ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടുമായി ഉന്നാവോയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം. മരണത്തില്‍ ഖേദം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഉന്നാവോയിലേക്ക് ഇന്നലെ തന്റെ പ്രതിനിധികളായി രണ്ടു മന്ത്രിമാരെ അയച്ചിരുന്നെങ്കിലും അവരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചിരുന്നു.

കേസ് അതിവേഗ കോടതിയില്‍ കേള്‍ക്കുമെന്നും പ്രതികള്‍ക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും യോഗി നേരത്തേ പറഞ്ഞിരുന്നു. കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നല്‍കാനും തീരുമാനമായിരുന്നു.                                         മജിസ്‌ട്രേറ്റ് ദേവീന്ദർ കുമാർ പാണ്ടേ, ഉന്നാവ് എസ് പി വിക്രാന്ത് വീർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ മരണത്തിനു കിഴടങ്ങിയത്. പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ യോഗി സർക്കാരിനെതിരെയാണ്  രാജ്യത്താകെ പ്രതിഷേധം ഉയരുന്നത്. ഉത്തർപ്രദേശിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുണ്ട്. യുവതിയുടെ വീട്ടിൽ എത്തിയ സർക്കാർ പ്രതിനിധികൾക്കെതിരെയും  പ്രതിഷേധം അലയടിച്ചിരുന്നു

ഇതിനിടെ ദില്ലി സഫ്ദര്‍ജംങ് ആശുപത്രിക്ക് മുന്നിൽ ചില   നാടകീയ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. ഒപ്പമുണ്ടായിരുന്ന പെൺകുഞ്ഞിന്റെ തലയിലേക്ക്  പെട്രോൾ ഒഴിച്ച്‌ കൊണ്ട്  ഈ നാട്ടിൽ പെൺമക്കൾക്ക് സുരക്ഷയില്ല, ഇനി വളർത്തിയിട്ട് കാര്യമില്ലയെന്ന് പറ‍ഞ്ഞായിരുന്നു ഒരമ്മയുടെ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here