Monday, January 17

ടോമിൻ തച്ചങ്കരിയെ നീക്കം ചെയ്തു ; എം പി ദിനേശിനു കെ എസ് ആർ ടി സിയുടെ അധികചുമതല

കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ തച്ചങ്കരിയെ നീക്കം ചെയ്തു . ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എം.പി. ദിനേശിനാണ് പകരം എം ഡിയുടെ ചുമതല നൽകിയത്.

കുറേക്കാലമായി തൊഴിലാളിസംഘടനകളും ടോമിൻ തച്ചങ്കരിയുമായി നിരന്തരമായ അഭിപ്രായവ്യത്യാസം തുടരുകയായിരുന്നു. സംഘടനകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും മുഖ്യമന്ത്രിയും ഇതുസംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇതാണു തച്ചങ്കരിയെ മാറ്റുന്നതിലേക്ക് നയിച്ചത്.  കെഎസ്ആർടിസിയ്ക്ക് 25 വർഷത്തിനിടെ സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളവും പെൻഷനും നൽകാൻ തക്ക പ്രാപ്തിയിലേക്ക് എത്തിച്ചത് തച്ചങ്കരിയുടെ നേട്ടമായി.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എംപാനൽ ജീവനക്കാരെ ഒഴിവാക്കി പുതിയ നിയമനം നടത്തേണ്ടി വന്നത് കെ എസ് ആർ ടി സിയിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കെഎസ്ആർടിസി മാന്വലിനെ വകവയ്ക്കാതെ ഡ്യൂട്ടി സമ്പ്രദായം പരിഷ്കരിക്കാൻ ശ്രമിച്ചതും തൊഴിലാളി സംഘടനകളുമായുള്ള അഭിപ്രായവ്യത്യാസം വർദ്ധിപ്പിച്ചു.  മാനേജ്മെന്റിനെ നിരന്തരം സംഘടനകളുടെ സമ്മർദ്ദത്തിലാക്കാൻ തൊഴിലാളികൾ ശ്രമിച്ചെങ്കിലും തരിമ്പ് പോലും വിട്ടുകൊടുക്കാൻ എംഡിയും തയ്യാറായിരുന്നില്ല.

ടോമിൻ തച്ചങ്കരി അധികാരമേറ്റതുമുതൽ നിരവധി സമരങ്ങളാണ് തൊഴിലാളി സംഘടനകൾ  എംഡിക്കെതിരെ നടത്തിയത്. ഏറ്റവും ഒടുവിൽ അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതി വിലക്കുണ്ടായിട്ടും മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ച തൊഴിലാളികളെ ഗതാഗത മന്ത്രിയാണ് അനുനയിപ്പിച്ചത്.

Spread the love
Read Also  കെ എസ് ആർ ടി സി പണിമുടക്ക് തുടങ്ങി ; പകുതിയോളം സർവ്വീസുകൾ മുടങ്ങി

18 Comments

Leave a Reply