നവഅമേരിക്കൻ സാഹിത്യത്തിലെ മാറ്റിനിർത്താനാവാത്ത നാമമാണ് ടോണി മോറിസൻ്റെത് . കുറച്ചുകൂടി വ്യക്തമാക്കിയാൽ ആഫ്രോ അമേരിക്കൻ എഴുത്തിന്റെ തീവ്രസൗന്ദര്യവും തീഷ്ണതയുടെ ഔന്നിത്യവും പകർന്ന എഴുത്തുകാരി. എഴുത്തിലൂടെ അമേരിക്കയിലെ കറുത്ത ഐഡന്റിറ്റിയെയോ രാഷ്ട്രീയത്തെയോ കൃത്യമായി നിർണ്ണയിക്കുകയായിരുന്നു അവര്‍. പ്രത്യേകിച്ചും അമേരിക്കൻ ബ്ളാക്ക് സ്ത്രീ സമൂഹത്തിന്റെ ചരിത്രവും വർത്തമാനവും അവരെ ഒരുപോലെ വേട്ടയാടിക്കൊണ്ടിരുന്നുവെന്നും പറയാം. പല നിരൂപകരും സൂചിപ്പിക്കുന്നതുപോലെ മാർക്വസിൻ്റെ മാജിക്കൽ റിയലിസത്തിന്റെ സൌന്ദര്യം പിന്നീട് അതിന്റെ യഥാർത്ഥ അംശത്തിൽ അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളത് മോറിസൺ രചനകളിൽ തന്നെയാണ്.

ഭാവനയിലെ സങ്കീർണ്ണതകൾ എഴുത്തിലൂടെ കൃത്യമായും സംവേദനം നടത്തുവാൻ മോറിസണുകഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് അവരുടെ കൃതികൾ വിമര്ശകരെയും വായനക്കാരെയും വ്യത്യസ്ത ധ്രുവങ്ങളിലേക്കു പറഞ്ഞയക്കാതെ ഒരുപോലെ പിടിച്ചു നിർത്തിയത്.

“ദർശനാത്മകതയുടെ ശക്തിയും കാവ്യാത്മകമായ ഉള്ളടക്കവും എന്ന തരത്തിലാണ് നോബൽ അക്കാദമിക്ക് ഫാക്കൽറ്റി അവരുടെ രചനകളെ വിലയിരുത്തിയത്. അമേരിക്കൻ ചരിത്രത്തിന്റെ ഭാഗമായ കറുപ്പിന്റെ സാംസ്‌കാരിക വാമൊഴി പാരമ്പര്യത്തിന്റെ പ്രതീകങ്ങളെ പുതിയകാലത്ത് ശരിയായി നിര്‍ണ്ണയിക്കുവാൻ ടോണി മോറിസൺ പലപ്പോഴും ശ്രദ്ധിക്കുന്നതായി കാണാം. അതുകൊണ്ടുതന്നെ പ്ലോട്ടുകൾ പലതും സ്വപ്നതുല്യവും അനുക്രമവും ആകുമ്പോഴും, കാലഗണനയിൽ പിന്നോട്ടും മുന്പോട്ടും ചലിച്ചുകൊണ്ടിരിക്കുന്ന വായനാനുഭവമാണ് അവർ നൽകിയത്. മരണപ്പെട്ടുപോയവരുടെ വിചാരങ്ങൾ പോലും പലപ്പോഴും വിവരങ്ങളായാണ് മോറിസൺ രചനകളിൽ പ്രത്യക്ഷമാകുന്നത്.

Beloved എന്ന നോവല്‍ തന്നെ ഇപ്രകാരമുള്ള ആഖ്യാനശൈലിയുടെ ഉദാഹരണമാകുന്നു. 19-ആം നൂറ്റാണ്ടാണ് ഈ നോവലിന്റെ കാലഘട്ടം എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു രൂപകമായി ഇത് പലപ്പോഴും നിലകൊള്ളുകയും ചെയ്യുന്നു. ആഫ്രോ അമേരിക്കന്‍ മനസിന്‍റെ നിഗൂഡമായ തലങ്ങളാണ് മോറിസന്‍ ബെലോവ്ഡ് ലൂടെ വ്യക്തമാക്കുന്നത്. ഒരാള്‍ അടിമയായിരിക്കുന്നതിലും നികൃഷ്ടമായ അവസ്ഥ മറ്റൊന്നുമില്ലെന്നു തിരിച്ചറിയുന്ന അതെ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ തന്നെയാണ് അവളുടെ കുഞ്ഞു മകളെ ഭൂമിയില്‍നിന്നും പറഞ്ഞയക്കുന്നത്. ഒരേ സമയം മാതൃത്വത്തിന്റെ പരിപൂർണ്ണതയും അതേസമയം മകളെ തന്നെ കൊല ചെയ്തതിൻ്റെ മാനസിക വ്യഥകളും വേട്ടയാടുന്ന കഥാപാത്രം. കാലങ്ങള്‍ക്കപ്പുറം ആരുടെയൊക്കെയോ നിയന്ത്രണങ്ങള്‍ക്കനുസരിച്ചു ജീവിക്കുവാനും ചിന്തിക്കുവാനും പോലും ശീലിച്ചു പോയ ആഫ്രിക്കന്‍ അടിമയുടെ പിന്തുടര്‍ച്ചയില്‍ പെടുന്ന ടോണി മോറിസൻ്റെ രചനകളില്‍ ലഭ്യമാകുന്നത് ഒരുവിധത്തിൽ തീവ്രമായ അനുഭവതലമാണ്. പലതരം ശബ്ദങ്ങളും മോണലോഗുകളും കൊണ്ട് തികച്ചും വ്യത്യസ്തമായ ഒരാഖ്യാന ശൈലി തന്നെയാണ് ‘ബെലോവ്ഡ്’ പിന്തുടരുന്നത്.

ബ്ലാക്ക് ഫെമിനിസ്റ്റ് സാഹിത്യ നിരൂപണശാഖയുടെ രൂപീകരണത്തിൽ ടോണി മോറിസന്റെ സുല ഒരവിഭാജ്യഘടകമായിരുന്നുവെന്ന് ബാർബറ സ്മിത്തിനെപ്പോലുള്ള സാഹിത്യ നിരൂപകാർ സൂചിപ്പിക്കുന്നുണ്ട്. സുലയെക്കുറിച്ച് ഒരു ലെസ്ബിയൻ വായന കൂടി നടത്തണമെന്ന അഭിപ്രായവും പലവട്ടം ചർച്ചാവിഷയമായിട്ടുമുണ്ട്. വ്യത്യസ്തങ്ങളും എന്നാല്‍ ചിലപ്പോള്‍ സമാനതകളുമുള്ള തരത്തില്‍ ഐഡന്‍ഡിറ്റിയുള്ള രണ്ടു പെണ്‍കുട്ടികള്‍ ആഖ്യാനകേന്ദ്രമാകുന്നതുകൊണ്ട് മാത്രമല്ല അത് അതിനുപരിയുള്ള പെൺ പരസ്പര്യമാണ് സുലയിൽ കടന്നു വരുന്നതെന്നതുകൊണ്ടു കൂടിയാണത്.

ഒരു കഥാപാത്രമെന്ന നിലയിൽ സുലയുടെ അവ്യക്തതതന്നെ പരമ്പരാഗതമായ ബൈനറി എതിർപ്പുകളെ അട്ടിമറിക്കുന്നുണ്ട്, കൂടാതെ സാമൂഹികവും ഭാഷാപരവുമായ അതിരുകൾ മറികടക്കുകയും ചെയ്യുന്നതരത്തിലേക്ക് അതുമാറുമ്പോൾ ഏതുഭാഷയിലുള്ള വായനക്കാരനുവേണ്ടിയും സൃഷ്ടിക്കപ്പെട്ടതെന്ന അനുഭവവും നൽകുന്നു. ഒരു വിധത്തില്‍ കഥാപാത്രത്തിന്റെ മുഴുവൻ സങ്കൽപ്പത്തെയും നിഷേധിക്കുകയും അതൊരു ആശയത്തിന് പകരം വയ്ക്കുകയും ചെയ്യുന്നുവെന്നും പറയാം. അതിനാൽതന്നെ ഒരു തരം ഭ്രമാത്മക വായനതന്നെയാണ് സുല ആവശ്യപ്പെടുന്നതും.

Read Also  വലതുപക്ഷതീവ്രവാദിക്ക് സാഹിത്യനോബൽ നൽകിയത് വിവാദമാകുമെന്ന് സൂചന

ബ്ലാക്ക് ഫെമിനിറ്റിയുടെ സങ്കീർണ്ണമായ ഒരു സാമൂഹിക ചട്ടക്കൂടിലാണ് സുലയും കടന്നു പോകുന്നത്. അതുപോലെതന്നെ പിതൃത്വമെന്ന ആശയവും യാഥാർഥ്യവും എത്ര മാത്രമെന്നും ടോണി മോറിസന്‍ സുലയിലൂടെ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.

മോറിസൻ്റെ രചനകള്‍ മിക്കതും കുടുംബം, സമൂഹം, വംശം എന്നിവയുടെ ബന്ധങ്ങളിൽ ഭൂതകാലം പങ്കിടുന്ന ശക്തമായ പ്രകടനമാണ് ചര്‍ച്ചചെയ്യുന്നത്. സംസ്കാരം, സ്വത്വം, അവകാശം എന്നിവ മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് കൊച്ചുമക്കളിലേക്ക് കൈമാറാൻ അനുവദിക്കുന്ന ബോണ്ടുകൾ ഇപ്പോഴുമുണ്ടെന്നും അത് വ്യത്യസ്തങ്ങളായ വിഷയങ്ങളില്‍ അഭിരമിക്കുമ്പോഴും ജീവിക്കുമ്പോഴും മനുഷ്യനില്‍ നിന്നും അകന്നു പോകുന്നില്ലെന്നും മോറിസന്‍ കൃതികള്‍ വ്യക്തമാക്കുന്നു.

1993 ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിത, 1988 ൽ പുലിറ്റ്‌സർ സമ്മാനം നേടിയ “Beloved” തുടങ്ങിയ പ്രശസ്തമായ കൃതികളിലൂടെ പുതിയ വായനശീലം വളര്‍ത്തിയിട്ടുണ്ട്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here