പൂനെയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെ 4.40ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. നാമജപപ്രതിഷേധക്കാര്‍ അവരെ പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുകയാണ്. അവരെ സ്ഥിതിഗതികള്‍ പറഞ്ഞ് മനസ്സിലാക്കി തിരിച്ചയയ്ക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. എന്നാല്‍ ഒരു കാരണവശാലും ശബരിമല സന്ദര്‍ശിക്കാതെ തിരികെ പോകില്ലെന്നാണ് തൃപ്തി ദേശായിയുടെ നിലപാട്.
വിമാനത്താവളത്തില്‍ നിന്നും തൃപ്തി ദേശായിയെ കയറ്റാന്‍ എയര്‍പോര്‍ട്ടിലെ പ്രീ പെയ്ഡ് ടാക്സിക്കാര്‍ തയ്യാറല്ല. തനിക്ക് താമസവും സുരക്ഷയും നല്‍കണമെന്ന് തൃപ്തി ദേശായി മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പോലീസ് മേധാവിയ്ക്കും ഇ മെയില്‍ അയച്ചിരുന്നതാണ്. എന്നാല്‍ തൃപ്തി ദേശായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. തൃപ്തി ദേശായിയെ ഓണ്‍ലൈന്‍ ടാക്സിയില്‍ പുറത്തെ ഹോട്ടല്‍ റൂമിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോള്‍ പോലീസ് ശ്രമിക്കുന്നത്.