Sunday, January 16

നോട്ട് നിരോധനഫലം, ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നു

ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായി ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ വര്‍ദ്ധനവാണിത്. മുംബെ ആസ്ഥാനമായുള്ള സെന്‍റര്‍ ഫോര്‍ മാനറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സി എം ഐ ഇ) പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വസ്തുത പുറത്തായത്.

റിപ്പോര്‍ട്ട് നല്കുന്ന വിവരം ഇതാണ്. ഒക്ടോബറില്‍ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായി. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വര്‍ദ്ധനവാണിത്. 2017 ജൂലൈ വരെ തൊഴിലില്ലായ്മ നിരക്ക് ക്രമാനുഗതമായി വര്‍ദ്ധിക്കുകയായിരുന്നു. 2016 ജനുവരിയെ അപേക്ഷിച്ച് തൊഴില്‍ സന്നദ്ധരായ മുതിര്‍ന്നവരുടെ തൊഴില്‍ പങ്കാളിത്തം 42.4 ശതമാനമായി ഇടിഞ്ഞു. നോട്ട് നിരോധനത്തിന് മുമ്പ് ഇത് 47-48 ശതമാനമായിരുന്നു. നോട്ടു നിരോധനത്തിന് ശേഷമുണ്ടായ തകര്‍ച്ചയില്‍ നിന്നും ഇനിയും രക്ഷ നേടാന്‍ കഴിഞ്ഞിട്ടില്ല.

റിപ്പോര്‍ട്ട് പ്രകാരം 2018 ഒക്ടോബറില്‍ തൊഴിലുള്ള പൗരരുടെ എണ്ണം 397 ദശലക്ഷമാണ്. ഇതാകട്ടെ 2017 ഒക്ടോബറിനെക്കാള്‍ 2.4 ശതമാനം കുറവാണ്. 2017 ഒക്ടോബറില്‍ 407 ദശലക്ഷം പേര്‍ക്ക് തൊഴിലുണ്ടായിരുന്നു. ഒക്ടാബറില്‍ മുതിര്‍ന്നവരുടെ ജനസംഖ്യയില്‍ 39.5 ശതമാനത്തിന് മാത്രമാണ് തൊഴിലുള്ളത്. ഇത് മുതിര്‍ന്നവരുടെ ജനസംഖ്യയിലെ ഏക്കാലത്തെയും കുറഞ്ഞ അനുപാതമാണ്. 2017 ജൂലൈയിലെക്കാള്‍ തൊഴിലന്വേഷകരായ മുതിര്‍ന്നവരുടെ എണ്ണം 2018 ഒക്ടോബറില്‍ ഇരട്ടിയായി. 2017 ജൂലൈയില്‍ അവരുടെ എണ്ണം 14 ദശലക്ഷമായിരുന്നെങ്കില്‍ 2018 ഒക്ടോബറില്‍ അത് 29.5 ദശലക്ഷമായി. 2017 ഒക്ടോബറില്‍ അത് 21.6 ശതമാനമായിരുന്നു.

നോട്ടുനിരോധനത്തിന്‍റെ രണ്ടാം വാ‍ര്‍ഷികത്തില്‍ ദുര്‍വിധിയും ദുര്‍ചിന്തയും എന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നോട്ടുനിരോധനത്തെ വിശേഷിപ്പിച്ചത്. കാലം ഒരു വിദഗ്ധ ഭിഷഗ്വരനാണെന്നാണ് പറയുന്നത്. നിര്‍ഭാഗ്യവശാല്‍ നോട്ടു നിരോധനത്തിന്‍റെ കാര്യത്തില്‍ മുറിപ്പാടുകളും മുറിവുകളും മായുകയല്ല, കാലത്തില്‍ കൂടുതല്‍ തെളിയുകയാണ് ചെയ്തത് എന്നാണ് സാമ്പത്തികശാസ്ത്രജ്ഞന്‍ കൂടിയായ മന്‍മോഹന്‍സിംഗ് വിശദമാക്കിയത്.

ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സാമ്പത്തികരംഗം വളരെ ഞെരുങ്ങുകയാണ്.  നോട്ടുനിരോധനം മൂലം സാമ്പത്തികരംഗത്തെ അസ്ഥിരത കൂടുതല്‍ ഉണരുകയാണ്. സാമ്പത്തിക നയരൂപീകരണം ഏറെ ചിന്തയോടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്യേണ്ടതെന്നാണ് മന്‍മോഹന്‍സിംഗ് അഭിപ്രായപ്പെടുന്നത്.

 

Spread the love
Read Also  750 കിലോ സവാളയ്ക്ക് കിട്ടിയ വില 1064 രൂപ, കര്‍ഷകന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്തു

Leave a Reply