Thursday, January 20

നമ്മൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞു.

ബി സി 3300 മുതൽ 1600 വരെ ജീവിച്ച ഒരു മഹാസംസ്കാരത്തിൻ്റെ പാരമ്പര്യമാണ് നമ്മൾ ഇന്ത്യക്കാർക്കും പിന്നെ തൊട്ടയലത്തെ പാക്കിസ്ഥാനുമുള്ളത്.നവീന ശിലായുഗമനുഷ്യൻ്റെ മഹത്തായ സംസ്ക്കാരമെഴുതിയ ഈജിപ്ഷ്യൻ നാഗരികത വിടർന്നത് നൈൽ നദിയുടെ തീരത്തു തന്നെയായിരുന്നു.മധ്യപൂർവ ഏഷ്യയിൽ യൂഫ്രട്ടീസ് റ്റൈഗ്രീസ് നദീതടങ്ങളിലാണ് മറ്റൊരു പുരാതന നാഗരികതയായ മെസപ്പട്ടോമിയൻ സംസ്കാരം നിലനിന്നത്.എന്തേ മനുഷ്യൻ നെടു നീളത്തിലുള്ള ഈ നദീ തടങ്ങൾ ചരിത്രാതീത കാലം മുതൽ തെരെഞ്ഞെടുത്തു.മനുഷ്യൻ്റെ അടിസ്ഥാന ജീവിതാവാശ്യമായ ഭക്ഷണം, അത് സ്വയം പര്യാപ്തമായ ജീവിതത്തിലൂടെ നേടിയെടുക്കണമെന്ന തീരുമാനമാകാം മനുഷ്യനെ നദീ തട ജീവിയാക്കിയത് .

പലസന്ദർഭങ്ങളിലും അവനോടു കലഹിച്ചത് ഇതേ ജലവാഹിനികളാണ്. അവൻ്റെ കാർഷിക സമ്പത്തിനേയും കരുതലുകളേയും ആർത്തലച്ചുവന്ന് നിർദാക്ഷിണ്യം തട്ടിയെടുത്തു കൊണ്ടുപോയിട്ടും മനുഷ്യൻ നദീതടങ്ങളെ എന്തുകൊണ്ടോ ഇഷ്ടപ്പെട്ടു.ജലവും മനുഷ്യനും അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നു.സൈന്ധവ സംസ്കാരത്തിൻ്റെ ശവപ്പെട്ടിയുടെ അവസാന ആണിയടിച്ചത് അവർ അത്രമേൽ ഇഷ്ടപ്പെട്ട സിന്ധുനദിതന്നെയാണെന്ന് ഇൻഡസിനെക്കുറിച്ചു പഠിച്ചിട്ടുള്ള ഗവേഷകരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞിട്ടുണ്ട്.

 

പുതിയ കാലത്തെ മനുഷ്യനും ചരിത്രത്തിലുള്ളവരും നദികളെ കണ്ടെത്തിയത് പക്ഷേ വ്യത്യസ്ഥവീക്ഷണത്തിലായിരുന്നു.പുരാതന നാഗരികത അവൻ്റെ ജീവിതത്തെ നിലനിർത്താൻ നദീതീരത്തെ മണ്ണിനെ കണ്ടെത്തിയപ്പോൾ പുതിയ കാലമനുഷ്യൻ അതിൻ്റെ സൗന്ദര്യത്തിൽ അഭിരമിക്കുകയായിരുന്നു.ആലുവാപുഴയുടെ തീരത്തെ അതി മനോഹരമായ സൗധങ്ങൾ  പുതിയ കേരളത്തിൻ്റെ വാസസ്ഥല രാഷ്ട്രീയത്തിലെ ടാഗ് ലൈനായി മാറി.

ഒഴുകിവരുന്ന സൗന്ദര്യം ഒരു ജലബോംബാണെന്ന് അവരറിഞ്ഞത് ഇപ്പോൾ മാത്രമാണ്.ചാലക്കുടിപ്പുഴയും  ആലുവാപ്പുഴയും അതിൻ്റെ എല്ലാ ലാളിത്യവും മറന്ന് തിമിർത്താടിയപ്പോൾ നദീതീരവാസികൾ ഭയന്നുപോയി.ഇതുവരെ അവർ കണ്ടിട്ടില്ലാത്ത അവരുടെ പുഴകൾ..എന്തേ ഇങ്ങനെ?

ഇവിടെനിന്നാവണം നമ്മുടെ പുതിയ സംസ്കാരം രൂപപ്പെടേണ്ടത്…

നദികൾ മനുഷ്യൻ്റെ പുതിയ ഉപഭോഗസംസ്കാരത്തിൻ്റെ പ്രതിരൂപങ്ങൾ മാത്രമാകുന്നു. ഒരു കാലത്ത് അവൻ്റെ കാർഷിക സംസ്കാരം നദിയുടെ തീരത്ത് മാത്രമായിരുന്നെങ്കിൽ ഇപ്പോൾ നദികളെ അവൻ്റെ വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു പുതിയ മനുഷ്യൻ. കൃഷിക്കുവേണ്ടിയും വൈദ്യുതിക്കുവേണ്ടിയും മനുഷ്യൻ നദിയുടെ സ്വാഭാവിക ഒഴുക്കിനെ അവൻ്റെയിഷ്ടത്തിനു മാറ്റിയെടുത്തു.

ലോകമെമ്പാടും മുനുഷ്യൻ ഇങ്ങനെതന്നെയാണ്.അല്ലെങ്കിൽ തന്നെ നാഗരികതയ്ക്ക് ഒരു പൊതുസ്വഭാവം പണ്ടുമുതൽതന്നെയുണ്ടായിരുന്നല്ലോ.

 

വാദങ്ങൾ പലതാണ് നദീതീരത്ത് മാത്രമല്ലല്ലോ കുന്നിടിച്ചിലും ഉണ്ടായില്ലേയെന്നുള്ള വാദമാണ് ഇവയിലൊന്ന്.അതേ നമ്മുടെ കുന്നുകളും ജല സഞ്ജയങ്ങളായിരുന്നു അതിനെയും നമ്മൾ കടന്നാക്രമിച്ചു.

അച്ചൻകോവിലാറിനുകുറുകേ അണകെട്ടിയിട്ടില്ല പിന്നെങ്ങനെ പന്തളം പോലൊരു പ്രദേശം മുങ്ങിയെന്ന വാദം ഇതിനിടെ ഉയരുന്നു. അതു ശരിതന്നെയാണ് പക്ഷേ നമ്മൾ വിസ്മരിക്കുന്നമറ്റൊന്നുണ്ട്.കേവലം അഞ്ചു കിലോമീറ്റർപോലും അകലമില്ലാതെ മൂന്ന്  നദികളാണീ പരിസരത്ത് കൂടിയൊഴുകുന്നത്.പമ്പയും മണിമലയും അച്ചങ്കോവിലും. ജലസമൃദ്ധമാണീനദികൾ പലപ്പോഴും ഇവയ്കിടയിൽ രൂപപ്പെട്ട തണ്ണീർ തടങ്ങൾ അതെല്ലാമാണ് നമ്മൾ കയ്യേറിയത്.ഇപ്പോഴും ഞങ്ങൾ പങ്കു വയ്ക്കുന്നത് അതേകാര്യം തന്നെയാണ് നദികളുടെ സ്വാഭാവിക ഒഴിക്കിനെ നമ്മൾ വകവച്ചു കൊടുത്തില്ല.നമ്മുടെ ഇഷ്ടത്തിനവയെ വകഞ്ഞു പിടിക്കുകയായിരുന്നു. പന്തളത്ത് ഒന്നു വളഞ്ഞൊഴുകിയിരുന്ന അച്ചൻ കോവിലാർ കടയ്കാടു ഭാഗത്ത് നിന്നും ഗതി മാറിവന്നാണ് ഇത്രയേറെ പ്രളയം സൃഷ്ടിച്ചത്. തിരുവല്ലയ്കും ചെങ്ങന്നൂരിനുമിടയിലുള്ള വരട്ടാർ ഒരു സ്മാരകമാണ് പണ്ട് അതുവഴിയായിരുന്നു ഇപ്പോൾ തൊട്ടയലത്തുകൂടിപ്പോകുന്ന മണിമലയാറോഴികിയിരുന്നതെന്നു പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.ഇങ്ങനെയാണ് പ്രകൃതി അതിനു അതിൻ്റേതായ ചില തീരുമാനങ്ങളുണ്ട് അത് വളരെ കൃത്യമായി നടത്തുകയും ചെയ്യും ..ഇവിടെനിന്നാകണം നമ്മൾ ഇനി ഉയർത്തുന്ന നവകേരളം സൃഷ്ടിക്കപ്പെടേണ്ടത്.

Spread the love