Thursday, January 20

പുത്തന്‍ തലമുറ മറച്ചുപിടിക്കുന്ന പന്തളം രാജവംശത്തിന്റെ കഥ: എ ഹരിശങ്കര്‍ കര്‍ത്ത

എ ഹരിശങ്കര്‍ കര്‍ത്ത

1

പന്തളം രാജവംശത്തിന്റെ പുത്തൻകൂറ്റ് പൗരാവലി അവരുടെ ആക്രോശങ്ങളിലൂടെ മറിച്ച് പിടിക്കുന്ന മറ്റൊരു ഇതിഹാസകഥയുണ്ട്. അത് പറയാം.

2

ഒരുമാതിരിപ്പെട്ട മനുഷ്യർക്കെല്ലാം മൂക്കുണ്ട്. മൂക്കിനൊരു തുളയിട്ട് അതിലൊരു ലോഹക്കൊളുത്ത് വെച്ചാൽ മൂക്കുത്തിയായി. കാണാൻ നല്ല ചേലാരിക്കും. മൂക്ക് കുത്തി മൂക്കുത്തിയിടാൻ വലിയ ചിലവൊന്നുമില്ല താനും. ഇന്ന് വേദനയില്ലാതെ മൂക്ക് കുത്താനുള്ള മാർഗ്ഗങ്ങളുമുണ്ട്. സുന്ദരിമാരായ സുന്ദരിമാർക്കെല്ലാം യഥേഷ്ടം മൂക്ക് കുത്താം. മൂക്കന്മാരായ ചില സുന്ദരന്മാരും മൂക്ക് കുത്താറുണ്ട്. മൂക്ക് മാത്രമല്ല ശരീരത്തിന്റെ ഏത് ഭാഗത്തും ആഭരണം ധരിക്കുന്ന ഈ ഏർപ്പാടിന് പുതിയ ശൈലിയിൽ സ്റ്റഡ് അടിക്കുക എന്ന് പറഞ്ഞ് പോരുന്നു. പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ അതായിരുന്നില്ല അവസ്ഥ.

3

അക്കാലത്ത് ആർക്കും സ്വന്തമായൊരു ശരീരം ഉണ്ടായിരുന്നില്ല. സ്വന്തം ശരീരമുള്ളവർക്കല്ലെ സ്വന്തം ശരീരത്തെ അതാത് സൗന്ദര്യസങ്കല്പങ്ങൾക്ക് അനുസൃതമായി അണിയിച്ചൊരുക്കാൻ അവകാശമുണ്ടാവൂ. ഓരൊ ശരീരവും അതാത് ജാതിമതവ്യവസ്ഥയിൽ കൃത്യമായ് അടയാളപ്പെടുത്തിയിരുന്ന സമീപഭൂതകാലത്ത് എല്ലാവർക്കും മൂക്കുത്തി ധരിക്കണമെന്ന് ശഠിച്ചാൽ അത് വല്ലതും നടക്കുമൊ. നടക്കും എന്നല്ല നടത്തും എന്ന് നടത്തി കാണിച്ച ഒരു വീരശൂരപരാക്രമിയാണ് ഈ കഥയിലെ നായകൻ.

4

പന്തളത്തിന് കിഴക്ക് പൊന്നമ്പലമേട്ടിൽ പിറക്കുന്ന പമ്പയാർ കൈവഴികളായ് പിരിഞ്ഞ് തകഴിയെ തഴുകിയൊഴുകി കായലിൽ സമാധി പ്രാപിക്കുന്നു. ജലസാന്നിദ്ധ്യം കൊണ്ട് നെല്ലറയായ് തീർന്ന കരുമാടിക്കുട്ടന്റെ സ്വന്തം കുട്ടനാടിനുമപ്പുറം ആറാട്ടുപുഴ എന്നൊരു കൊച്ച് ദേശമുണ്ട്. വെള്ളിമണൽ പുതച്ച് കിടക്കുന്ന ആ ആറാട്ടുപുഴയും കഴിഞ്ഞാൽ പിന്നെ കാലസർപ്പത്തിന്റെ കൊത്തേറ്റ് കിടന്ന് നിലവിളിക്കുന്ന നീലക്കടലാണ്. അവിടെയൊരു വേലായുധനുണ്ടായിരുന്നു. ആറാട്ടുപുഴ വേലായുധപ്പണിക്കർ ഏലിയാസ് കല്ലിശ്ശേരി ചേകവർ.

5

അയ്യൊ. അന്നത്തെ നാട്ടുനടപ്പനുസരിച്ച് പണിക്കൻ എന്നെ പറയാവൂ. കാരണം പണിക്കർ പൂജകബഹുവചനമാണ്. അത് പൂജ്യരായ ജനങ്ങളുടെ അവകാശമാണ്. അന്നത്തെ നാട്ടുനടപ്പനുസരിച്ച് ഈഴവകുലജാതർ പൂജ്യരല്ല. എല്ലാ പണിക്കന്മാരെയും പണിക്കരാക്കി കൊണ്ട് മലയാളഭാഷയിൽ വലിയൊരു വിപ്ലവം തീർത്തത് മൂലൂർ പത്മനാഭപണിക്കർ എന്ന കവിയാണ്. ചെമ്പഴത്തിക്കാരനായ നാണുവാശാൻ ലോകഗുരുവായ് തീരുന്നതും എൻ കുമാരനാശാനെന്ന ചിന്നസ്വാമി ആധുനികകവിത്രയത്തിൽ സ്ഥാനം പിടിക്കുന്നതും പാലക്കാടൻ പനകളിൽ കാറ്റ് പിടിപ്പിച്ച ഒ വി വിജയൻ മലയാളസാഹിത്യത്തെ രണ്ടായ് പിളർത്തുന്നതും നെയ്തുകാരന്റെ മകൻ കേശവനും ചെത്തുകാരന്റെ മകൻ വിജയനും കേരളത്തിന്റെ മുഖ്യമന്ത്രിമാരാവുന്നതും ഒക്കെ അത് കഴിഞ്ഞാണ്. അവരുടെ നേട്ടങ്ങൾക്കെല്ലാം പിറകിൽ ആജാനുബാഹുവായ ഒരു വേലായുധപ്പണിക്കരുടെ കയ്യൂക്കുണ്ട്. ഇത് കയ്യൂക്കുള്ളവർ കാര്യക്കാരാവുന്ന ഗുണപാഠകഥ കൂടിയാണ്.

6

ആറാട്ടുപുഴയിലൊരു ബുദ്ധവിഹാരം ഉണ്ടായിരുന്നുവെന്നാണ് പുരാവൃത്തം. ചരിത്രരേഖകളിൽ കാണുന്ന ശ്രീമൂലവാസം അവിടമായിരുന്നുവെന്നും അല്ലെന്നും രണ്ട് പക്ഷമുണ്ട്. പക്ഷേ പുത്തരച്ചനെ (ബുദ്ധർ + അച്ചൻ = ബുദ്ധരച്ചൻ ~ പുത്തരച്ചൻ) പ്രതിഷ്ഠിച്ച ഒരു ക്ഷേത്രം അവിടെയുണ്ടായിരുന്നതായ് പഴമക്കാർ വിശ്വസിക്കുന്നു. കാലഗതിയിൽ ആ ക്ഷേത്രം വീണു. അവിടുണ്ടായിരുന്ന ആകാശം മുട്ടുന്ന കൊടിമരം ഇന്നും കടലിൽ കിടപ്പുണ്ട്. കടലിന്റെ ഒരു ഭാഗത്ത് വലയെറിഞ്ഞാൽ അതിന്റെ തുഞ്ചത്ത് ചെന്ന് കുടുങ്ങും. കീറിയ വല തുന്നാൻ പാങ്ങില്ലാത്തത് കൊണ്ട് കടലിൽ പോകുന്ന പാവത്തുങ്ങൾ അങ്ങോട്ട് പോവറില്ല. ബുദ്ധകാരുണ്യത്തിന്റെ കൊടിമരം ആ പ്രദേശത്തെ മത്സ്യകോടികളെ ജീവഭയത്തിൽ നിന്നും മുക്തരാക്കുന്നു. അങ്ങനെയുള്ളൊരു ആറാട്ടുപുഴയിലാണ് വേലായുധപ്പണിക്കർ ജനിച്ചത്. അത്തരം കഥകൾ കേട്ടാണ് അയാൾ വളർന്നത്. പക്ഷേ അയാൾ ബുദ്ധനെ പോലെ അഹിംസാവാദിയൊ തന്റെ സഹസമുദായാംഗങ്ങളെ പോലെ കീഴാളമനോഭാവമുള്ളവനൊ ആയിരുന്നില്ല.

7

കാപ്പാട് കാല് കുത്തിയ വൈദേശീകാധിപത്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ കൊള്ളയടിച്ച് തുടങ്ങിയതോടെ ഇവിടെ നിലനിന്നിരുന്ന പല ആചാരങ്ങളും തകർന്ന് വീഴാൻ തുടങ്ങി. ഉർവ്വശിയുടെ ശാപം അർജ്ജുനന് ഉപകാരമായ് തീർന്ന പോലെ അവരുടെ ആർത്തിയും അതിന്റെ ശമനത്തിനായ് പടുത്തുയർത്തിയ ഒരു ചൂഷണവ്യവസ്ഥയും പലർക്കും പുതിയൊരു സാധ്യതയായ് തീർന്നു. ജാതീയമായ് കണ്ണി ചേർക്കപ്പെട്ട കുടുസ് മുറികളിൽ നിന്നും മുതലാളിത്തത്തിന്റെ വിശാലമായ ജയിൽസമുച്ചയത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നതിനിടയിൽ തലയുയർത്തിപ്പിടിച്ച് നോക്കിയ ഒരുപിടി മനുഷ്യർ ആകാശം കണ്ടു. ആ ആകാശവും അതിന്റെ സ്വാതന്ത്ര്യവും പുരാതനമായിരുന്നെങ്കിലും ആ കാഴ്ചപ്പാട് പുതുപുത്തനായിരുന്നു. ആ കാഴ്ചയുടെ ഉന്മാദത്തിൽ ഉയർത്തിയ തല താഴാതെ കാത്ത ഒരാളായിരുന്നു വേലായുധപ്പണിക്കർ. അത് കൊണ്ടാണ് പന്തളം ചന്തയിൽ നടന്ന അക്രമം അയാളെ വല്ലാതെ ചൊടിപ്പിച്ച് കളഞ്ഞത്.

8

മനുഷ്യർക്കെല്ലാം മൂക്കുണ്ട്. മൂക്കിനൊരു തുളയിട്ട് അതിലൊരു ലോഹക്കൊളുത്ത് വെച്ചാൽ മൂക്കുത്തിയായി. കാണാൻ നല്ല ചേലാരിക്കും. മൂക്ക് കുത്തി ഒരു മൂക്കുത്തിയിടാൻ വലിയ ചിലവൊന്നുമില്ല താനും. ഇന്ന് വേദനയില്ലാതെ മൂക്ക് കുത്താനുള്ള മാർഗ്ഗങ്ങളുമുണ്ട്. അന്ന് പന്തളത്തുള്ള കുറച്ച് സുന്ദരികൾ ഇത്തിരിനോവ് സഹിച്ചാലും ശരി ഒന്ന് മൂക്ക് കുത്തിച്ചേക്കാമെന്ന് വിചാരിച്ചു. പക്ഷേ അതിനവർക്ക് സഹിക്കേണ്ടി വന്നത് ഒത്തിരിനോവായിരുന്നു, മാനസികമായും ശരീരികമായും. കാരണം അവർ ഈഴവസുന്ദരികളായിരുന്നു. ആ വക സുന്ദരികൾ മൂക്കുത്തികൾ ധരിക്കുന്നത് ഒരു ആചാരലംഘനമായ് കണ്ട പന്തളത്തെ ഒരു കൂട്ടം ആചാരസംരക്ഷകർ സംഘടിച്ച് ചെന്ന് ആ മൂക്കുത്തികൾ പിഴുതെടുത്ത് കളഞ്ഞു. ആദികാവ്യത്തിൽ ആരണ്യകാണ്ഡത്തിൽ ഈശ്വരന്റെ സൗന്ദര്യം കണ്ട് ഭ്രമിച്ച രാക്ഷസിയെ പോലെ അവർ നിലവിളിച്ച് കൊണ്ട് പരക്കം പാഞ്ഞു. പന്തളം ചന്തയിൽ നിന്നും ഒരായിരം ശൂർപ്പണഖമാർ വിലപിച്ചു. അവരുടെ നിലവിളി കേട്ട, ആകാശം കണ്ട വേലായുധപ്പണിക്കർ ഉന്മാദവിവശനായി. വിടർത്തിപ്പിടിച്ചപ്പോൾ അയാൾക്ക് ഇരുപത് കയ്യുണ്ടായി. ഉയർത്തിപ്പിടിച്ചപ്പോൾ പത്ത് തലകളും.

9

അന്ന് ജലമാർഗ്ഗമാണ്. നക്ഷത്രജാലങ്ങളുടെ വെളിച്ചത്തിൽ പമ്പയാറ്റിന്റെ ഒഴുക്കിനെതിരെ കിഴക്കോട്ട് തുഴയുന്ന ആ വഞ്ചിയിലിരിക്കുന്ന വേലായുധപാണിക്കരുടെ കയ്യിൽ ഒരു പെട്ടിയുണ്ട്. അതിൽ നിറച്ചും മൂക്കുത്തികളാണ്. വെട്ടിത്തിളങ്ങുന്ന മൂക്കുത്തികൾ. ആകാശം വിളക്കുന്ന ഓരൊ നക്ഷത്രവും ആ പെട്ടിയിലെ ഒരു മൂക്കുത്തിയാവാൻ കൊതിച്ചു.

10

കിട്ടിയതും മേടിച്ച് ഒതുങ്ങിക്കഴിയാതെ ഏതൊ വരത്തൻ വേലായുധൻ കൊടുത്ത മൂക്കുത്തിയുമിട്ട് ഞെളിഞ്ഞ കീഴാളക്കൂട്ടരെ ഒരു പാഠം പഠിപ്പിച്ചെ മതിയാവൂ എന്ന് വാശി പിടിച്ചവർ പന്തളം ചന്തയൊരു കലാപമണ്ഡലമാക്കി. സായുധരായ മേൽജാതിക്കാർ ആണിനെയും പെണ്ണിനെയും വെറുതെ വിട്ടില്ല. അവർക്കിടയിൽ സുരക്ഷയൊരുക്കി സമാധാനം പാലിക്കാൻ ആരുമുണ്ടായിരുന്നില്ല. അച്ചൻകോവിലാറ്റിലെ വെള്ളം കലങ്ങിച്ചുവന്നു.

11

അന്ന് വിവരസാങ്കേതികവിദ്യ ഇത്ര വികസിച്ചിട്ടില്ല. പന്തളത്തിനും ആറാട്ടുപുഴയ്ക്കും ഇടയിൽ തെക്കോട്ട് തെന്നി മാറി പത്തിയൂർ എന്നൊരു ഗ്രാമമുണ്ട്. ഓണാട്ട്കരയുടെ സമസ്തസൗന്ദര്യവും ആവാഹിച്ച, തോടും പുഞ്ചയും പിണഞ്ഞ് കിടക്കുന്ന ഒരു ദേശം. അവിടെ രണ്ട് ഭദ്രകാളിക്ഷേത്രങ്ങളുണ്ട്. ചേട്ടത്തിയനിയത്തിമാരാണ്. പണ്ട് ഒരെ ക്ഷേത്രത്തിലായിരുന്നു താമസം. ഒരിക്കൽ തന്റെ ജനങ്ങളെല്ലാം നന്നായിരിക്കുന്നോന്ന് നോക്കാൻ പുറത്തിറങ്ങിയ അനിയത്തിയമ്മ ഒരു തെങ്ങിൻചോട്ടിൽ നിൽക്കുകയായിരുന്നു. തന്റെ മേത്ത് എന്തൊ ഒരു തരം വെളുത്ത ദ്രാവകം വീണത് കണ്ട് പുള്ളിക്കാരത്തി മേപ്പോട്ട് നോക്കി. അപ്പോഴുണ്ട് ഒരുത്തനിരുന്ന് കള്ള് ചെത്തുന്നു. കഴിഞ്ഞില്ലെ. അനിയത്തിയമ്മക്ക് ഭ്രഷ്ടായി. ഭ്രഷ്ടായ അനിയത്തിയമ്മയെ ഭ്രഷ്ടാക്കിയവർ ഏറ്റെടുത്തു. അങ്ങനെ രണ്ട് ഭഗവതിമാരുടെ ക്ഷേത്രസാന്നിദ്ധ്യം കൊണ്ട് ഇരട്ടപ്പുണ്യം പട്ട കെട്ടിയ പത്തിയൂരിൽ ഏതാണ്ട് അതെ കാലത്ത് ഈഴവപ്പെണ്ണുങ്ങൾക്ക് അച്ചിപ്പുടവ കെട്ടാൻ കൊതിയായി. കൊതിച്ചത് പോലെ അച്ചിപ്പുടവയും കെട്ടി വരമ്പത്തൂടെ നടക്കുകയും കഴിഞ്ഞു. പോരെ പൂരം. പന്തളത്ത് നടന്നതെല്ലാം അവിടെയും നടന്നു. അക്കാലം പത്തിയൂർന്ന് ഒന്നാഞ്ഞ് കൂക്കിയാൽ ആറാട്ടുപുഴയിൽ കേൾക്കും. കൂക്ക് കിട്ടിയ വേലായുധപ്പണിക്കരും കൂട്ടരും അവിടെയെത്തി. പയറ്റ് കളരിക്കാശാനായ പണിക്കർക്ക് തന്റെ ശിഷ്യരെ പരീക്ഷിക്കാനുള്ള ഒരവസരമായിരുന്നത്. പത്തിയൂർ അച്ചിപ്പുടവ കലാപത്തിന്റെ കഥയൊന്നും പാവം പന്തളത്തുള്ളവർ അറിഞ്ഞ് കാണില്ല. അന്ന് വിവരസാങ്കേതികവിദ്യ ഇത്ര വികസിച്ചിട്ടില്ല. അല്ലേൽ അവർ അങ്ങനെയൊരു തരവഴിത്തരം രണ്ടാമതും കാണിക്കേലാരുന്നു.

12

പമ്പയാറ്റിലൂടെ ഇത്തവണ പോയതൊരു ഒറ്റവഞ്ചിയായിരുന്നില്ല. കുറെ ഇരുട്ട്കുത്തികളായിരുന്നു. ഉഗ്രവേഗത്തിൽ പായുന്ന ഇരുട്ട്കുത്തികൾ. ചരിത്രഗതിയിൽ ഇരുട്ട് കുത്തി പൊളിക്കാൻ പോകുന്നവർ മറ്റേത് വളളത്തിൽ പോകുമെന്നാണ്. എന്തായാലും പന്തളം ഭാഗത്തെ വൈദ്യന്മാർക്ക് കുറച്ച് കാലത്തേക്ക് കുശാലായി. വലിയ വലിയ വീടുകളുടെ ഊട്ടുപുരകളിൽ നിന്നും സുഭിക്ഷമായ ഭക്ഷണം. ഉച്ച കഴിഞ്ഞ് തളിർവെറ്റില കൂട്ടി മുറുക്ക്. അക്ഷരശ്ലോകം. കഥകളി. മുങ്ങിക്കുളി. ആണുങ്ങളെല്ലാം കിടപ്പിലായിടത്ത് എണ്ണയും കുഴമ്പുമായ് അവരങ്ങ് കൂടി. ഈഴവപ്പെണ്ണുകളുടെ മൂക്കുത്തി പകൽവെളിച്ചത്തിലും വെട്ടിത്തിളങ്ങി.

(ഫെയ്സ് ബുക്ക് കുറിപ്പ് )

Spread the love

Leave a Reply