെ പരിശോധിച്ച ഡോക്ടര്‍. അവരുടെ ശരീരത്തില്‍ കൊഴുപ്പിന്റെ അംശം പോലും ഉണ്ടായിരുന്നില്ലെന്നും മൂന്ന് പേരുടെയും വയറ് പൂര്‍ണമായും കാലിയായിരുന്നവെന്നും കടുത്ത പോഷകാഹാരം കുറവ് മൂലമാണ് അവര്‍ മരണമടഞ്ഞതെന്നും കിഴക്കന്‍ ഡല്‍ഹിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലെ ഡോക്ടര്‍ അമിത് സക്‌സേന പറയന്നു. ഡല്‍ഹിയിലെ മണ്ഡവാലി പ്രദേശത്തുനിന്നുള്ള കുട്ടികള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്. മരണങ്ങളെ കുറിച്ച് മജിസ്ട്രറ്റ് തലത്തില്‍ അന്വേഷണം നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു.

കുട്ടികളുടെ അമ്മ മാനസിക അസ്വസ്ഥതയുള്ള വ്യക്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റിക്ഷക്കാരനായ പിതാവ് വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. മാനസി(8), ശിഖ(4), പരുള്‍(2) എന്നിവരാണ് മരിച്ച കുട്ടികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടികളുടെ അമ്മ ശാന്തിയും (29) അച്ഛന്‍ മംഗല്‍ സിംഗും (32) കുട്ടികളുമൊപ്പം മാണ്ഡവാലി പ്രദേശത്തായിരുന്നു താമസം. ഇവരുടെ ചെറ്റക്കുടില്‍ മഴയില്‍ തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ഇവര്‍ തലാബ് ചൗക്കിലെ ഒരു ഇടുങ്ങിയ മുറിയിലേക്ക് മാറിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കുട്ടികള്‍ കുഴഞ്ഞുവീണതായി മുറിയുടമയുടെ മകന്‍ പ്രദീപ് സിംഗ് ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്. തന്റെ അമ്മ സുദേഷയെയും കൂട്ടി മുറിയില്‍ എത്തിയപ്പോള്‍ കുട്ടികള്‍ ബോധരഹിതരായി കിടക്കുകയായിരുന്നുവെന്ന് പ്രദീപ് പറയുന്നു. അയല്‍ക്കാരുടെ സഹായത്തോടെ കുട്ടികളെ അടുത്തുള്ള ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ കുട്ടികള്‍ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചതായും പ്രദീപ് സിംഗ് പറയുന്നു.

പോഷകാഹാരക്കുറവും പട്ടിണിയും മൂലമാണ് കുട്ടികള്‍ മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ ആദ്യ സൂചനകളെന്ന് ഈസ്റ്റ് ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ പങ്കജ് കുമാര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ദീര്‍ഘമായ പോഷകാഹാരക്കുറവ് കുട്ടികളെ അലട്ടിയിരുന്നതായി ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയിലെ ഒരു മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. സമീപത്തുള്ള തട്ടുകടയില്‍ ജോലി ചെയ്യുന്ന തന്റെ ഒരു വാടകക്കാരനാണ് ബീനയെയും കുടുംബത്തെയും തന്റെ അടുത്തെത്തിച്ചതെന്ന് പ്രദീപ് സിംഗ് വിശദീകരിച്ചു. മഴമൂലം ചേരിയിലെ വീട് തകര്‍ന്നതിനാല്‍ കുറച്ച് ദിവസത്തേക്ക് അഭയം വേണമെന്നാണ് പറഞ്ഞിരുന്നത്. മറ്റൊരു സ്ഥലം കിട്ടുമ്പോള്‍ മാറണം എന്ന ഉപാധിയോടെയാണ് അവരെ താമസിപ്പിച്ചതെന്നും വാടകയുടെ കാര്യം സംസാരിച്ചിരുന്നില്ലെന്നും പ്രദീപ് പറയുന്നു.

തന്റെ മക്കള്‍ മരിച്ചതായി ബീന തിരിച്ചറിയുന്നുണ്ടെങ്കിലും അതിന്റെ കാരണം കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. മാനസികാസ്വസ്ഥ്യമുള്ള ബീനയെ ശരിയായി ചോദ്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ സംഭവപരമ്പരയുടെ ചുരുളഴിക്കാനാവുന്നില്ലെന്നും പോലീസ് പറഞ്ഞു. കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തിരുന്നോ എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ ബീനയ്ക്ക് സാധിച്ചില്ല. ഭര്‍ത്താവ് എവിടെയാണെന്നും അവര്‍ക്കറിയില്ലെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ശനിയാഴ്ച കുടുംബത്തെ കൊണ്ടാക്കിയ ശേഷം പോയ മംഗല്‍ സിംഗ് പിന്നെ മടങ്ങിയെത്തിയിട്ടില്ലെന്ന് പ്രദീപ് സിംഗും സാക്ഷ്യപ്പെടുത്തുന്നു. ‘സബ്‌കെ സാത്ത്, സബ്‌കെ വികാസ്’ എന്ന് ആവര്‍ത്തിച്ച് മുദ്രാവാക്യം മുഴക്കുന്ന ഒരു നേതാവിന്റെ മൂക്കിന് കീഴെയാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നതാണ് ഏറ്റവും ദാരുണം. വികസനത്തിന്റെ വലിയ വായിലെ വര്‍ത്തമാനങ്ങളൊക്കെ ഭരണ സിരാകേന്ദ്രത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ എരിഞ്ഞ് തീരുന്നു എന്നതാണ് ഇന്ന് ഇന്ത്യ നേരിടുന്ന യാഥാര്‍ത്ഥ്യം.

Spread the love

Leave a Reply