Thursday, January 20

ശബരിമലയിലെ സമരം പമ്പയിൽ അവസാനിപ്പിച്ച് യുഡിഎഫ്; നാളെ ഗവർണ്ണറെ കാണും

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്നിധാനത്തേക്ക് പോകാതെ പമ്പയിൽ സമരം അവസാനിപ്പിച്ചു. ശബരിമല വിഷയത്തിൽ യുഡിഎഫ് സംഘം നാളെ ഗവർണറെ കാണാൻ തീരുമാനിച്ചതായി പ്രതിപക്ഷനേതാവ് അറിയിച്ചു.

രാവിലെ പതിനൊന്നരയോടെ ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയ യു.ഡി.എഫ് നേതാക്കളെ നിലയ്ക്കലില്‍ തടഞ്ഞ ശേഷം പൊലീസ് പിന്നീട് കടത്തിവിടുകയായിരുന്നു. എം.എല്‍.എമാരെ വാഹനങ്ങളില്‍ കടത്തി വിടാമെന്നും മറ്റുള്ളവര്‍ ബസില്‍ പോകണമെന്നുമാണ് പൊലീസ് ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ നേതാക്കള്‍ അതിനു വഴങ്ങിയില്ല. ഇതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയശേഷം എസ്.പി യതീഷ് ചന്ദ്ര എല്ലാവരെയും കടത്തിവിടാമെന്ന് അറിയിക്കുകയായിരുന്നു.

ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയിലെ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ആര്‍.എസ്.എസിനും ബി.ജെ.പിക്കും ആളിനെ കൂട്ടിക്കൊടുക്കുന്ന പണി മുഖ്യമന്ത്രി നിര്‍ത്തണം. തങ്ങളെ അറസ്റ്റ് ചെയ്യണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി കള്ളത്തരം പ്രചരിപ്പിക്കുകയാണ്. തരംതാണനിലയിലുള്ളതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും ചെന്നിത്തല പറഞ്ഞു.

Spread the love
Read Also  പത്തനംതിട്ടയിൽ ആരു ജയിക്കും? ഒരവലോകനം

Leave a Reply