Sunday, November 29

ട്രമ്പിന്റെ നാല് വര്‍ഷക്കാലം സമ്പന്നര്‍ക്ക് സുവര്‍ണ കാലം

ട്രംപ് അമേരിക്ക ഭരിച്ച നാല് വര്‍ഷക്കാലം സമ്പന്നര്‍ക്ക് സുവര്‍ണ കാലമായിരുന്നുവെന്നുള്ള വെളിപ്പെടുത്തലുണ്ടായിരിക്കുന്നു.. 2016ല്‍ ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ആസ്തിയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ പത്ത് മഹാകോടീശ്വരന്മാരുടെ പട്ടിക ഫോബ്‌സ് ആണ് പുറത്തുവിട്ടിരിക്കുന്നത്.
ഇ കൊമേഴ്‌സ് രംഗത്തെ ആഗോള ഭീമനായ ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ആണ് ഇതിൽ മുമ്പൻ. 2020 ഒക്ടോബര്‍ 19 വരെയുളള കണക്കുകള്‍ പ്രകാരം 189 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി. സ്‌പേസ് എക്‌സ് സിഇഒ ആയ എലന്‍ മസ്‌ക് ആണ് പട്ടികയിലെ രണ്ടാമന്‍. മസ്‌കിന്റെ ആകെ ആസ്തി 90 ബില്യണ്‍ ഡോളറാണ്. 2016 മുതല്‍ 79 ബില്യണ്‍ ഡോളറാണ് ആസ്തിയിലുണ്ടായിരിക്കുന്ന വര്‍ധനവ്. മൈക്രോസോഫ്റ്റിന്റെ മുന്‍ സിഇഒ ആയ സ്റ്റീവ് ബാള്‍മര്‍ ആണ് മൂന്നാമത്. 73 ബില്യണ്‍ ആകെ ആസ്തിയുളള ബാള്‍മറിന് 2016ലെ തിരഞ്ഞെടുപ്പിന് ശേഷം മുതല്‍ 44 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. നാലാമതായി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ്. 96 ബില്യണ്‍ ഡോളര്‍ ആകെ ആസ്തിയുളള സക്കര്‍ബര്‍ഗ് 2016 മുതല്‍ 44 ബില്യണ്‍ ഡോളര്‍ സ്വന്തം പോക്കറ്റിലേക്ക് കൂട്ടിച്ചേര്‍ത്തു. ക്വിക്കന്‍ ലോണ്‍സ് സ്ഥാപകനായ ഗാന്‍ ഗില്‍ബെര്‍ട്ട് ആണ് അഞ്ചാമത്. 44 ബില്യണ്‍ ഡോളറാണ് ആസ്തി. 2016 മുതല്‍ 39 ബില്യണ്‍ ഡോളര്‍ ആസ്തിയില്‍ വര്‍ധനവുണ്ടായി. ആറാം സ്ഥാനത്തുളളത് മൈക്രോ സോഫ്റ്റിന്റെ സ്ഥാപകരില്‍ ഒരാളായ ബില്‍ ഗേറ്റ്‌സ് ആണ്. 117 ബില്യണ്‍ ഡോളറാണ് ബില്‍ഗേറ്റ്‌സിന്റെ ആകെ ആസ്തി. 2016 മുതല്‍ 35 ബില്യണ്‍ ഡോളറാണ് ബില്‍ഗേറ്റ്‌സിന്റെ ആസ്തിയില്‍ വര്‍ധിച്ചിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ആസ്തി വര്‍ധിപ്പിച്ച കോടീശ്വരന്മാരില്‍ അവസാന നാല് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത് വാള്‍മാര്‍ട്ടിന്റെ ആലിസ് വാള്‍ട്ടണ്‍, ജിം വാള്‍ട്ടണ്‍, റോബ് വാള്‍ട്ടണ്‍ എന്നിവരും ഒറാക്കിള്‍ കോര്‍പറേഷന്റെ സഹസ്ഥാപകനായ ലാറി എല്ലിസണുമാണ്.

Spread the love
Read Also  വംശഹത്യക്കെതിരെ ഹൂസ്റ്റണിൽ മോദി വിരുദ്ധ റാലി