Wednesday, August 5

നബി, ക്രിസ്തു, ടിപ്പു ചരിത്രത്തിന് പുറത്തേക്ക് ; ഹിന്ദുത്വഗൂഡാലോചനകൾ

 

ലിയോ ജോൺ

വിദ്യാർഥികളെ ചരിത്രം പഠിപ്പിക്കാനായി ഹിന്ദുത്വവാദികൾ കഥാപരമ്പരകളുടെ നിർമ്മിതിയിലേർപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ എഴുതപ്പെട്ട ചരിത്രഗ്രന്ഥങ്ങളെല്ലാം ഹൈന്ദവ വീക്ഷണത്തിലധിഷ്ഠിതമല്ലെന്നും ചരിത്രം ‘പുനർനിർമ്മിക്കു’മെന്നും സംഘപരിവാർ നൽകിയ സൂചനകൾ പ്രായോഗികമാക്കുന്നതിൻ്റെ ഭാഗമായാണ് ചരിത്രത്തിന്മേലുള്ള വികലമായ കൊത്തുപണികൾ നടക്കുന്നത്.

കഴിഞ്ഞ ദിവസം കർണാടക സർക്കാർ 5-ാം ക്ലാസ്സുമുതൽ 10 വരെയുള്ള  ചരിത്ര പുസ്തകങ്ങളിൽ നിന്നും ആരാധ്യരായ യേശു ക്രിസ്തു, മുഹമ്മദ് നബി, ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ടിപ്പു സുൽത്താൻ എന്നീ ചരിത്രപുരുഷന്മാരെ ഒഴിവാക്കാൻ തീരുമാനിച്ചു. ബി ജെ പി സർക്കാരിൻ്റെ  ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കൊവിഡ് 19 ൻ്റെ ഭാഗമായി രാജ്യത്ത് സി ബി എസ് സി യും  സംസ്ഥാനങ്ങളും പാഠഭാഗങ്ങൾ 30 ശതമാനം വെട്ടിക്കുറക്കാൻ തീരുമാനിച്ചിരുന്നു. ഇതിൻ്റെ മറവിലാണ് ബി ജെ പി ഭരണകൂടങ്ങൾ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള സെൻഷർഷിപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്.

പ്രാധാന്യമേറിയ ഈ പാഠ്യഭാഗങ്ങൾ കൂടാതെ പല ക്ലാസുകളിലും ഭരണഘടനയെ പ്രതിപാദിക്കുന്ന ഭാഗങ്ങളും ദേശീയതയെ മതേതരത്വവുമായി ബന്ധപ്പെട്ട് പരാമർശിക്കുന്ന ഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ട്.

നേരത്തെ ദേശീയ വിദ്യാഭ്യാസ പദ്ധതിയായ സി ബി എസ് സി 10, 12 ക്ലാസ്സുകളിലെ ചരിത്ര പാഠഭാഗങ്ങളും സമാനമായ രീതിയിൽ ഒഴിവാക്കിയിട്ടുണ്ട്. ഭരണഘടന, പൗരത്വ നിയമം, മതേതരത്വം, ദേശീയത തുടങ്ങിയ ഭാഗങ്ങൾ ഇങ്ങനെ പൂർണമായ തോതിൽ ഒഴിവാക്കിയിട്ടുണ്ട്.

കോവിഡിൻ്റെ മറവിൽ സംഘപരിവാർ പാഠ്യപദ്ധതിയിൽ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം സജീവമായി രംഗത്തിറക്കിയിരിക്കുകയാണ്. വിദ്യാഭ്യാസനയം കാവി വൽക്കരിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികൾ ഉയർന്നു വരേണ്ടതുണ്ടെന്ന് ചരിത്രകാരന്മാരും മനുഷ്യാവകാശ സംഘടനകളും അഭിപ്രായപ്പെട്ടു.

സംഘപരിവാർ ആശയങ്ങളടങ്ങുന്ന ഭരണപരിഷ്കാര പദ്ധതിയിലെ മുഖ്യയിനമാണ് ആത്മനിർഭർ ഭാരത്. പ്രസ്തുത പദ്ധതിയനുസരിച്ച് വേദങ്ങളിലും, സ്മൃതികളിലും, ആധ്യാത്മികഗ്രന്ഥങ്ങളിലും  പ്രതിപാദിക്കുന്ന ആശയങ്ങളുടെ അടിസ്ഥാനത്തില്‍  ബ്രാഹ്മിണിക്കൽ രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമാണ് ഈ ‘പരിഷ്ക്കാര’ങ്ങളും.

സാമൂഹികക്ഷേമത്തിൻ്റെ ഭാഗമായി ഭാവിയിൽ പ്രവർത്തിക്കേണ്ട പുതുതലമുറയെ കാവി പൂശിയെടുക്കുക എന്ന ദൗത്യം നിറവേറ്റുകയാണ് ഇത്തരം സെൻസർ ഷിപ്പിലൂടെ ലക്ഷ്യമിടുന്നത്.

ഇതര വിഭാഗങ്ങളിലെ സാമൂഹ്യ പരിഷ്കരണ നടപടികളെക്കുറിച്ച് വിദ്യാർഥികൾ അജ്ഞാനികളായിരിക്കുക എന്നതിലുപരി വേദപുസ്തകങ്ങളിലും  ശ്ലോകങ്ങളിലും വൈഷ്ണവചിന്തകളിലും മാത്രം ഫോക്കസ് ചെയ്തുള്ള പാഠ്യപദ്ധതികളായിരിക്കും വരാനിരിക്കുന്നത് എന്നതിൻ്റെ ദുസ്സൂചന കൂടിയാണിത്.

 

Spread the love
Read Also  ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയാണ് ടിപ്പു സുൽത്താനെന്നു ബിജെപി എംപി