Wednesday, June 23

ഒറ്റയാൾ സാംസ്കാരിക പ്രവർത്തനം അഥവാ ഉണ്മ മോഹന്റെ ജീവിതം

ഏതാണ്ട് മൂന്നു പതിറ്റാണ്ടുകളായി മലയാള സാഹിത്യലോകത്ത് ഒറ്റയാൾ ചരിത്രം എഴുതുകയായിരുന്നു ഉണ്മയെന്ന ലിറ്റിൽ മാഗസിനിലൂടെ നൂറനാട് മോഹൻ. കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും സജീവ സാന്നിധ്യം ഉണ്മയുടെ വളർച്ചയുടെ ഭാഗം കൂടിയായിരുന്നു. വെറും ഒരു ഇൻലന്റ് രൂപത്തിൽ തുടങ്ങിയ ഉണ്മ അതിന്റെ സാംസ്‌കാരിക തലം ഇപ്പോഴും നിലനിർത്തുന്നത് നൂറനാട് മോഹൻ എന്ന സാഹിത്യ പ്രേമിയുടെ അക്ഷരത്തോടുള്ള ഭ്രാന്തമായ അഭിനിവേശം കൊണ്ട് മാത്രമാണ്.  ധനലാഭം നോക്കാതെ ജീവിതത്തിൽ ഇത്രയേറെ അക്ഷരങ്ങളെ സ്നേഹിച്ച മനുഷ്യൻ ഉണ്ടാകില്ല. കേരളം അറിയണം, ഈ സാംസ്‌കാരിക പ്രവർത്തനം. അതൊരു വഴികാട്ടലും തിരിച്ചറിവുമാണ് പുതിയ തലമുറയ്ക്ക് നൽകുന്നത്.ഉണ്മ മോഹൻ എന്നറിയുന്ന നൂറനാട് മോഹനുമായി പ്രതിപക്ഷം .ഇൻ വേണ്ടി അനിൽ സി പള്ളിക്കൽ നടത്തിയ അഭിമുഖം.

ഉണ്മയുടെ ചരിത്രം മലയാളസാഹിത്യത്തിൽ പുതുകാലചരിത്രം കൂടിയാണ്…    1986 ലാണ് ഉണ്മ മാഗസിൻ തുടങ്ങുന്നത് അന്ന് ചുരുക്കം ചില ലിറ്റിൽ മാഗസിനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു . എനിക്കന്ന് പത്തൊൻപതു വയസ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നെനിക്ക് പ്രതികരിക്കണമെന്ന് തോന്നിയ സംഭവങ്ങൾ അച്ചടിച്ചു വരണം എന്നുള്ള തോന്നലാണ് ഇൻലന്റ് രൂപത്തിലുള്ള ഉണ്മ മിനിമാഗസിനു കാരണമായത്. എന്റെ ഗ്രാമമായ നൂറനാട് നിന്നുമാണ് ഞാൻ അതാരംഭിച്ചത്. അന്ന് നമ്മുടെയൊക്കെ പ്രതികരണത്തിന് ശരിക്കും വേദികളൊന്നുമുണ്ടായിരുന്നില്ല. ആൾ ഇന്ത്യ റേഡിയോയിലും ഒന്നും നമുക്ക് ചെന്ന് പ്രതികരിക്കാൻ പറ്റില്ലല്ലോ. മാത്രമല്ല, സമാനമായ തരത്തിൽ പല പ്രസിദ്ധീകരണങ്ങളും അന്നിറങ്ങിയിരുന്നു. അതാണ് ഉണ്മ പോലൊരു പ്രസിദ്ധീകരണത്തിലേക്ക് എന്നെ കൊണ്ടുചെന്നെത്തിച്ചത്. പക്ഷേ, എന്റെ ജീവിത ചുറ്റുപാടുകൾകൊണ്ട് ഇത്തരം ഒരു പ്രസിദ്ധീകരണം കൊണ്ടുപോകാൻ കഴിയില്ലയെന്നും എനിക്കറിയാമായിരുന്നു.

വിവാദത്തോടെ തുടക്കം
ആദ്യത്തെ എന്റെ പ്രിസിദ്ധീകരണക്കുറിപ്പു തന്നെ വിവാദം സൃഷ്ടിച്ചിരുന്നു. അന്ന് മാർപ്പാപ്പ കേരളത്തിൽ വരുന്ന സമയമായിരുന്നു. കേരളത്തിൽ അദ്ദേഹം വന്നു സംസാരിക്കുന്ന സ്ഥലങ്ങളിൽ ധാരാളം പണം ചെലവ് ചെയ്ത് ഹെലിപാഡ് നിർമ്മിക്കുകയും അദ്ദേഹത്തിന്റെ പ്രസംഗത്തിന് വേണ്ടി സ്ഥിരം വേദികൾ നിർമ്മിക്കുകയും ചെയ്തത് തെറ്റാണെന്നു എന്റെ അപക്വമായ മനസ്സിൽ, നോക്കൂ, അന്ന് പ്രായം വളരെ കുറവായിരുന്നല്ലോ, തോന്നി. അതാണ് ആദ്യത്തെ പ്രതികരണം. പ്രതീക്ഷിച്ചതുപോലെ ക്രിസ്തീയ സഭകളിൽ നിന്നും എനിക്കെതിരെ ഭീഷണിക്കത്തുകൾ വന്നു. ചിലർ പിന്താങ്ങി. എന്നാൽ എനിക്ക് വന്ന ഭീഷണിക്കത്തുകൾ ഞാൻ അടുത്തലക്കത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു .

ഇപ്പോഴും ഓർമ്മിക്കുന്നു അന്ന് അനുകൂലിച്ചു സംസാരിച്ചവരിൽ ഫാദർ അടപ്പൂരും ഒക്കെ ഉണ്ടായിരുന്നു. അതെനിക്ക്  വലിയ പ്രചോദനമായിരുന്നു അന്ന് തന്നത്. അക്കാലത്ത് അഞ്ചുപൈസയുടെ സ്റ്റാമ്പ് ഒട്ടിച്ചാൽ ഇന്ത്യമുഴുവൻ ഇതെത്തുമായിരുന്നു. അഞ്ഞൂറ് വരിക്കാർ അന്നുണ്ടായിരുന്നു. അന്നു ഉണ്മയുടെ വരി സംഖ്യ ആറു രൂപയായിരുന്നു. പിന്നീട് ഒരു മൂന്ന് വർഷം കഴിഞ്ഞപ്പോൾ അത് പതിനാറു പേജുള്ള ഒരു മാസികയായി രൂപം പ്രാപിച്ചു. അതാണ് ഇപ്പോഴും തുടരുന്നത്.

തിരസ്കൃതരായ എഴുത്തുകാർക്കുള്ള വേദി

മുഖ്യധാരമാധ്യമങ്ങൾ ഇടം കൊടുക്കാതിരുന്ന ധാരാളം എഴുത്തുകാർക്കുള്ള വേദിയായിരുന്നു ലിറ്റിൽ മാഗസിനുകൾ. പക്ഷേ, ഉണ്മയിലൂടെ ഒരാൾ വളർന്നു വന്നു എന്നുഞാൻ പറയില്ല. ഇന്ന് മലയാളത്തിലെ പ്രഗത്ഭരായ എഴുത്തുകാരിൽ പലരും ഉണ്മപോലുള്ള പ്രസിദ്ധീകരണങ്ങൾ ഉരുക്കിയ സ്‌പേസ് ഉപയോഗിച്ചുവെന്ന് പറയാം.  വളരെ അത്ഭുതം തോന്നിയ കാര്യം

ഉണ്മയ്ക്കു രചനകൾ ലഭിക്കുന്ന കാര്യത്തിൽ യാതൊരു കുറവും ഇന്നേവരെ ഉണ്ടായിട്ടില്ല എന്നതാണ്. പിന്നെ രചനകളുടെ എഡിററിംഗും തെരഞ്ഞെടുപ്പും ഒക്കെ നടത്തുന്നത് ഞാൻ തന്നെയായിരുന്നു. ഇന്ന് മലയാളത്തിൽ ഉള്ള പല ചെറുപ്പക്കാരും ഉന്മയ്ക്കു വേണ്ടി എഴുതിയിട്ടുണ്ട്. പിന്നെ ഇന്ന് ഏറ്റവും പ്രചാരമുള്ള ലിറ്റിൽ മാഗസിനും ഉന്മത്തന്നെയാണ്. മലയാളത്തിലെ എല്ലാ എഴുത്തുകാർക്കും ഉണ്മയെത്താറുണ്ട് അതുകൊണ്ടുതന്നെ അവരോട് മാറ്റർ ചോദിച്ചാൽ ഉന്മയ്ക്കു ലഭിക്കാൻ യാതൊരു വിമുഖതയുമില്ല എന്നതും യാഥാർഥ്യമാണ്.

ഉണ്മ തുറന്നു തന്നത് വിശാലമായ സാംസ്‌കാരിക ലോകമായിരുന്നു…

`ഉണ്മ എന്നെ സംബന്ധിച്ചു എഴുത്തുകാരുമായി ബന്ധപ്പെടാനുള്ള ഒരു ഇടമായിരുന്നു. ഓ എൻ വി, എം ടി . എം മുകുന്ദൻ, മാധവിക്കുട്ടി ഇവരെല്ലാം ഉന്മയ്ക്കു വേണ്ടി എഴുതിയിട്ടുണ്ട്. അവരോടൊക്കെ എനിക്ക് വ്യക്തിപരമായ ബന്ധമുണ്ട്. അവർ എന്നെ ഇഷ്ടപ്പെട്ടത് തന്നെ ഈ പ്രസ്ഥാനം നടത്തിക്കൊണ്ടുപോകുന്നതിലെ കഷ്ടപ്പാടുകൾ കണ്ടുകൊണ്ടുതന്നെയാണ്..അവരിൽ പലരും എന്റെ നാട്ടിൽ വന്നിട്ടുണ്ട്. സി രാധാകൃഷ്ണൻ കുഞ്ഞുണ്ണി മാഷ്, കടമ്മനിട്ട, വിനയചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ, പി കെ ഗോപി തുടങ്ങിയ മിക്ക എഴുത്തുകാരും ഈ ഗ്രാമത്തിൽ എത്തിയിട്ടുണ്ട്.

Read Also  സമാനഹൃദയാ, നിനക്കായി പാടുന്നു ഞാൻ

ഉണ്മയുടെ വേദികളാണ് ഇതിനെല്ലാം കാരണം. ഞാൻ ജീവിതം അർപ്പിച്ചുകൊണ്ട് പോകുന്ന ഉണ്മയെന്ന പ്രസ്ഥാനം തന്നെയാണ് ഇതിനെല്ലാം കാരണം. അത് പണത്തിനു വേണ്ടിയല്ല. പണമല്ല എന്റെ മുഖ്യ ലക്‌ഷ്യം എന്റെ സാംസ്‌കാരിക പ്രവർത്തനമാണിത്. സാഹിത്യഭ്രാന്തെന്നും വിളിക്കാം. അക്ഷരങ്ങളോടുള്ള ഭ്രാന്തമായഅഭിനിവേശമാണ് ഞാനിങ്ങനെ പെരുവഴിയിലൂടെ കാലങ്ങളായി അലയാനുള്ള കാരണം. അതാണ് സാഹിത്യകാരന്മാർ എനിക്ക് തന്ന ആ സ്നേഹത്തിനു കാരണവും. പെരുമ്പടവം, കോവിലൻ, പവനൻ, ഇടമറുക്, ചെമ്മനം മധുസൂദനൻനായർ അങ്ങനെ മലയാളത്തിലെ എത്ര എഴുത്തുകാരുണ്ടോ അവരൊക്കെയുമായിട്ട് എനിക്ക് ബന്ധമുണ്ടായത് ഉണ്മ വഴിയാണ്. ഉണ്മയുടെ സ്പെഷ്യൽ പതിപ്പുകളിലും ഓണപ്പതിപ്പുകളിലുമൊക്കെ ഇവരുടെ രചനകൾ അച്ചടിച്ചു വന്നിട്ടുണ്ട്,

സാമ്പത്തികം ഒരു പ്രധാനപ്രശ്നമാണ്. സി രാധാകൃഷ്ണൻ ഒരിക്കൽ പറഞ്ഞതുപോലെ ഇതൊരു ഏകാംഗ സാംസ്കാരിക പ്രവർത്തനമാണ്.  ഇതിൽ ഇരുപത് പേരുടെ ഒരു കമ്മറ്റിയൊന്നുമില്ല. മാധവിക്കുട്ടിയുൾപ്പടെയുള്ള പ്രശസ്തരായ വ്യക്തികൾ ഇവിടെ വന്നത് ഞാൻ ഒറ്റയ്ക്കു നടത്തിയ സാംസ്കാരികപരിപാടികളിലൂടെയായിരുന്നു. പിന്നെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാൻ കരുതി ഉണ്മയിൽ ഇനി പരസ്യം വേണ്ട `എന്ന് ഇതിനുകാരണം ഒരു മുതലാളിയുടെയോ അതുപോലെയുള്ളയൊരാളുടെയോ മുന്പിൽച്ചെന്നു പണം ചോദിക്കാനുള്ള എന്റെ മടി തന്നെയായിരുന്നു . അത് ഞാൻ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കു എതിരുമാണെന്നെനിക്കു തോന്നിത്തുടങ്ങി. അപ്പോഴാണ് പിന്നെ പ്രസാധക രംഗത്തേക്ക് കടക്കാൻ ഞാൻ തീരുമാനിച്ചത്.

പ്രസിദ്ധീകരണ അനുഭവങ്ങൾ
അങ്ങനെ ആദ്യത്തെ പുസ്തകം ഞാൻ പ്രസിദ്ധീകരിച്ചു. പി കെ ഗോപി സാറിന്റെതായിരുന്നു ഉണ്മ പബ്ലിക്കേഷനിലൂടെ ഇറങ്ങിയ ആദ്യ പുസ്തകം. വളരെ ബുദ്ധിമുട്ടിയാണ് അത് പ്രസിദ്ധീകരിച്ചത്. ഇന്നത്തെപോലുള്ള ഓഫ് സെറ്റ് ഒന്നുമില്ലായിരുന്നു. പലേടങ്ങളിലും ചിത്രം വരക്കുവാനും അച്ചടിക്കും ഒക്കെയായി ഓടി നടന്നു. ഒടുവിൽ ശിവഗിരി തീർത്ഥാടന വേളയിൽ അത് പ്രസിദ്ധീകരിക്കുകയായിരുന്നു. വൈക്കം ചന്ദ്രശേഖരൻ നായരാണ് ആ പുസ്തകം പ്രസാധനം ചെയ്തത്.എം കെ സാനു മാഷും ഉണ്ടായിരുന്നു ഒപ്പം. ഗോപി സാറിന്റെ ആദ്യരണ്ടു പുസ്തകങ്ങൾ അങ്ങനെ ഉന്മയിലൂടെ പുറത്തുവന്നു.

പുതിയ കാലം നൽകുന്നത് ഉറക്കമില്ലാത്ത രാവുകളാണ്.

മോഹൻ നിങ്ങൾ പഴയതു പോലെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നത് വളരെ സൂക്ഷിച്ചു വേണമെന്ന് എന്റെ സുഹൃത്തുക്കൾ പറയാറുണ്ട്.  ഉറക്കമില്ലാത്ത രാത്രികൾ എനിക്കുണ്ടിപ്പോൾ. ഇന്നത്തെ സാമൂഹിക അവസ്ഥ അതാണ്. പറയാനുള്ളത് പറയാനും പിന്നെ എഴുതാനും പറ്റുന്നില്ല. ഈ അവസ്ഥയോടു യോജിക്കാൻ എനിക്ക് കഴിയുന്നില്ല. നാവിനെയും കൈകളെയും തൂലികയെയും ചങ്ങലക്കിടുന്ന അവസ്ഥയ്ക് കാരണക്കാർ ആരാണ്? എഴുത്തുകാരിൽ നിന്നും നമ്മൾ പലതു പ്രതീക്ഷിക്കുന്നു. പക്ഷേ, ഇന്നത്തെ എഴുത്തുകാർ പ്രതികരിക്കാൻ മടിക്കുന്നു. എന്തുകൊണ്ട്? ഇത് വളരെ വിഷമമുണ്ടാക്കുന്ന സംഗതിയാണ്. എന്നോട് സുഹൃത്തുക്കൾ ആരായുന്നത് ഞാൻ ജീവിച്ചിരിക്കണം എന്നുള്ള ആഗ്രഹം കൊണ്ടാണ്. എനിക്ക് പറയാനുള്ളത് ഞാൻ പറയും. എഴുതാനുള്ളത് എഴുതും. അതിൽ ഞാൻ ആരെയും ഭയക്കുന്നില്ല. അത് ചെയ്തില്ലെങ്കിൽ നമുക്ക് ഭ്രാന്ത് പിടിക്കും.

അതുകൊണ്ട് അക്ഷരം കൈകാര്യം ചെയ്യുന്നവർ നിശ്ബ്ദരാകരുത്. ഭയപ്പെടാത്ത പ്രതികരിക്കണമാണ് വേണ്ടത്. അഴിക്കോടും എം എൻ വിജയനും അതാണ് ചെയ്തത്. ഇത്തരം ശബ്ദം ഇല്ലെങ്കിൽ സാമൂഹിക അവസ്ഥ ഇരുളടഞ്ഞു പോകും. നമ്മുടെ പുതിയ തലമുറയിൽ ശബ്ദം ഉള്ളവർ ഇല്ലാതെവരുന്ന അവസ്ഥയാണുണ്ടാകാൻ പോകുന്നത്. വടക്കേ ഇന്ത്യയിൽ സംഭവിച്ചത് കേരളത്തിലും സംഭവിക്കും. ഇപ്പോൾ കേരളത്തിൽ സ്വാതന്ത്ര്യം കൂടുതലുണ്ട്.

Read Also  കവിതയിൽ മലയാള ആധുനികതയെ പ്രതിനിധാനം ചെയ്ത ആചാര്യൻ ; പി. എൻ. ഗോപീകൃഷ്ണൻ എഴുതുന്നു

ഇവിടെ രാഷ്ട്രീയ പ്രവർത്തനത്തിന് സ്വാതന്ത്ര്യമുണ്ട് . പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇല്ലാത്ത ഒരു രാഷ്ട്രീയ സംസ്ക്കാരം കേരളത്തിലുണ്ട്.

 ഭാര്യ കനിമോളോടൊപ്പം 

മതം നമ്മളിൽ ഒരു വസൂരിപോലെ വ്യാപിക്കുന്നു

നമ്മുടെ സ്വാതന്ത്ര്യത്തെ പലരും വഴിതിരിച്ചു വിടുകയാണിപ്പോൾ.
നമ്മുടെ ഒരു വിഭാഗം സ്ത്രീകൾ ഇറങ്ങി മതത്തിനു വേണ്ടി സമരംചെയ്തത് കണ്ടില്ലേ? ആചാര സംരക്ഷണം എന്ന നിലപാടുമായി. എനിക്കതിനോട് യോജിപ്പില്ല. നമ്മുടെ സംസ്ക്കാരിക നവോത്ഥാനത്തെ തച്ചുടച്ചു കളയുന്ന അവസ്ഥയാണിത്.
പി എം ആന്റണിയുടെ നാടകം, കെ പി എസ് സി യുടെ നാടകം, പൊൻകുന്നം വർക്കിയുടെ സാന്നിധ്യം ഇതെല്ലം ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്.

ഓർക്കുക നിർമ്മാല്യത്തിലെ രംഗം ഇന്ന് ചിത്രീകരിക്കാൻ പറ്റില്ല. കാലം മാറിയിരിക്കുന്നു. ഇന്നാണ് എം ടി ആ സിനിമ നിർമ്മിക്കുന്നതെങ്കിൽ അദ്ദേഹം ജീവനോടെ കാണില്ലായിരുന്നു. അതുകൊണ്ടുതന്നെ നവോത്ഥാനമൂല്യങ്ങളെ നമ്മൾ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. അധികാരഭ്രാന്തുകാണിക്കുന്നവിഭാഗം ജാതിക്കുവേണ്ടി ജീവിക്കുന്ന വിഭാഗം ഇതെല്ലം പരസ്പരം സമരം ചെയ്യുന്നു. ഒരു കുശലം പറയാനുള്ള സാധ്യതകൂടി ഇല്ലാതാക്കുന്നു. ഒരു ചായക്കടയിൽപ്പോലും അഭിപ്രായം പറയാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. സാധാരണക്കാരന്റെ പ്രതികരണത്തിന്റെ ഇടങ്ങൾ പലതും നഷ്ടമാകുന്നു.

ഇന്ത്യയിൽ ഒരു മൂന്നാം കക്ഷി വേരുപിടിച്ചതെങ്ങനെ ഒന്നാം കഷിയും രണ്ടാം കഷിയും ഇവർക്കു മെത്തയൊരുക്കി കൊടുക്കുകയായിരുന്നു. കേരളത്തിലും ഇത് തന്നെയാവാം സംഭവിക്കാൻ പോകുന്നത് . പ്രതിപക്ഷബഹുമാനം ഇല്ലാതെയുള്ള രണ്ടു കഷികളുടെ പ്രവർത്തനം തന്നെയാണ് ഇതിനു കാരണമായത്. ഒരു പൊളിറ്റിക്കൽ കക്ഷിയുടെയും മെമ്പർ ഷിപ്പ് എനിക്കില്ല.അതുകൊണ്ടുതന്നെ എനിക്ക് പലതും തുറന്നു പറയാൻ സാധിക്കും. ദൈവത്തിന്റെ പേരിലും ജാതിയുടെ പേരിലും സമരം ചെയ്യുന്നവവരോട് എനിക്ക് താത്പര്യമില്ല,

ഞാൻ ജാതിക്കും മതത്തിനും അതീതനായി ജീവിക്കുന്നവ്യക്തിയാണ്. എന്റെ വിവാഹജീവിതം പോലുമങ്ങനെയാണ്. വിശ്വാസം എല്ലാവർക്കും വേണം. അതിനെ രാഷ്ട്രീയ കച്ചവടത്തിന് വേദിയാകുന്നതിനോട് എനിക്ക് താത്‌പര്യമില്ല.
ശബരിമല വളരെ ശാന്തമായ ഒരിടമാണ്. അതില്ലാതാക്കുയായിരുന്നു പലരും ചെയ്തത്. കലാകാലങ്ങളിൽ രൂപപ്പെട്ട സംസ്കാരമാണ് അതിനുള്ളത്.

ആരാധനാലയങ്ങൾ എല്ലാം നിലനിൽക്കണം. നിരീശ്വരവാദികൾ പറയുന്നത് പോലെ ഇടിച്ചു നിരത്തുന്നതിനോട് യോജിപ്പില്ല. ഇവിടെയിപ്പോൾ ഞാൻ നേരത്തെ സൂചിപ്പിച്ച ഒന്നും രണ്ടും കക്ഷികൾ വിരിച്ചു കൊടുത്ത പായിൽ ഉറങ്ങിയ മൂന്നാംകക്ഷി എഴുന്നേറ്റു വെല്ലുവിളിക്കുകയായിരുന്നു. ശബരിമലയിൽ ഇഷ്ടമുള്ളവർ കേറട്ടെ ഞാൻ എന്തായാലും ദൈവത്തെ വിളിക്കുന്നില്ല. എനിക്ക് മാതാപിതാക്കൻമാരെ വിളിച്ചാൽ മതി. പക്ഷെ അമ്പലം നിലനിൽക്കട്ടെ അത് ചിലർക്കുള്ള ആവശ്യമാണ്. അതിനെ രാഷ്ട്രീയവത്കരിക്കുന്നതാണ് പ്രശ്നം.

നവമാധ്യമകാലത്ത് ഉണ്മ – നവമാധ്യമകാലത്തെ വായന

വായനയുടെ പുഷ്‍കല കാലത്താണ് ആകാശവാണി വന്നത്,  ദൂരദർശൻ വന്നത്, അതുകൊണ്ടു നവമാധ്യമകാലം എന്നുമുണ്ട്. പക്ഷേ, ഇവയിൽ നിന്നും  വ്യത്യസ്തമായി ഇന്ന് നവമാധ്യമങ്ങളുടെ പ്രചാരം വായനയെ ബാധിക്കുന്നുണ്ട്. അച്ചടി മാധ്യമം നിലനിൽക്കണം. വായനശാലകൾ വേണം പുതു തലമുറ അച്ചടി മാധ്യങ്ങൾ ഉപയോഗിക്കുന്നില്ല. ഒരു മിനിറ്റു സമയം കിട്ടിയാൽ ഫോണെടുക്കുന്ന രീതി മാറ്റണം. തൊട്ടടുത്തിരിക്കുന്ന മനുഷ്യനെ പോലും ശ്രദ്ധിക്കാൻ അവർ ശ്രമിക്കുന്നില്ല. എന്നെനിക്കു തോന്നുന്നു. ഫോണിലൂടെ ജീവിക്കുമ്പോൾ മാനുഷികത- അതില്ലാതെവരുന്നു. നമ്മുടെ ശ്രദ്ധ സഹജീവികളിൽ ഉണ്ടായിരിക്കണം.

ഒരു പക്ഷിയുടെ പോലും വേദന നമ്മൾ മനസിലാക്കണം. അതിനു വായന വേണം കുട്ടികൾ വായിക്കണം ഇവിടെ സമാധാനപരമായ ജീവിതമുണ്ടാകണമെങ്കിൽ കുട്ടികളെ വായിക്കാൻ പഠിപ്പിക്കണം അവർ ചരിത്രം വായിക്കട്ടെ. അവർക്കു വിവരമുണ്ടാകട്ടെവിജ്ഞാനമുണ്ടാകട്ടെ! റോഡിലിറങ്ങി ഭക്തിയുടെ പേരിൽ മുദ്രാവാക്യം വിളിക്കുകയല്ല വേണ്ടത് സാംസ്കാരിക സംരക്ഷണമാണ് വേണ്ടത്. അത് വായനയിലൂടെ മാത്രമേ ലഭ്യമാകൂ.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

5 Comments

  • സുരേഷ് മഠത്തിപ്പറമ്പ്

    എല്ലാവരും അമ്പലങ്ങളിൽ വിശ്വസിക്കുന്നവർ രാഷ്ട്രീയവല്ക്കരിക്കപ്പെടുന്നതിൽ ഉത്ക്കണ്ഠാകുലരാണ്.പള്ളികളിലും മോസ്ക്കുകളിലും വിശ്വസിക്കുന്നവരും , അവിശ്വാസികളും രാഷ്ട്രീയവല്ക്കരിക്കപ്പെടുന്നതിൽ ആർക്കും ഉത്ക്കണ്ഠ ഉണ്ടാവാത്തതെന്തേ…..ഇതാണ് സാംസ്കാരിക നവോദ്ധാനം.ലജ്ജ.

  • മുരളി കുടശനാട്

    ഒരു എഴുത്തുകാരനു അവശൃം ഉണ്ടായിരിക്കേണ്ട ധീരതയും സതൃസഝതയും മോഹനനും ഉണ്ട്.ചുററുമുളള സമൂഹത്തേ കടപപാടോടു കൂടി കാണുന്ന എത്ര എഴുത്ത് കാരുൺടിവിടെ.എലലാം സ്ഥാന മോഹികളും അവസരവാദികളും മാത്രം.മോഹൻ ഒറ്റ യാൻ.മുകളിലേ ഇനങ്ങളിൽ പെടുന്നില്ല

Leave a Reply