Thursday, January 20

ഉമ്പായി, കൊച്ചിയുടെ പാട്ടുകാരന്‍: സി ടി തങ്കച്ചന്‍

നൂറ്റാണ്ടുകളുടെ സംഗീത പാരമ്പര്യമുള്ള മട്ടാഞ്ചേരിയിൽ നിന്ന് സംഗീത ലോകത്തേക്കെത്തിയ ഗസൽ ഗായകനായിരുന്നു ഉമ്പായി . ചെറുപ്പത്തിലെ സംഗീതം ഉമ്പായിക്ക് മറ്റെന്തിനേക്കാളും വലുതായിരുന്നു. മട്ടാഞ്ചേരിയിലെ തട്ടുമ്പുറങ്ങളിൽ നടന്നിരുന്ന സംഗീത സദിരുകളിൽ നിന്ന് ഊർജ്ജം സ്വീകരിച്ചാണ് ഇബ്രാഹിം എന്ന ബാലൻ വളർന്നു വന്നത്. ഡസ്കി ലടിച്ച് പാടിയിരുന്ന ഒരു ഭൂതകാലത്തിൽ നിന്നാണ് ഉമ്പായി എന്ന തബലിസ്റ്റിന്റെ ജനനം

അന്ന് കേരളിയരുടെ പ്രിയഗായകനായിരുന്ന മെഹബൂബ് ഭായിയുടെ കൂടെ കൂടുകയായിരുന്നു ആ ബാലൻ.
ഉമ്പായിയുടെ താളബോധത്തിൽ ആകർഷിതനായാണ് മെഹബൂബ് തന്റെ നാട്ടിലെ ചില സംഗീത പരിപാടികൾക്ക് ഉമ്പായിയെ തബല വായിക്കാൻ കൂടെ കൂട്ടിയത്. അന്ന് മാളികപ്പുരകളിൽ നടക്കുന്ന സംഗീതമേളകളിൽ ഉമ്പായിക്കൊപ്പം തബല വായിച്ചു കൊണ്ട് ആരംഭിച്ച സംഗീത ജീവിതത്തിന് വളരെ പെട്ടെന്നു തന്നെ തിരശ്ശീല വീണു.

സംഗീതവുമായി  നടന്നാൽ ജീവിതം ഹലാക്കാകുമെന്ന വിശ്വാസമായിരുന്നു ഉമ്പായിയുടെ ബാപ്പയ്ക്ക്. മറ്റൊരു ബന്ധുവിനൊപ്പം ഉമ്പായിയെ ബാപ്പ ബോംബെയിലേക്ക് നാടുകടത്തി. മകനെ ഒരു ഇലക്ട്രീഷ്യനാക്കാനായിരുന്നു ബാപ്പയുടെ പദ്ധതിയെങ്കിലും ഒന്നും നടന്നില്ല.   ബോംബേയിലെ ജീവിതം  തന്നെയൊരു  തോന്ന്യവാസിയാക്കിയെന്നാണ് ഉമ്പായിതന്നെ പറഞ്ഞത്. മദ്യത്തിലും മറ്റ് ലഹരികളിലും കുഴഞ്ഞ് മറിഞ്ഞ് തോന്നിയപോലെ ജീവിച്ചിരുന്ന ഒരു കാലത്തെക്കുറിച്ച് ഇടയ്ക്കൊക്കെ ഉമ്പായി പറയാറുണ്ടായിരുന്നു. ചുമട്ടുജോലി മുതൽ കള്ളക്കടുത്തുവരെ നടത്തിയിരുന്ന അക്കാലത്തും സംഗീതം ഒരു വലിയ മോഹമായ് ഉള്ളിൽ നെരിപ്പോടുപോലെ നീറിയിരുന്നു.

നിരവധി സംഗീത പരിപാടികളിലെ സ്ഥിരം ശ്രോതാവായിരുന്ന ഉമ്പായി ഒരു ഹിന്ദുസ്ഥാനി സംഗീതസദസ്സിൽ വെച്ചാണ് തന്റെ ഗുരുനാഥനെ കണ്ടെത്തിയത്. പിന്നെ ആരോടും ഒന്നും പറയാതെ ഗുരുവിനൊപ്പം ഗുരുവിന്റെ വീട്ടിൽ താമസിച്ച് സംഗീത പഠനം ആരംഭിച്ചു. അങ്ങനെ ബോംബേ ജീവിതമാണ് ഉമ്പായി ഒരു ഹിന്ദുസ്ഥാനീ സംഗീതജ്ഞനാക്കിയത്. 1988 ൽ ഉമ്പായി ആദ്യഗസൽ സംഗീതമിട്ട് പാടി. പങ്കജ് ഉദാസിനെപ്പോലുള്ള വലിയ ഗായകർക്കു വേണ്ടി ഗസൽ രചിച്ചിട്ടുള്ള ഹസ്റത്ത് ജയ്പൂരിയാണ് ഉമ്പായിയുടെ ആദ്യ ഗസലിനു കവിതയെഴുതിയത്. അതിനു ശേഷമാണ് ഉമ്പായി വീണ്ടും കൊച്ചിയിലെത്തുന്നത്.

ജോൺ എബ്രഹാം അമ്മ അറിയാൻ എന്ന സിനിമയെക്കുറിച്ച് ആലോചിക്കുന്ന കാലത്താണ് ജോൺ ഒരു ഗസൽ സംഗീതസദസ്സിൽ വെച്ച് ഉമ്പായിയെ പരിചയപ്പെടുന്നത്. അമ്മ അറിയാൻ എന്ന സിനിമയിൽ ഗസൽ പാടി അഭിനയിക്കാൻ ജോൺ ഉമ്പായിയെ ക്ഷണിച്ചു. അമ്മ അറിയാനിലൂടെയാണ് കൂടുതൽ മലയാളികൾ ഉമ്പായിയെ അറിഞ്ഞത്. ഇതിനിടയിൽ കൊച്ചിയിൽ ഉമ്പായി ഗസൽ സംഗീത പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി.  അതു വരെ ഉറുദുവിലും ഹിന്ദിയിലുമുള്ള ഗസലുകളാണ് കച്ചേരികളിൽ അവതരിപ്പിച്ചിരുന്നത്. ബാബുരാജിന്റെ ഗസൽ ഛായയിലുള്ള ഗാനങ്ങളും തിരുനെല്ലൂർ കരുണാകരന്റെ “കാറ്റേ നീ വിശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ ” തുടങ്ങിയ പാട്ടുകളും മെഹബൂബ് ഭായിയുടെ പാട്ടുകളും പാടിയിരുന്നെങ്കിലും. സ്വന്തമായി ഒരു മലയാളം ഗസൽ പുറത്തിറക്കണമെന്നും കച്ചേരിയിൽ പാടണമെന്നുമുള്ള മോഹം അതികലശലായിരുന്നു ഉമ്പായിക്ക്.

Read Also  എ അയ്യപ്പനും ദിനേശ് ബാബുവും ഇന്ത്യൻ ബാങ്കും; സി ടി തങ്കച്ചൻ

ഉമ്പായിയുടെ സുഹൃത്തായിരുന്ന ഫ്രൈസ് വില്ലേജ് റസ്റ്റോറ്റിലെ ആനന്ദനാണ് ഉമ്പായിയുടെ ഈ ആഗ്രഹം എന്നെ അറിയിച്ചത്. അന്ന് ഞാൻ എണാകുളത്തെ ഫാൽക്കൺലോഡ്ജിലെ മാനേജരായി ജോലി നോക്കുന്ന കാലം. മലയാളത്തിലെ യുവകവികളും എഴുത്തുകാരും എണാകുളം വഴി പോകുമ്പോൾ ഞാൻ അവർക്ക് ആതിഥ്യം അരുളിയിരുന്ന കര്യം ലോഡ്ജിലെ സ്ഥിരം അന്തേവാസിയായിരുന്ന ആനന്ദിനറിയാമായിരുന്നു. അതുകൊണ്ടാണ് ഗസൽ രചിക്കാൻ ഒരു കവിയെ വേണമെന്ന് ആനന്ദ് എന്നോടു പറഞ്ഞത്. ഞാൻ ആലോചിച്ചപ്പോൾ ഒരാൾ മാത്രമാണ് എന്റെ മനസ്സിൽ തെളിഞ്ഞത്.

ഹിന്ദുസ്ഥാനി സംഗീതത്തിൽ അഭിരമിക്കുന്ന കവിയാണ്  വേണു വി ദേശം. ആയിടയ്ക്കാണ് വേണുവിന്റെ ‘മല്ലികാർജ്ജുനൻ മൻസൂർ പാടുന്നു’ എന്ന കവിത വായിച്ചത്.  ഞാൻ ഉടൻ വേണുവിനെ വിളിച്ചു. അന്ന് സിവിൽ സപ്ലൈസ് ഓഫീസിലാണ് വേണു ജോലി ചെയ്തിരുന്നത്. ഞാൻ വേണുവിനോട് ഉമ്പായിക്കു വേണ്ടി ഗസലെഴുതാമോ എന്നു ചോദിച്ചു. വേണുവിന് പെരുത്ത് സന്തോഷം. അങ്ങനെ വേണുവും ഉമ്പായിയും ഒരുമിക്കുന്നു. ഒരാഴ്ച്ചക്കാലം കൊച്ചി ടുറിസ്റ്റ് ബംഗ്ലാവിലിരുന്ന് ഉമ്പായിയുടെ ഗസൽ സംഗീതത്തെ വേണു കവിത കൊണ്ട് പൂരിപ്പിക്കുന്നു.

അങ്ങനെ മലയാളത്തിലെ ആദ്യ ഗസൽ സംഗീത ആൽബം പുറത്തിറങ്ങുന്നു. ഉമ്പായിയെ സംബന്ധിച്ചിടത്തോളം അതൊരു തുടക്കമായിരുന്നു. പിന്നീട് യൂസഫലി കേച്ചേരി, ഒ.എൻ.വി. എന്നിവർ ഉമ്പായിയുടെ ഗസലുകൾക്ക് വേണ്ടി എഴുതി. കവി സച്ചിദാനന്ദന്റെ കവിതകൾക്ക് ഉമ്പായി ഇണം പകർന്നു അവ മലയാളം ഗസലുകളായി പരന്നൊഴുകി. മലയാളത്തിൽ പ്രണയവും വിരഹവും ലഹരിയും നുരയുന്ന നിരവധി ഗസലുകൾ പിറന്നു. ഉമ്പായി ലോകമെങ്ങുമുള്ള മലായാളികളുടെ പ്രീയപ്പെട്ട ഗായകനായി. ഒരിക്കൽപ്പോലും സിനിമയുടെ മോഹവലയത്തിൽ വീഴാതെ ഹിന്ദുസ്ഥാനി സംഗീതത്തിലും ഗസലുകളിലും മാത്രം ജീവിച്ച അസാധാരണമായ ഒരു സംഗീത ജീവിതത്തിനാണ് ഇന്ന് ശ്രുതി മുറിഞ്ഞത്.

Spread the love