മുത്തലാഖ് ബില്ല് പാസാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് തിരിച്ചടി. എൻഡിഎ സഖ്യ കക്ഷികളായ അണ്ണാ ഡിഎംകെയും, ജനതാദൾ യുണൈറ്റഡും ബില്ലിനെ പിന്തുണയ്ക്കില്ലെന്നറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജെഡിയു ബില്ലിനെ എതിർക്കുമെന്നും അണ്ണാ ഡിഎംകെ ബിൽ അവതരിപ്പിക്കുമ്പോൾ വിട്ടുനിൽക്കുമെന്നാണ് അറിയുന്നത്. അതേസമയം ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

മുത്തലാഖ് നിരോധിക്കാനുള്ള ബില്ല് ഇതു വരെ പാർലമെൻറ് ചർച്ചയ്ക്കെടുത്തിട്ടില്ല. അവസാനഘട്ടത്തിലേക്ക് ഇത് മാറ്റാനാണ് സർക്കാർ തീരുമാനം. ബജറ്റും ധനാഭ്യർത്ഥനകളും പാസാക്കിയ ശേഷം ബില്ല് കൊണ്ടുവരാനാണ് നീക്കം. ലോക്സഭ പാസാക്കിയാലും രാജ്യസഭയിൽ വീണ്ടും ബില്ല് പരാജയപ്പെടാനുള്ള സാധ്യത ഏറെയാണ്. എൻഡിഎ സഖ്യകക്ഷികളായ ജനതാദൾ യുണൈറ്റഡ്, അണ്ണാ ഡിഎംകെ എന്നിവയുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കവും പാളി.

245 അംഗ സഭയിൽ ഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണ വേണം. നിലവിൽ എൻഡിഎയ്ക്ക് ഉള്ളത് 115 പേരുടെ പിന്തുണ. 78 പേരാണ് ബിജെപിക്ക് മാത്രം സഭയിലുള്ളത്. 13 പേരുള്ള അണ്ണാഡിഎംകെയും 6 പേരുള്ള ജനതാദൾ യുണൈറ്റഡും ഒപ്പം ചേർന്നില്ലെങ്കിൽ ഭരണപക്ഷത്തെ അംഗസംഖ്യ 96 ആയി ചുരുങ്ങും. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി വോട്ടു ചെയ്താൽ ബില്ല് പരാജയപ്പെടും. പ്രതിപക്ഷത്ത് ഭിന്നത ഉണ്ടാക്കാനും ചില പാർട്ടികളെ വിട്ടു നില്ക്കാൻ പ്രേരിപ്പിക്കാനുമാണ് സർക്കാർ നീക്കം.

വൈഎസ്ആർ കോൺഗ്രസിന്‍റെയും ടിആർഎസിൻന്‍റെയും എട്ട് എംപിമാർ വിട്ടു നിന്നേക്കും. രാജ്യസഭയിലെ ഘടന മാറിയെങ്കിലും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷത്തിന് രണ്ട് കൊല്ലമെങ്കിലും കാത്തിരിക്കണം. തല്ക്കാലം ഏതു ബില്ലിൻന്‍റെയും വിജയത്തിന് എൻഡിഎ സഖ്യകക്ഷികൾ ഒറ്റക്കെട്ടായി നിൽക്കേണ്ടതും അനിവാര്യമാണ്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഭരണഘടനയെ മറികടക്കാനുള്ള യോഗി സർക്കാർ നീക്കം കേന്ദ്ര സർക്കാർ തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here