Thursday, July 2

യൂണിഫോമണിയുന്ന മരണനേരങ്ങൾ…നിഷി ജോർജ്ജ് എഴുതുന്നു

 


മരണനേരങ്ങൾ ആഡംബരങ്ങളെയും കൃത്രിമത്വങ്ങളെയും അഴിച്ചുവെക്കുന്ന, ക്രമങ്ങളെയും വ്യവസ്ഥകളെയും തകരാറിലാക്കുന്ന ജീവിത സന്ദർഭങ്ങളായി നാം മനസ്സിലാക്കുന്നു. മനുഷ്യർ തങ്ങളുടെ വിയോജിപ്പുകളെയും വിരോധങ്ങളെയും മാറ്റിവെച്ച് ഐക്യത്തെയും നന്മയെയും പുറത്തെടുക്കുന്ന സമയങ്ങളായി മരണനേരങ്ങളെ നാം അറിയുന്നു. നമ്മുടെ ശരീരഭാഷയിലൂടെയും വേഷത്തിലൂടെയും നാം അറിഞ്ഞോ അറിയാതെയോ മരണത്തോട് വിനീതരായി , മരണവീടുകളിൽ പ്രത്യക്ഷരാകുന്നു. എന്നാൽ എത്രത്തോളം അകൃത്രിമമാണ് മരണനേരങ്ങളിലെ പെരുമാറ്റമെന്ന് അടുത്ത് പോയിനോക്കൂ. ഇത്തരം സന്ദർഭങ്ങളിൽ ‘ഞാൻ’ എത്രത്തോളം, എത്രനേരം പ്രകടനാത്മകതയെ ഉപേക്ഷിച്ച് മറഞ്ഞിരിക്കുന്നുണ്ട് ? മരണനേരങ്ങളിൽ സന്ദർശകരുടെയും ബന്ധുക്കളുടെയും ശരീരഭാഷയിലും വേഷത്തിലും ഉള്ളതായി നാം കരുതുന്ന സ്വാഭാവികതകൾ അത്തരം സന്ദർഭങ്ങളെക്കുറിച്ച് കണ്ടും കേട്ടും അറിഞ്ഞും നമ്മിൽ രൂപപ്പെട്ട ധാരണകളുടെ പ്രകടനങ്ങളാണെന്ന് അവയെ സൂക്ഷിച്ചുനോക്കിയാൽ തെളിയും.

“”അന്നംപെണ്ണ് : എന്താണ് എറേത്ത് നെലവിളി കലശലായിട്ട് കേക്കണത്! കലൂരെ നാത്തൂൻ വന്നെന്നു തോന്നുന്നു. കേട്ടാ, നമുക്കും എറേത്തോട്ടു പോകാം. ഞാൻ ഒരു വട്ടം മാത്രമേ ശവത്തേ വീണു നെലവിളിച്ചുള്ളു. നാത്തൂൻ വന്നത് കൊണ്ട് കൂട്ടത്തിൽ കൂടി നെലവിളിക്കാഞ്ഞാലോ. ലേനമ്മേ! ആ റോസമ്മട കാട്ടായം നീ കണ്ടാ ! അവള് ചേടത്തീട മരുമകളാകകൊണ്ടു അവള് കഴിഞ്ഞല്ലെ ഞങ്ങൾക്ക് ചേടത്തിയോട് കാര്യമുള്ളൂ. അവള് ഒരു പ്രാവശ്യമെങ്കിലും ശവത്തെ വീണുപറഞ്ഞു നെലവിളിച്ചാ ! എന്തൊരു നെഞ്ചുറപ്പുള്ള പെണ്ണെന്റപ്പാ !”

വാരിയത്ത് ചോറി പീറ്റർ 1906 ൽ എഴുതിയ ‘പരിഷ്ക്കാരവിജയം’ എന്ന നോവലിലെ ഒരു കഥാപാത്രമായ അന്നംപെണ്ണ്, മരണവീട്ടിൽവെച്ച് , നോവലിലെ മറ്റൊരു കഥാപാത്രമായ ലേനമ്മയോട് പറയുന്ന വാക്കുകളാണ് മുകളിൽ കൊടുത്തത്. മരണവീടുകളിലെ കരച്ചിൽ പോലും ക്രമത്തിൽ ആചാരങ്ങളും യാന്ത്രികതയുമായി തീരുന്നത് മുകളിലെ സന്ദർഭത്തിൽ കാണാം. ലത്തീൻ കത്തോലിക്കരുടെ ഇടയിൽ നിലനിന്നിരുന്ന പല സമ്പ്രദായങ്ങളും അവയിൽ വന്ന മാറ്റങ്ങളും പ്രതിപാദിക്കുന്ന നോവലാണ് ‘പരിഷ്ക്കാരവിജയം’ . മരണാനന്തര ചടങ്ങുകളെക്കുറിച്ചും മരണവീട്ടിൽ വരുന്നവരുടെ പെരുമാറ്റങ്ങളെക്കുറിച്ചും നോവലിൽ വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്. മരണസമയത്ത് ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ചും നോവലിൽ പരാമർശമുണ്ട്. മരണവീടുകളിൽ പോകുമ്പോൾ അമിത ആഡംബരങ്ങളൊഴിവാക്കി കുറേക്കൂടി ലളിതമായി വസ്ത്രം ധരിച്ച് പോകാനും അഭിനയങ്ങൾ ഒഴിവാക്കി സ്വാഭാവികമായി പെരുമാറാനുമാണ് നോവലിൽ പരിഷ്ക്കാരികളായ കഥാപാത്രങ്ങൾ ആവശ്യപ്പെടുന്നത്. സാമൂഹ്യനവോത്ഥാനഘട്ടത്തിലുണ്ടായ ഇൗ നോവൽ ക്രിസ്ത്യൻ സമുദായത്തിലുണ്ടാകേണ്ട പരിഷ്ക്കരണങ്ങൾക്കായുള്ള ആഹ്വാനമാണ്. നവോത്ഥാനഘട്ടത്തിൽ പല സമുദായങ്ങളിലും മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ മാറ്റങ്ങളുണ്ടാകുന്നുണ്ട് എന്ന് കാണാം. ആചാരബദ്ധതയെ കൂറച്ച്കൊണ്ടുവന്നും അവയെ കൂടുതൽ പ്രായോഗികവും സൗകര്യപ്രദവുമാക്കിക്കൊണ്ടുമായിരുന്നു ഇൗ മാറ്റങ്ങൾ.

ഇന്ന് മരണനേരങ്ങൾ സമ്പത്തും സാമൂഹ്യസ്ഥിതിയും പ്രകടിപ്പിക്കാനുള്ള അവസരങ്ങളായി പലരും കരുതുന്നുണ്ട്. ക്രിസ്ത്യൻ സമൂഹത്തിൽ വിശേഷിച്ചും മരണാനന്തരചടങ്ങുകളും തുടർ ചടങ്ങുകളുമെല്ലാം കൂടുതൽ പ്രകടനാത്മകവും യാന്ത്രികവുമായി കാണപ്പെടുന്നു. ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിൽ മരണവീട്ടിലെ ഇൗ അഭിനയങ്ങൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. ക്രിസ്ത്യൻ സമുദായം മാത്രമല്ല മറ്റു സമുദായങ്ങളും, കൂട്ടത്തിന്റെ ഭാഗമായി മാത്രമല്ല വ്യക്തികൾ എന്ന നിലയിലും , ഇത്തരം പ്രകടനങ്ങളെ ഏറിയും കുറഞ്ഞും പല രൂപങ്ങളിൽ പിന്തുടരുന്നുണ്ട്. മരണനേരത്ത് പ്രകടമാക്കുന്ന മനോനിലകളിൽ ,ശരീരഭാഷകളിൽ സമ്പത്തിന്റെ പ്രകടനങ്ങൾ മാത്രമല്ല ഉള്ളത്, ആളുകൾ നമ്മെ എങ്ങനെ കാണുന്നൂ എന്നതിനെ പ്രതിയുള്ള നിലയ്ക്കാത്ത ആകാംക്ഷകളും. വ്യവസ്ഥാനുരൂപമായ തൂടർ പ്രകടനങ്ങളും കൂടിയാണ് മരണവീട്ടിലെ പെരുമാറ്റങ്ങൾ. അവനെ അത് മരണനേരത്തും സങ്കടങ്ങളെ നിയന്തിച്ച് മസിലുപിടിച്ചു നിൽക്കുന്ന ഒരുവനാക്കുന്നു. അവളെ ഒച്ചവെച്ച് കരയേണ്ട ഒരുവളായി തുറന്നുവിടുന്നു.

Read Also  അമീബ ബാധയേറ്റ സ്ത്രീയ്ക്ക് ദാരുണാന്ത്യം

അപ്രതീക്ഷിതമായ ചില മരണങ്ങളിൽ, ഏറെ പ്രിയപ്പെട്ട ചിലരുടെ വേർപാടുകളിൽ, പ്രകടനങ്ങളെ കുറേയെല്ലാം കുടഞ്ഞുകളഞ്ഞുകൊണ്ട് ആളുകൾ ക്രമങ്ങളുടെയൂം വ്യവസ്ഥകളുടെയും പുറത്തുകടന്നുവെന്ന് വരാം. പക്ഷേ ജീവിതം വളരെ വേഗം അവരേയും ക്രമപ്പെടുത്തും. നാട്ടുകാർ മരണവീടുകളിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് ഒഴിഞ്ഞ്പോകും. ബന്ധുക്കൾ കുറച്ചുദിവസംകൂടി നിൽക്കും. പിന്നെ വീട്ടിലെ മറ്റംഗങ്ങൾ മാത്രമായി വീട് പുനസ്ഥാപിക്കപ്പെടും. ക്രമങ്ങളെല്ലാം തിരിച്ചുവരും. വലിയ മരണങ്ങളിലെ ഒൗദ്യോഗിക ദു;ഖാചരണമെന്ന പോലെ സാധാരണമരണങ്ങളിലും ദു:ഖാചരണങ്ങൾക്ക് സമയപരിധി ഉണ്ട്. മൂന്നാം ദിവസം മീനോ ഇറച്ചിയോ വെച്ചില്ലെങ്കിൽ പിന്നെ പതിമൂന്നിനേ വെക്കാൻ പറ്റൂ എന്ന് മുതിർന്ന ഒരാൾ പറയും. അടുത്ത ബന്ധുക്കളിലൊരാൾക്ക് തീരുമാനമെടുക്കേണ്ടി വരും. ക്രമപ്പെടുത്തലിന്റെ അനേകസന്ദർഭങ്ങളെ അതിനുമുമ്പും ശേഷവും നേരിടേണ്ടിവരും. മരണശേഷം താമസിയാതൊരു ദിവസം ഗംഭീരസദ്യ നടത്തി ദു:ഖാചരണം ഒൗദ്യോഗികമായി അവസാനിപ്പിക്കും. മരണത്തിനുമുമ്പിൽ എത്രനേരം, എത്രത്തേംളം നാം ജീവിതത്തോടുള്ള ആഗ്രഹങ്ങളെയും വ്യവസ്ഥകളുടെ സമ്മർദ്ദങ്ങളെയും മറന്ന് നിൽക്കും? യൂണിഫോമണിഞ്ഞ് ആചാരവെടികളുതിർക്കുന്ന മരണനേരങ്ങളേ സ്വസ്തി!

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

നവമാധ്യമങ്ങളിലൂടെ ആഘോഷിക്കപ്പെട്ട പുതുതലമുറകഥാസാഹിത്യം നിലച്ചോ!

 

Spread the love

Leave a Reply