സാമ്പത്തികശാസ്ത്ര നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയ്ക്ക് പിന്തുണയുമായി കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. അഭിജിത് ബാനർജിക്ക് ഇടത് ചായ്‌വ് ഉണ്ടെന്ന കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനക്കെതിരേയാണു രാഹുല്‍ ഗാന്ധി രംഗത്തുവന്നത്. ഈ മതഭ്രാന്തര്‍ വിദ്വേഷത്താല്‍ അന്ധരാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

കോടിക്കണക്കിനു ഇന്ത്യാക്കാർ അഭിജിത്തിൻ്റെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് രാഹുൽ പറഞ്ഞു. ‘ഈ മതഭ്രാന്തര്‍ വിദ്വേഷത്താല്‍ അന്ധരാണ്. ഒരു പ്രഫഷണല്‍ എന്താണെന്ന് ഇവര്‍ക്ക് ഒരുപിടിയുമില്ല. ഒരു പതിറ്റാണ്ട് ശ്രമിച്ചാലും’ നിങ്ങള്‍ക്കത് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താനുമാകില്ല. രാഹുലിൻ്റെ ട്വീറ്റിൽ പറഞ്ഞു

ഇന്ത്യയിലെത്തിയ അഭിജിത് ബാനർജി കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉയന്നയിച്ചിരുന്നു. അധികാരം പ്രധാനമന്ത്രിയുടെ ഓഫിസില്‍ അമിതമായി കേന്ദ്രീകരിച്ചത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. നോബേല്‍ സമ്മാനം ലഭിച്ചതിനു ശേഷം ആദ്യമായി ഇന്ത്യയില്‍ എത്തിയ അഭിജിത് ബാനര്‍ജി, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രസർക്കാരിനെ വിമർശിച്ചത്

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കോര്‍പ്പറേറ്റ് നികുതികളില്‍ വരുത്തിയ മാറ്റം ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് നികുതി ഇളവുകള്‍ രാജ്യത്ത് നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സാധ്യതയില്ല. ആദായ നികുതികള്‍ കുറയ്ക്കുകയല്ല, മറിച്ച് ഡിമാന്റ് വര്‍ധിപ്പിക്കാനുതകുന്ന രീതിയില്‍ ഗ്രാമീണ മേഖലയില്‍ പണം ലഭ്യമാക്കുകയാണു വേണ്ടത്. ഇതിന് പിഎം കിസാന്‍ പോലുള്ള പരിപാടികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ബോധപൂര്‍വം താങ്ങുവിലയില്‍ കുറവുവരുത്തിയതാണ് ഗ്രാമീണ മേഖലകളില്‍ പണ ലഭ്യത കുറയാന്‍ കാരണം. നഗരങ്ങളിലെ നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് ഇതു ചെയ്തത്. നോട്ടു നിരോധനവും ജി എസ് ടി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

നടപടിക്രമങ്ങളിലെ പാളിച്ചകളാണു ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമാകാത്തതിനു കാരണമെന്ന് നൊബേല്‍ ജേതാവ് ചൂണ്ടിക്കാട്ടി. വരള്‍ച്ച പോലുള്ള സന്ദര്‍ഭങ്ങളില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്തുകൊണ്ടാണ് ഫലപ്രദമാകാതെ പോയതെന്നതിനെക്കുറിച്ച് പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിലാണു അഭിജിത്ത് ബാനര്‍ജിക്കെതിരേ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രംഗത്തെത്തിയത്. ഇടത് അനുകൂല സാമ്പത്തിക വിദഗ്ധനാണ് അഭിജിത്ത് ബാനര്‍ജിയെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. പിയൂഷ് ഗോയല്‍ എന്റെ പ്രൊഫഷനലിസത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് അഭിജിത് പറഞ്ഞു. സാമ്പത്തികകാര്യത്തില്‍ എനിക്ക് പക്ഷപാതിത്വമില്ല. ബിജെപി ഭരിക്കുന്നത് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളുമായി ഞങ്ങള്‍ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. പഠനകാലത്ത് ഇപ്പോഴത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ സുഹൃത്തായിരുന്നുവെന്നും അഭിജിത് ബാനര്‍ജി വെളിപ്പെടുത്തി.

Read Also  കേരളാകോൺഗ്രസ് സിപിഎമ്മിനെതിരെ അസംബ്ലി തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതുപോലെയെ രാഹുലിന്റെ വയനാടൻ മത്സരം കാണാൻ കഴിയൂ ; രഘു നന്ദനൻ എഴുതുന്നു

LEAVE A REPLY

Please enter your comment!
Please enter your name here