Monday, January 24

നീതിയില്ലെങ്കിൽ ദയാവധം അനുവദിക്കണമെന്ന് ഉന്നയിലെ ദലിതുകൾ

നീതിയില്ലെങ്കിൽ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നയിലെ ദലിതുകൾ രാഷ്ട്രപതിയ്ക്ക് കത്തയച്ചു. ഗുജറാത്തിലെ ഉനയില്‍ 2016 ജൂലൈയിലാണ് ചത്ത പശുവിന്റെ തോലുരിച്ചതിന് നാലു ദളിത് യുവാക്കളെ നഗ്നരാക്കി സവര്‍ണര്‍ കാറില്‍ കെട്ടിനിര്‍ത്തി അടിച്ചത്. മോട സമാധിയലയില്‍ വെച്ച് ആക്രമിച്ച ശേഷം ഇവരെ ഉന ടൗണിലേക്ക് നടത്തിച്ചു. ഇതിനെതിരെ വൻ ദളിത് മുന്നേറ്റങ്ങളായിരുന്നു നടന്നത്. പിന്നീട് കഴിഞ്ഞ ഏപ്രിലിൽ ദലിതുകൾ കൂട്ടത്തോടെ ബുദ്ധമതം സ്വീകരിക്കുകയായിരുന്നു.

തങ്ങൾക്ക് നീതിയോ അല്ലെങ്കിൽ ദയാവധമോ വേണമെന്ന് ആവശ്യപ്പെട്ട് ഇരകളിലൊരാള്‍ ഡിസംബര്‍ ഏഴുമുതല്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നും വര്‍ഷ്‌റാം സര്‍വയ്യ കത്തില്‍ വ്യക്തമാക്കി. ദേശീയതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്കു കാരണമായ ഗുജറാത്തിലെ ഉനയില്‍ നടന്ന ദലിത് വിരുദ്ധ ആക്രമണത്തിലെ ഇരകള്‍ക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നീതി നിഷേധത്തില്‍ പ്രതിഷേധിച്ചാണ് ദളിതർ ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയത്. ദളിതർക്ക് നേരെ സവര്‍ണർ നടത്തിയ ആക്രമണം ഭൂമി തർക്കമാണെന്നാണ് ഗുജറാത്ത് സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ട്.

ആക്രമണത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ല. ആക്രമണത്തിലെ ഇരകള്‍ക്കെല്ലാം അഞ്ചേക്കര്‍ വീതം ഭൂമി അനുവദിക്കും, യോഗ്യത പരിശോധിച്ച് സര്‍ക്കാര്‍ ജോലി, ഇരകളെ മോട്ട സമധ്യാല ഗ്രാമത്തില്‍നിന്നു മാറ്റിപ്പാര്‍പ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആക്രമണം നടന്ന് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ഒന്നുപോലും പാലിക്കപ്പെട്ടില്ലെന്നു രാഷ്ട്രപതിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ആക്രമണശേഷം മാടുകളുടെ തൊലിയുരിയുന്ന പരമ്പരാഗത തൊഴില്‍ ഉപേക്ഷിക്കേണ്ടിവന്നു. കുലത്തൊഴില്‍ ഉപേക്ഷിച്ചതോടെ ഉപജീവനമാര്‍ഗം ഇല്ലാതായി. ഇനിയും ഇത് തുടര്‍ന്നാല്‍ ഞങ്ങള്‍ പട്ടിണികിടന്ന് മരിക്കും. സര്‍ക്കാരിനോട് നേരിട്ടും നിവേദനങ്ങളയച്ചും പല തവണ ഇക്കാര്യങ്ങളെല്ലാം ബോധിപ്പിച്ചതാണ്. ഒന്നും പരിഹരിക്കുന്നില്ല. ഉന ആക്രമണത്തില്‍ പ്രതിഷേധിച്ച് റാലി നടത്തിയതിനു ദലിതര്‍ക്കെതിരേ പോലിസ് 74 കേസുകളാണെടുത്തത്. കെട്ടിച്ചമച്ചതായിട്ടും ഒരുകേസും സര്‍ക്കാര്‍ റദ്ദാക്കിയില്ല. സര്‍ക്കാര്‍ വാക്കുപാലിക്കുന്നില്ല. ഞങ്ങളുടെ ജീവിതം ദുരിതമയമാണ്. ഞങ്ങള്‍ക്ക് ഇങ്ങനെ ജീവിക്കേണ്ട. ദയവായി ഞങ്ങള്‍ക്ക് ദയാവധം അനുവദിക്കണം. ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ മരിക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നും മുന്നിലില്ലെന്നാണ് വര്‍ഷ്‌റാം കത്തില്‍ വ്യക്തമാക്കുന്നു.

ഉനയിലെ വര്‍ഷ്‌റാം, സഹോദരന്‍ രമേഷ്, പിതാവ് ബാലു, മാതാവ് കുന്‍വാര്‍ എന്നിവരടങ്ങുന്ന എട്ടു ദലിതര്‍ക്കു നേരെയാണു 2016 ജൂലൈ 11ന് ഗോരക്ഷാസംഘം ആക്രമണം നടത്തിയത്. ചത്ത പശുവിന്റെ തോലുരിയുകയായിരുന്ന ഇവരെ ഗോരക്ഷാസംഘം കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് ഇരകളായവരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ദേശവ്യാപക പ്രതിഷേധത്തിനു കാരണമായി. തുടർന്ന് രാജ്യത്ത് വിവിധയിടങ്ങളിലായി ദളിത് സ്വാഭിമാന റാലികളും പ്രതിഷേധങ്ങളും നടന്നിരുന്നു.

Spread the love
Read Also  ശിവാജി, ഫുലെ, അംബേദ്ക്കർ ഭീമകൊറഗവ് മഹാരാഷ്ട്രയിലെ ദളിതർ ചരിത്രത്തിൽ നിർണ്ണയിക്കപ്പെടുന്നതെവിടെ

Leave a Reply