Saturday, January 29

‘അകിര കുറസോവയെപ്പറ്റി മുമ്പ് ഞാനധികം കേട്ടിട്ടില്ല’: ആകസ്മികതയില്‍ നിന്നും ചരിത്രത്തിലേക്ക് നടന്ന ഒരു ബന്ധത്തിന്റെ കഥ

ഇന്നലെ അന്തരിച്ച പ്രമുഖ ജാപ്പനീസ് തിരക്കഥാകൃത്തും എഴുത്തുകാരനുമായ ഷിനോബു ഹാഷിമോട്ടോയുടെ ജീവിത്തിലൂടെ വി കെ അജിത്കുമാര്‍ സഞ്ചരിക്കുന്നു:

‘അകിര കുറസോവയെപ്പറ്റി മുന്‍പ് ഞാനധികം കേട്ടിട്ടില്ല. ജര്‍മ്മന്‍ യുദ്ധസമയത്ത് പബ്ലിഷ് ചെയ്ത ഇയ് ഗ ഹൈറോണില്‍ വന്ന ‘എ ജര്‍മ്മന്‍ ട്രൂമാ ടെംപിൾ’ എന്ന തിരക്കഥയെ അന്നത്തെ മികച്ച തിരക്കഥാകൃത്തായിരുന്ന ഇത്താനി പ്രശംസിച്ചതായറിയാം. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം സന്‍സിറോ സുഗാട്ടോ ഇവയെപ്പറ്റിയൊക്കെ കേട്ടിട്ടുണ്ട്.’
ഇങ്ങനെ പോകുന്ന ആത്മകഥാനുയാത്ര, ഒടുവില്‍ ചെന്നെത്തുന്നത് രണ്ട് പ്രതിഭാധനന്‍മാരുടെ ആദ്യ സംഗമത്തിന്റെ ഒട്ടും പ്രതീക്ഷയില്ലാത്ത ഒരു വിവരണത്തിലേക്കാണ്. റാഷമോണ്‍ ഉള്‍പ്പടെ ജാപ്പാന്റെ മഹാനായ ചലച്ചിത്രകാരന്‍ അകിര കുറസോവയുടെ ക്ലാസിക്കുകള്‍ക്ക് തിരക്കഥയൊരുക്കിയ ഷിനോബു ഹാഷിമോട്ടോയുടേതാണീ വിവരണം. ചില കൂടിച്ചേരലുകള്‍ ചരിത്രത്തിന്റെ വിധി പ്രസ്താവങ്ങളായി മാറും. ചിലത് ചരിത്രം സൃഷ്ടിക്കുവാനായി കാലം തന്നെ ഒരുക്കി വച്ചതാകും. കുറസോവയുടെയും ഹാഷിമോട്ടോയുടെയും ഒന്നിച്ചു ചേരല്‍ ഇതില്‍ രണ്ടിന്റെയും ഭാഗമാണ്. പടിഞ്ഞാറന്‍ ലോകത്തിന്റെ സിനിമാ വ്യവസായത്തിന് ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള വിധി പ്രസ്താവവും ചരിത്ര നിര്‍മ്മിതിയുമായിരുന്നു ഈ കൂട്ടുചേരല്‍. നോക്കു, എത്ര ലളിതമായാണ് ആ അധ്യായം ഹാഷിമോട്ടോ തന്റെ ‘കോമ്പൗണ്ട് സിനിമാറ്റിക്‌സ്, കുറസോവ ആന്റ് ഐ’ പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നതെന്ന്:

‘കുറസോവയെന്ന മഹാനായ മനുഷ്യന്റെ വീട് പ്രൊഡ്യൂസര്‍ സോജി റോ മോട്ടോക്കി പറഞ്ഞതനുസരിച്ച് ഒ ഡോക്യൂ ലൈനിലെ കൊമയ് സ്റ്റേഷനടുത്താണ്. സ്റ്റേഷനില്‍ നിന്നും അഞ്ചോ ആറോ മിനിട്ട് നടക്കാനുള്ള ദൂരം. ഞാന്‍ വാതില്‍ക്കലെ ബല്ലടിച്ചു. വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്ന തലമുടി നരച്ചു തുടങ്ങിയ ഒരു കുറിയ മനുഷ്യന്‍ വാതില്‍ തുറന്ന് ഹൃദ്യമായി സ്വീകരിച്ചു. അത് കുറസോവയുടെ പിതാവായിരുന്നു. ഞാനാരാണെന്നറിയിച്ചപ്പോള്‍ കയറിയിരിക്കാന്‍ പറഞ്ഞതിനു ശേഷം അദ്ദേഹം പോയി. മനോഹരമായ ജപ്പാനീസ് രീതിയില്‍ പണിത വീടിന്റെ ഭംഗി നോക്കി ഞാനിരുന്നു. കുറസോവ കടന്നു വരുന്നു. വളരെ നീളമുള്ള ഒരു മനുഷ്യന്‍. എനിക്കോര്‍മ്മിക്കാന്‍ കഴിയുന്നു അദ്ദേഹത്തിന്റെ ആഢ്യത്ത്വം നിറഞ്ഞതും തീഷ്ണവുമായുള്ള പ്രകൃതം. ആ ചുമന്ന കുപ്പായവും. എനിക്കന്ന് 31 വയസു പ്രായം അദ്ദേഹത്തിനെന്നേക്കാള്‍ എട്ടു വയസു പ്രായകൂടുതല്‍. അദ്ദേഹത്തിന്റെ കൈകളില്‍ ഞാന്‍ എന്റെ കൈപ്പടയിലെഴുതിയ ഷിയൂവിന്റെ കോപ്പിയും ഉണ്ടായിരുന്നു. അദ്ദേഹം അത് മുന്നിലേക്കിട്ടിട്ട് എന്നോടു സംസാരിച്ചു തുടങ്ങി.

‘ഇത് നിങ്ങള്‍ എഴുതിയ ഷിയൂ, ഇത് വളരെ ചെറുതാണ് അല്ലേ?’

‘അതില്‍ ഞാനെന്തിന് റാഷമോണ്‍ ഉള്‍പ്പെടുത്തണം, ‘

‘റാഷമോണ്‍’

അദ്ദേഹം പെട്ടെന്ന് തല കുലുക്കി. വെറുതേ പറഞ്ഞതായിരുന്നു ഞാന്‍.

കൊള്ളാം നിങ്ങളൊരു കാര്യം ചെയ്യു. ഇതില്‍ റാഷാമോണ്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തിരുത്തിയെഴുതൂ’

‘ ഞാനത് തീര്‍ച്ചയായും ചെയ്യാം’

പൂര്‍ണ്ണമാകാതെയുള്ള ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച അവിടെയവസാനിച്ചു. ഒന്നോ രണ്ടോ മിനിട്ടുകളാണ് ഞങ്ങള്‍ സംസാരിച്ചത്. കൈയെഴുത്തു കോപ്പി ബാഗിലാക്കി കുറസോവയും അദ്ദേഹത്തിന്റെ ഭാര്യയും കാട്ടിത്തന്ന വാതിലിലൂടെ ഞാന്‍ പുറത്തേക്കിറങ്ങി.

എനിക്ക് വളരെ കുറ്റബോധവും നാണക്കേടുമാണ് തോന്നിയത് എന്തിനാണ് ഞാന്‍ ഷിയൂവും റാഷമോണും ഒന്നിപ്പിക്കാമെന്നു പറഞ്ഞത്?’

ഈ ചിന്തയില്‍ തുടങ്ങിയ അന്വേഷണമാണ് എക്കാലത്തെയും മികച്ച സിനിമയ്ക്കുള്ള പിറവിയായി മാറിയതും അതേ സമയം സര്‍ഗാത്മകതയുള്ള രണ്ട് കൂട്ടുകാരുടെ സംഗമമായി മാറിയതും. അല്ലെങ്കില്‍ തന്നെ 1938 ല്‍ ജപ്പാനീസ് സൈനിക സേവനത്തിനിടയില്‍ ക്ഷയരോഗബാധിതനായ ഹാഷിമോട്ടോയുടെ ആശുപത്രി വാസമാണ് ലോകമറിയുന്ന ചലച്ചിത്ര പ്രതിഭയാകാന്‍ നിയോഗമായതെന്നു പറയാം. മന്‍സാകു ഇത്താനിയെന്ന അക്കാലത്തെ പ്രശസ്തനായ ചലച്ചിത്രകഥാ രചയിതാവിന്റെ ഒരു തിരക്കഥ ആശുപത്രിക്കിടക്കയില്‍ വച്ച് യാദൃശ്ചികമായി പരിചയപ്പെട്ട ഒരു സുഹൃത്തിലൂടെ ലഭിച്ച മാഗസിനില്‍ വായിക്കാനിടവന്നതുമെല്ലാം കുറസോവയിലേക്ക് തുറന്ന വാതിലുകളായിരുന്നു.

ഇത്താകുവിനയച്ചു കൊടുത്ത ആശുപത്രി കിടക്കയില്‍ വച്ചെഴുതിയ തിരക്കഥാശകലങ്ങളില്‍ അദ്ദേഹം ആകൃഷ്ടനാകുകയും എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെങ്കിലും ആ ബന്ധം അധികം നീണ്ടുനിന്നില്ല. ഇത്താകു 1946ല്‍ അന്തരിച്ചു.

‘ഇ്ന്‍ ദ ഗ്രോവ്’ എന്ന റിനോ സുകി അകുതാഗവയുടെ ചെറുകഥയെ ആസ്പദമാക്കി രചിച്ച തിരക്കഥയുമായി കുറസോവയെന്ന മഹാനായ സിനിമാക്കാരനെ പിന്നീട് കാണാന്‍ പോയ അനുഭവം. അകുതാഗവയുടെ മറ്റൊരു ചെറുകഥയായ റാഷോമോണ്‍ കൂടി കൂട്ടിച്ചേര്‍ത്തെഴുതൂ എന്ന നിര്‍ദേശം പിന്നീട് ചെന്നെത്തിയത് ജപ്പാന്റെ സിനിമാ ചരിത്രത്തിലെ ചില രേഖപ്പെടുത്തലുകളിലായിരുന്നു. ഇത് ആദ്യ അന്തര്‍ദേശിയ പുരസ്‌ക്കാരം രാജ്യത്തേക്ക് കൊണ്ടുവന്നു.

സെവന്‍ സമുറായ്‌

അത് തുടക്കം മാത്രം. പിന്നീട് ‘ദ ഹിഡന്‍ ഫോട്രസ്’, ‘സെവന്‍ സമുറായ്’ ‘ഹാരാക്കിരി’ ഒട്ടേറെ സിനിമകള്‍. റാഷമോണ്‍ എന്ന പദം പോലും ഇംഗ്ലീഷ് ലെക്‌സിക്കണില്‍ സ്വീകരിക്കപ്പെട്ടു ഒരു സംഭവത്തെപ്പറ്റിയുള്ള പല വ്യാഖ്യാനങ്ങള്‍ എന്നയര്‍ത്ഥത്തില്‍.

ഹാഷിമോട്ടോ കടന്നു പോകുമ്പോള്‍ അദൃശ്യമായ ഏതോ വാതായനത്തില്‍ അദ്ദേഹത്തെ കാത്തു നില്‍ക്കുന്നുണ്ടാകും. അയാളുമായുള്ള ആദ്യ പരിചയപ്പെടലില്‍ തന്നെ ‘അയാളില്‍ എന്തൊക്കെയോ പ്രതിഭ നിറഞ്ഞു നില്‍ക്കുന്നുണ്ടെന്ന് ‘തിരിച്ചറിഞ്ഞ സുഹൃത്ത്. കുറസോവയെന്ന പ്രതിഭാധനനായ കൂട്ടുകാരന്‍.

Spread the love

Leave a Reply