Saturday, January 29

പുകയില ഉല്‍പന്നങ്ങളുടെ വിലയില്‍ 100% വര്‍ധന ഏര്‍പ്പെടുത്തണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം

കുവൈറ്റില്‍ പുകവലിക്കാരുടെ നിരക്ക് ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ പുകയില ഉല്‍പന്നങ്ങളുടെ വിലയില്‍ 100% വര്‍ധന ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം. വില വര്‍ധിപ്പിക്കുന്നതിലൂടെ പുകയില ഉല്‍പന്നങ്ങളുടെ ഉപഭോഗം കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നിര്‍ദേശം. കുവൈറ്റില്‍ വര്‍ഷം തേറും പുകവലിക്കാരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. പ്രത്യേകിച്ച് വനിതകളും യുവാക്കളും. അതുകൊണ്ട് തന്നെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇവയുടെ വില പരമാവധി വര്‍ധിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അക്കാര്യത്തില്‍ ധനമന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കണം എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പരിസ്ഥിതി അതോറിറ്റിയുമായി സഹകരിച്ച് പുകവലിക്കെതിരെ കര്‍ശന നടപടി നടപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനും മന്ത്രാലയത്തിന് ആലോചനയുണ്ട്. പ്രസ്തുത സംഘാംഗങ്ങള്‍ക്ക് ജുഡീഷ്യല്‍ പദവി നല്‍കണം. നിയമലംഘനം കണ്ടെത്തിയാല്‍ അവിടെവച്ചു തന്നെ ശിക്ഷയും തീര്‍പ്പാക്കാന്‍ അധികാരമുള്ള പരിശോധകസംഘം ഉണ്ടായാല്‍ നിയമലംഘനത്തിനു മുതിരുന്നവരുടെ എണ്ണം കുറയും എന്നാണ് മന്ത്രാലയം കരുതുന്നത്. കൂടാതെ ഇലക്ട്രോണിക് സിഗററ്റ് പൂര്‍ണമായും നിരോധിക്കുന്നതിന് ആരോഗ്യമന്ത്രാലയം കസ്റ്റംസ് അധികൃതരുടെ സഹായവും അഭ്യര്‍ഥിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശപ്രകാരം ഇ-സിഗരറ്റിന്റെ കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Spread the love
Read Also  കുവൈറ്റിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് സാധുത പരിശോധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം