Monday, January 18

യൂണി. കോളേജിൽ സംഘർഷം ; കെ എസ് യു പ്രസിഡൻ്റിനു പരിക്ക്, രമേശ് ചെന്നിത്തല റോഡ് ഉപരോധിച്ചു

യൂണിവേഴ്സിറ്റി കോളെജിൽ വീണ്ടും സംഘർഷം.  ഇന്ന് രാവിലെ മുതൽ എസ് എഫ് ഐ – കെ എസ് യുവും തമ്മിൽ നടന്ന സംഘർഷത്തിനൊടുവിൽ ഇരുവിഭാഗങ്ങൾ തമ്മിൽ  കല്ലേറുണ്ടായി.  സംഘർഷത്തിൽ കെ എസ് യു സംസ്ഥാനപ്രസിഡൻ്റ് കെ എം അഭിജിത്തിനു പരിക്കേറ്റു. ആക്രമിച്ച എസ് എഫ് ഐ ക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരിക്കേറ്റ അഭിജിത്തിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. സംഭവമറിഞ്ഞെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും എം ജി റോഡ് ഉപരോധത്തിൽ പങ്ക് ചേർന്നു.

ഉപരോധത്തിനൊടുവിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഉറപ്പ് നൽകിയതോടെ പ്രതിപക്ഷനേതാവും കെ എസ് യു നേതാക്കളും റോഡ് ഉപരോധം അവസാനിപ്പിച്ചു

രണ്ടു ദിവസമായി കോളേജിൽ നടക്കുന്ന സംഘർഷത്തിലൊടുവിലാണു ഇന്ന് ഇരുവിഭാഗവും തമ്മിലുള്ള കല്ലേറും സംഘട്ടനവുമായി മാറിയത്. കെ എസ് യു യൂണിവേഴ്സിറ്റി കോളെജിൽ യൂണിറ്റ് രൂപവൽക്കരണത്തോടെയാണു പ്രശ്നങ്ങളാരംഭിക്കുന്നത്

അഭിജിത്തിനെയും മറ്റ് കെ എസ് യു  പ്രവർത്തകരെയും ആക്രമിച്ച എസ് എഫ് ഐ ക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണു പരിക്കേറ്റ അഭിജിത്തിനൊപ്പം പ്രതിപക്ഷനേതാവും റോഡ് ഉപരോധിച്ചത്. എസ് എഫ് ഐ പ്രവർത്തകർ തന്നെ പട്ടികക്കഷ്ണം കൊണ്ട് തല്ലി പരിക്കേല്പിച്ചതായി അഭിജിത്ത് ആരോപിച്ചു.

യൂണിവേഴ്സിറ്റി കോളേജിൽ കെ എസ് യു പവർത്തകനായ അമലിനെയും സംസ്ഥാനപ്രസിഡൻ്റ് അഭിജിത്തിനെയും എസ് എഫ് ഐ  പ്രവർത്തകർ ആക്രമിച്ചു പരിക്കേൽപ്പിച്ചതായി പ്രതിപക്ഷനേതാവ് ആരോപിച്ചു. അക്രമികളെ  പോലീസ് സംരക്ഷിക്കുന്നതായി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 

ഇരു വിഭാഗങ്ങളുടെയും റോഡ് ഉപരോധം ഒരു മണിക്കൂറോളം എം ജി റോഡിൽ തുടർന്നു. ഒടുവിൽ സിറ്റി പോലീസ് കമ്മീഷണർ പ്രതിപക്ഷനേതാവുമായി ചർച്ച നടത്തിയതിനെത്തുടർന്നാണു ഉപരോധം അവസാനിപ്പിക്കാൻ തീരുമാനമായത് 

അതേസമയം കെ എസ് യു പ്രവർത്തകർ കല്ലെറിഞ്ഞെന്നാരോപിച്ച് എസ് എഫ് ഐ പ്രവർത്തകരും റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പുറത്തുനിന്നെത്തിയ കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അഭിജിത്ത് കോളേജ് കാമ്പസിൽ പ്രവേശിച്ചതാണു സംഘർഷങ്ങൾക്ക് കാരണമായതെന്ന് എസ് എഫ് ഐ പ്രവർത്തകർ ആരോപിച്ചു. കോളേജിനുള്ളിൽ നിന്ന വിദ്യാർഥികൾക്ക് നേരെ കല്ലേറു നടത്തിയ കെ എസ് യു പ്രവർത്തരെ അറസ്റ്റ് ചെയ്യണമെന്ന് എസ് എഫ് ഐ നേതാക്കൾ ആവശ്യപ്പെട്ടു. പുറത്തുനിന്നെത്തിയ കെ എസ് യു പ്രവർത്തകർ കോളേജിൽ സംഘർഷം സൃഷ്ടിക്കുകയായിരുന്നു എന്ന് കോളേജ് യൂണിയൻ ചെയർമാൻ പറഞ്ഞു. ഒടുവിൽ റോഡ് ഉപരോധിച്ച എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  രമേശ് ചെന്നിത്തല വൈസ് ചെയർമാൻ സ്ഥാനം രാജി വെച്ചു

Leave a Reply