Friday, September 17

മുസ്ളീം ക്രിസ്ത്യൻ കൂട്ടുകൂടൽ നയം കോൺഗ്രസിൻ്റെ അന്ത്യമാകുമോ?

 

തെരഞ്ഞെടുപ്പിൻ്റെ കാലം അടുക്കും തോറും കേരളത്തിൽ ജാതി മത ധ്രുവീകരണം ശക്തമാകുന്നുവെന്നു വേണം മനസിലാക്കാൻ.മുസ്ളിം സമുദായത്തിൻ്റെ മൊത്തവ്യാപാരമേറ്റെടുത്ത പാണക്കാട്ട് തറവാട്ടിലേക്ക് നേതാക്കൻമാർ പാഞ്ഞു തുടങ്ങി. കോൺഗ്രസിനെ വരുതിയിൽ നിർത്തി കേരളം പിടിക്കാനുള്ള മോഹവുമായി കുഞ്ഞാലിക്കുട്ടി ഒരു സ്റ്റെപ്പ് മുന്നോട്ട് പോയതിൻ്റെ അനുരഞ്ജജന മാണോ സംഭവിക്കുന്നതെന്ന സംശയം ഉയരുന്നു. എന്തായാലും നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

മലപ്പുറവും കോട്ടയവും ഇടുക്കിയുടെ ചില ഭാഗങ്ങളും കൊണ്ട് അതിജീവിച്ചു വന്ന യു.ഡി എഫ് ശരിക്കും വെട്ടിലായത് മാണി ഗ്രൂപ്പും കൊണ്ട് ജോസ് കളം മാറ്റിച്ചവുട്ടിയപ്പോഴാണ്. ഇതിൻ്റെ അലയൊലികൾ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തു.

ഉമ്മൻ ചാണ്ടിയെന്ന നേതാവാണ് രമേശ് ചെന്നിത്തലയേക്കാൾ മെച്ചമെന്ന കണ്ടെത്തലിൽ പിന്നെ ബാറ്റൺ ചാണ്ടിയുടെ കൈകളിലേക്ക് എത്തുകയായിരുന്നല്ലോ! അനാവശ്യ ഗിമ്മിക്കുകൾ കാണിച്ച് രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിൽ തന്നെ ഒരു ദുരന്തമായി മാറിയതിൻ്റെ ഫലം കൂടിയായിരുന്നു യു ഡി എഫിൻ്റെ പതനം

ബി.ജെ.പിയുടെയും രമേശ് ചെന്നിത്തലയുടെയും പത്ര സമ്മേളനങ്ങൾ പോലും തിരിച്ചറിയാൻ പറ്റാത്ത വിധമായി മാറിയത് നമ്മൾ കണ്ടതാണ്.

എന്നാൽ ക്രിസ്ത്യൻ മുസ്ളീം ബൽറ്റുകളിൽ ഇടതുപക്ഷം സൃഷ്ടിച്ച മേൽ കൈ പൊളിക്കാൻ തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനമെന്നു വേണം കരുതാൻ. കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭ പുരോഹിതൻമാരും പാണക്കാട് തങ്ങളും തമ്മിൽ നടന്ന കൂടിക്കാഴ്ച്ച ഇതിൻ്റെ മുന്നോടിയായി ക്കാണാൻ കഴിയും. കേരള കോൺസിൻ്റെ നഷ്ടം വീണ്ടെടുക്കാൻ നടത്തുന്ന മറ്റൊരു നീക്കം. പ്രത്യേകിച്ചും സഭാതർക്കത്തെപ്പറ്റി നിശിതമായ ഭാഷയിൽ പൊതുവേദിയിൽ വിമർശിച്ച മുഖ്യമന്ത്രിയോടുള്ള വൈര്യവുമായാണ് തിരുമേനിമാരിൽ ഒരാൾ പാണക്കാട്ടേക്കെത്തുന്നത്.

ശരിക്കും ഈ ഒത്ത് ചേരൽ ശക്തമാകുകയാണെങ്കിൽ ഗുണകരമാകുന്നത് കെ.സുരേന്ദ്രൻ്റെ ബി ജെ പിയ്ക്കുകു തന്നെയാണ്. നിലവിൽ കോൺഗ്രസിനെ പിന്താങ്ങിയിരുന്ന അടിസ്ഥാന ഹിന്ദു ( നായർ ) വേട്ടുകളിൽ നല്ലൊരു ശതമാനവും പ്രത്യക്ഷമായോ ഗോപ്യമായോ ബി.ജെപിയ്ക്ക് അനുകൂലമാകാൻ സാധ്യതയുണ്ട്. അതായത് കോൺഗ്രസിൻ്റെ ശവപ്പെട്ടിയിലെ അവസാന ആണി അടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വം. എത്ര അനുനയിക്കപ്പെട്ടാലും അവസാനിക്കാത്ത ഗ്രൂപ്പ് എന്ന യാഥാർത്ഥ്യം കൂടിയാകുമ്പോൾ പതനം പൂർത്തിയാകും. നല്ല പ്രതിപക്ഷ നേതാവല്ലെങ്കിലും ശക്തമായി ഗ്രൂപ്പ് കളിക്കാൻ രമേശ് ചെന്നിത്തലയെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് കേരളത്തിലെല്ലാവർക്കും അറിയാം.

ദേശീയ രാഷ്ട്രീയം എന്തായാലും കേരളത്തിൻ്റെ രാഷ്ട്രിയ ഭൂമിയിലേക്ക് അത് പ്രതിഫലിക്കില്ല എന്നതാണ് അനുഭവമെങ്കിലും ഈ എൻ ഡി എ കാലത്ത് തീവ്രഹിന്ദുത്വത്തിന് ബദൽ സൃഷ്ടിക്കുന്നതിൽ കോൺഗ്രസ് എത്രമാത്രം മുമ്പോട്ടു വന്നു എന്ന് പരിശോധിക്കേണ്ടതാണ്. രാഹുൽ ഗാന്ധിയുൾപ്പടെയുള്ള നേതാക്കൻമാർ കുഞ്ഞാലിക്കുട്ടിയുൾപ്പെടുന്ന ന്യൂനപക്ഷ സമുദായ പിന്തുണയിൽ ലോക്സഭയിലെത്തിയിട്ടും കാര്യമായ ഗുണമൊന്നും ഉണ്ടാകുന്നില്ല എന്നുനുള്ളതാണ് യാഥാർത്ഥ്യം .ഈ മന്ദിത അവസ്ഥയെ മറികടക്കാനും കൂടിയാകാണം ഉമ്മൻ ചാണ്ടിയുടെ ശ്രമം.

Read Also  വേളം നസിറുദ്ദീൻ കൊലക്കേസ്; രണ്ട് പ്രതികൾക്ക് ജീവപര്യന്തം

നിയമസഭ തിരഞ്ഞെടുപ്പ് എന്തായാലും കോൺഗ്രസിനെ സംബന്ധിച്ച് നിലനിൽപ്പിൻ്റെ പ്രശ്നമാണ്. അതു കൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ കൗശലക്കാരൻ്റെ ഏതറ്റം വരെ നീണ്ടുപോകുന്ന ഇടപെടലും പ്രതീക്ഷിക്കാം. ഒപ്പം രമേശ് ചെന്നിത്തലയുടെ ദു:ഖവും

Spread the love