Wednesday, January 19

കേന്ദ്രസര്‍ക്കാരിനെ കടത്തിവെട്ടി യു എ ഇ; 700 കോടി രൂപ ദുരിതാശ്വാസം നല്‍കും

തങ്ങളുടെ അയല്‍രാജ്യത്തെ സഹോദരങ്ങള്‍  പ്രളയക്കെടുതിയില്‍ നിലവിളിക്കുമ്പോള്‍ ഈ അറബിരാജ്യത്തിനു കണ്ടുനില്‍ക്കാനാവുന്നില്ല.  യു എ ഇ പ്രസിഡണ്ട്  ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍   700 കോടിയുടെ സഹായവാഗ്ദാനവുമായി  നമ്മുടെ  കൊച്ചുകേരളത്തെ മനസ്സറിഞ്ഞു  കണ്ണീരൊപ്പാന്‍ രംഗത്തുവന്നിരിക്കുന്നു.  കേന്ദ്രസര്‍ക്കാര്‍പോലും 500 കോടിയുടെ സഹായമാണ് വാഗ്ദാനം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയതാണീ വിവരം.

പ്രളയക്കെടുതി നേരിടാൻ കേന്ദ്രസർക്കാരിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടും. തൊഴിലുറപ്പുപോലുള്ള പദ്ധതികൾ കേന്ദ്ര ആവിഷ്കൃതപദ്ധതികളിൽപ്പെടുത്തി 2600 കോടി രൂപയുടെ പ്രത്യേക പാക്കേജാക്കി നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തിന് പുറത്തുനിന്നു എടുക്കാവുന്ന വായ്പാ പരിധി ഉയർത്തണം. ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനമാണ് നിലവിലെ പരിധി. ഇത് നാലര ശതമാക്കണമെന്നാണമെന്നാണ് ആവശ്യമുന്നയിച്ചിട്ടുള്ളത്. 10500 കോടി രൂപ ഇതുവഴി സമാഹരിക്കാനാവുമെന്നു കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയൊരു കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് നാം. സ്വകാര്യബാങ്കുകൾ ദുരിതാശ്വാസക്യാമ്പുകളിൽ പോയി കുടിശിക ഈടാക്കരുത്. വായ്പ തിരിച്ചടവിനു സാവകാശം നൽകണം. സംസ്ഥാനധനകാര്യസ്ഥാപനങ്ങൾ എല്ലാ വായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലേക്കുള്ള സാധനങ്ങളുടെ ജി എസ് ടി യിൽ 10 ശതമാനം സെസ് ഏർപ്പെടുത്താൻ ആവശ്യപ്പെടും. നബാര്ഡിനോട് പ്രത്യേക പദ്ധതി ആവിഷ്കരിച്ചു സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൃഷി, ജലസേചനം മറ്റ് സാമൂഹികരംഗം തുടങ്ങിയ മേഖലകളിൽ ദീർഘകാലപദ്ധതികൾ ആസൂത്രണം ചെയ്യാൻ നബാർഡിനു സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മഹാപ്രളയം നേരിടേണ്ടിവന്ന സാഹചര്യത്തിൽ ദുരിതാശ്വാസം, പുനരധിവാസം, പുനര്നിര്മാണപ്രക്രിയകളുടെ ചർച്ച എന്നിവ ചർച്ച ചെയ്യാനായി പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. പ്രളയക്കെടുതിയെക്കുറിച്ചു ചർച്ച ചെയ്യുന്നതിന് ഇന്ന് വൈകുന്നേരം 4 മണിക്ക് സർവ്വകക്ഷിയോഗം ചേരുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Spread the love
Read Also  മത്സ്യത്തൊഴിലാളികള്‍ ഇരുനിലകെട്ടിടങ്ങളല്ല; ഒ. അരുണ്‍ കുമാര്‍