Wednesday, January 19

പാട്ടിന്റെ വാണീജ്യ സാധ്യകളില്‍ അഭിരമിക്കാതിരുന്ന തലമുറയുടെ അവസാനകണ്ണി

വി കെ അജിത് കുമാര്‍

ഒരിക്കലും അദ്ദേഹത്തിന്റെ ശബ്ദം യേശുദാസിന്റേതുപോലായിരുന്നില്ല. ഒരിക്കലും അദ്ദേഹം പാടിയത് ബാബുരാജിന്റെ ശൈലിയിലല്ല. ഒരിക്കലും ഉമ്പായിയെപ്പോലൊരു പാട്ടുകാരന്‍ ഇനിയുണ്ടാകുകയുമില്ല. ഇത് തികച്ചും സത്യമാകുന്നത് ഉംബായിയുടെ സംഗീതം മനസിലേക്ക് ഒഴുകിയണയുമ്പോഴാണ്. കോഴിക്കോടിന്റെ സംഗീതചിത്തത്തിലേക്ക് ബാബുരാജെന്ന ഗായകന്‍ കടന്നുവന്നത് അതുവരെ അത്രയൊന്നും കേള്‍ക്കതെ പോയ ഒരു സംഗീതവുമായിട്ടാണ്. കര്‍ണ്ണാടകത്തിന്റെ ആസ്വാദനഗരിമയില്‍ എത്തിച്ചേരാതെ പോയ ഒരാസ്വാദകവൃന്ദത്തെ ബാബുരാജിനു പെട്ടെന്നു തന്നെ ലഭിച്ചു. പിന്നെ പി ഭാസ്‌കരനെന്ന തരളഭാഷയും കൂടിചേര്‍ന്നപ്പോള്‍ മലയാള ഗാനശാഖ പുതിയൊരു ആസ്വാദനതലത്തിലേക്ക് കയറിപ്പോയി.

ആ പാരമ്പര്യത്തിന്റെ ഒരു കണ്ണികൂടി ഉംബായിയിലൂടെ നഷ്ടമാകുന്നു. ഉമ്പായി പാടുകയാണ്. പാടുക സൈഗാള്‍ പാടുകയെന്ന് ഘനഗംഭീരമായ ശബ്ദത്തില്‍ പാടുമ്പോള്‍, വിരലുകള്‍ ഹര്‍മ്മോണിയം കട്ടകളില്‍ ഓടിനടക്കുന്നുണ്ടാകും. മട്ടാഞ്ചേരിയില്‍ നിന്നും സംഗീതം തലയ്ക്ക് പിടിച്ച ബാല്യത്തെപ്പറ്റി ഉമ്പായി പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. “എനിക്കു ചുറ്റും സംഗീതമായിരുന്നു. മെഹ്ബൂബ് ഭായിയായിരുന്നു അവരിലെന്നെ സ്വാദീനിച്ചത്. വളരെ നൈസര്‍ഗ്ഗികമായ സംഗീതമായിരുന്നു മെഹ്ബൂബിന്റേത്. പലപ്പോഴും അദ്ദേഹത്തിനു വേണ്ടി തബലവായിക്കാനും ഇടയായിട്ടുണ്ട്.”

മെഹ്ബൂബുമൊത്തുള്ള കാലമാണ് ഒരു പക്ഷേ ഉംബായിയെ ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് കൂടുതലടുപ്പിച്ചത്. അക്കാലത്ത് പ്രശസ്തരായ പല ഹിന്ദുസ്ഥാനി സംഗീതജ്ഞരും മട്ടാഞ്ചേരിയില്‍ എത്തുമായിരുന്നു. ഇവരൊക്കെ താമസിക്കുന്നത് അബ്ദുള്‍ ഖാദര്‍ വക്കീലിന്റെ വീട്ടിലായിരുന്നു. അവിടത്തെ ശിങ്കിടിപ്പണികള്‍ ചെയ്തുകൊണ്ടാണ് ഉമ്പായി ആ സംഘത്തില്‍ കടന്നു കൂടിയത്.  ഹിന്ദുസഥാനി സംഗീതത്തിലേക്ക് കൂടിയായിരുന്നു ആ കടന്നുകയറ്റം. അന്നൊക്കെ തബലയോടായിരുന്നു പ്രണയം. എന്നാല്‍ അന്നൊരിക്കല്‍ പണ്ഡിറ്റ് രവിശങ്കറും അല്ലാരഖയും ഒത്തുചേര്‍ന്ന ഒരു ഗസല്‍ സന്ധ്യയാണ് ശരിക്കും ഉംബായിക്ക് വഴിത്തിരിവായത്. തബലയെന്നത് തനിക്കു അത്ര വഴങ്ങില്ലെന്നുള്ള തിരിച്ചറിവ് ആ സന്ധ്യയില്‍ അദ്ദേഹത്തിന് ലഭിച്ചു.

വീട്ടിലെ നിഷേധിയെ നന്നാക്കാനായി നാടുകടത്താനുള്ള ബാപ്പയുടെ തീരുമാനം ഒരു തരത്തില്‍ ഉമ്പായിക്കു മുന്‍പില്‍ തുറന്നത് വലിയൊരു ലോകമായിരുന്നു. മുംബെയില്‍ (അന്നത്തെ ബോംബെ) എത്തി ഉസ്താദ് മുജാവുര്‍ അലിഖാന്റെ ശിഷ്യനായി മാറിയ ഉമ്പായി തന്റെ ഇഷ്ടമാര്‍ഗ്ഗം കണ്ടെത്തിക്കഴിഞ്ഞിരുന്നു. അതിനുശേഷം എണ്ണിയാലൊടുങ്ങാത്ത സംഗീതയാത്രകള്‍. ആസ്വാദകര്‍. ഉമ്പായി അദ്ദേഹത്തിന്റെ സംഗീതവുമായി അലയുകയായിരുന്നു. അധികം വഴങ്ങാത്ത മലയാളം ഭാഷയില്‍ ഗസലിനു സാധ്യതയുണ്ടെന്നും അതില്‍ പ്രണയവും വിരഹവും പദാനുപദം നിറയുമെന്നും ഉമ്പായിതന്നെയാണ് കണ്ടെത്തിയത്. ബാബുരാജിന്റെ ലാളിത്യത്തിനപ്പുറം നില്‍ക്കുന്ന ഒരു ഭാവം ഉമ്പായിലൂടെ മലയാളി കേട്ടു, അതിനെ പ്രണയിച്ചു.

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ എന്ന് ഉംമ്പായി പാടുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത് പാടിപ്പതിഞ്ഞ ആ പഴയ പാട്ടല്ല. അതിനപ്പുറം നില്‍ക്കുന്ന വ്യവഹാരങ്ങള്‍ കൂടിയായിരുന്നു. പാട്ടിന്റെ വാണിജ്യ സാധ്യതകളില്‍ ഒരിക്കലും വിശ്വസിക്കാത്ത ഒരു തലമുറയുടെ കണ്ണിയാണ് ഉമ്പായി കടന്നു പോകുമ്പോള്‍ നമുക്കു നഷ്ടമാകുന്നത്. ഗഗനവഴികളിലെവിടെയെങ്കിലും ഒരു സൂഫിയെപ്പോലെ പാടിനടക്കുന്ന ഉമ്പായിയെന്ന നമ്മുടെ സ്വന്തം പാട്ടുകാരനുവേണ്ടി കാതോര്‍ക്കാം.

`”ഇനിയും സഖേ നിന്നെ കാത്തിരിക്കും”, എന്ന ആ മധുരിത ഗാനം ഇങ്ങനെ തിരിത്തി പാടാം. ജീന്‍ ഓസ്റ്റിന്റെ പ്രശസ്തമായ വരികളെ ഓര്‍ത്തുകൊണ്ട്, ഇങ്ങനെ പാടാം: നിന്റെ സംഗീതമില്ലെങ്കില്‍ ജീവിതം ശൂന്യമാകുന്നു.

Spread the love