Wednesday, June 23

അറിഞ്ഞതിനും അറിയാത്തതിനും ഇടയിൽ ; ഉണ്ണികൃഷ്ണൻ കിടങ്ങൂർ എഴുതുന്നു

ജീവിതത്തിന്റെ അനിശ്ചിതത്വത്തേയും ദുരന്തസാന്നിധ്യങ്ങളേയും ദാർശനിക വേവലാതികളേയും അഭിസംബോധന ചെയ്യുന്നുവെങ്കിലും പൂർവമാതൃകകളെ റദ്ദു ചെയ്യുന്നവയാണ് മോൻസി ജോസഫിന്റെ ‘കടൽ ആരുടെ വീടാണ് ‘ എന്ന സമാഹാരത്തിലെ കവിതകൾ.നഗര ജീവിതവും, ഏകാന്തതയും, ഉടലിന്റെ ഉത്സവങ്ങളും ത്യഷ്ണകളും മോൻസിയുടെ കവിതകളിൽ അമ്ലവീര്യമുള്ള ബിംബങ്ങളെയല്ല ആവാഹിച്ചെടുക്കുന്നത്. ഒരുതരം ലാഘവത്വം നിറഞ്ഞ ആഖ്യാനത്തിലൂടെയും, ഒട്ടും പ്രകടിപ്പിക്കാനിഷ്ടപ്പെടാത്ത ചിരിയിലൂടെയും, ചിലപ്പോൾ നിസ്സംഗതയുടെ ഭാവ രഹിതമായ ഭാഷാ ഘടനയിലൂടെയും കവി അതു സാധിച്ചെടുക്കുന്നു.
‘എത്ര കാലമായി നിന്റെ കൂടെ കഴിയുന്നു?’
സമയം എന്നോടു ചോദിച്ചു.
‘അതെന്താ ഇപ്പോൾ പെട്ടെന്ന്
എന്താ പോകാറായോ’
അതൊന്നുമല്ല ,നിന്റെ കൂടെ
ജീവിക്കാൻ ഇഷ്ടമാണ് ‘

(കളി പറഞ്ഞും ചിരിച്ചും)
മൃത്യുദാഹത്തിലേക്കു നയിച്ച അസ്തിത്വവാദത്തിന്റെ അതിരിൽ നിന്നു മാറി നിന്ന് കാലത്തോടു ‘സൊള്ളു’കയാണ് കവി ഇവിടെ. ‘പുതപ്പ്’ ഒരു ആവരണമാണ്. മനസ്സിനെയും ശരീരത്തെയും പൊതിഞ്ഞു വയ്ക്കുമ്പോൾ, അതു മറ്റു പലതിൽ നിന്നുമുള്ള വിടുതൽ കൂടിയാണ്. എന്നാൽ അത് മോൻസിയുടെ കവിതയിൽ (പുതപ്പ്) ഒരു മനുഷ്യകിരണം മറ്റൊരു മനുഷ്യകിരണത്തെ ഉളളിലേക്കു ചേർത്തു പിടിക്കുന്നതിനുള്ള ഉപാധികൂടിയാവുന്നു. മനുഷ്യനെ ‘നഗ്ന വാനരൻ’ എന്ന് അതേ ശീർഷകമുള്ള കവിതയിൽ അടയാളപ്പെടുത്തുമ്പോൾ, ജീവിതത്തിന്റെ ചാപല്യങ്ങളെ മോൻസി വരച്ചിടുന്നതു നോക്കൂ.

‘പകൽ
പൊട്ടനെപ്പോലെ
പൊട്ടിച്ചിരിക്കുന്നു.
എന്നാലോ
ശയ്യാവലംബിയെന്നു പറയാമോ,
അതുമില്ല.’

‘ഏതോ ലിഫ്റ്റിൽ കയറി മേലേക്കും താഴേക്കും പോക്കോടു പോക്കു തന്നെ ‘ എന്ന് മോൻസി വർത്തമാനകാല ജീവിതത്തിന്റെ പിടച്ചിലുകളെയും പരക്കംപാച്ചിലുകളെയും വരഞ്ഞു വയ്ക്കുന്നു.

തൂണിലും തുരുമ്പിലുമെന്നപോലെ ബാറിലും പാതയോരങ്ങളിലും വഴിയാത്രക്കാരനെപ്പോലെയെത്തുന്ന ദൈവത്തെ മോൻസിയുടെ കവിതയിൽ കാണാം.’ ‘വഴിപോക്കൻ’ എന്ന കവിതയിൽ മുറ്റത്തു നിന്ന കല്ലെറിഞ്ഞു കളിക്കുന്ന കുട്ടിയോടു ദൈവം ചോദിക്കുന്നു:
‘ഈ വീട് ആരുടേതാണ്?’
കുട്ടി കൈ മലർത്തി,
‘വീട് എന്റേതല്ല.’

ഭൗതികമായ വലിയൊരു യാഥാർത്ഥ്യത്തെ ദൈവവുമായുള്ള ഏറ്റവും ലളിതമായ സംഭാഷണത്തിലൂടെ വായനക്കാരനിലേക്ക് എത്തിക്കുകയാണ് കവി ഇവിടെ .’ഒരു കഥയുമില്ലാതെ ഇരുട്ടിന്റെ വർഷമെത്ര കഴിഞ്ഞു’ എന്ന് നിസ്സംഗതയോടെ മറ്റൊരു കവിതയിൽ (ഇരുട്ടിൽ) കാലത്തെ രേഖപ്പെടുത്തുന്നതും നാം കാണുന്നു.

ആത്മഭാഷണത്തിൽ നിന്നും കഥാഖ്യാനത്തിലേക്കു മാറി സഞ്ചരിക്കുന്നവയാണ് ഈ സമാഹാരത്തിലെ പല പ്രധാന കവിതകളും .കഥയിൽ കവിതയുണ്ടാവുക എന്നതുപോലെ കവിതയിൽ കഥയുണ്ടാവുക എന്നതും നല്ലൊരു വായനാനുഭവമാണ്. പൊന്നുണ്ണീ പൂങ്കരളേ, പോർബന്തർ എക്സ്പ്രസ്, യേശു കൺട്രിബാറിൽ തുടങ്ങിയ കവിതകൾ കഥയുടെ കൂടി ഗരിമ പുലർത്തുന്നവയാണ്. ഇരുണ്ട ജീവിത യാഥാർത്ഥ്യങ്ങളെപ്പോലും ഒരു മദ്ധ്യതിരുവിതാംകൂറുകാരന്റെ അടങ്ങിയ ചിരിയോടെയാണ് മോൻസി ചിത്രീകരിക്കുന്നത്. അതെ, ചിത്രീകരിക്കുക തന്നെയാണ് അദ്ദേഹം. ഭാവപ്രകാശനത്തിനുതകുന്ന പദങ്ങൾക്കപ്പുറം, വായനക്കാരനെ മനോഹരമായ ദൃശ്യങ്ങളിലേക്കാണ് പലപ്പോഴും അദ്ദേഹം നയിക്കുന്നത്.

‘നമ്മളെല്ലാം ദു:ഖിതരാണ് അല്ലോടോ, ‘
ഒരു പത്തനംതിട്ടക്കാരൻ
മൂത്രമൊഴിച്ച് തിരിച്ചെത്തി.
‘ദു:ഖിതരല്ല, രോഗികൾ ‘
ബുദ്ധിമാന്മാരായ ഒഴിച്ചു കൊടുപ്പുകാർ
മ്യദുസ്വരത്തിൽ പരിഹസിച്ചു .
ഇതിനെല്ലാമിടയിൽ
യേശു മൂന്നാമത്തെ പെഗ്
മെല്ലെ മൊത്തിക്കുടിച്ചു.

Read Also   എന്നെ (അവളെ) നിറച്ചെഴുതുന്നു ; അബിന്‍ എം ദേവസ്യയുടെ കവിത

(യേശു കൺട്രിബാറിൽ )

മഞ്ഞും മഴയും വെയിലും മുലയും നഗ്നവാനരനും മൗനവും കാട്ടുപൊന്തയും മദ്യവും മത്സ്യവും നഗ്നതയും പല്ലിയും ടൈംപീസുമെല്ലാം പല പല വിതാനങ്ങളിൽ കടന്നു വരുന്ന മോൻസി ക്കവിതകൾ നല്ലൊരു വായനക്കാരന് അവഗണിക്കാനാവില്ല.

Spread the love

Leave a Reply