നല്ലമല വനത്തിലെ കടുവ സംരക്ഷണ കേന്ദ്രം യുറേനിയത്തിനായി സർവേ നടത്താനും പര്യവേക്ഷണം ചെയ്യാനുമുള്ള തീരുമാനം പിൻവലിക്കണമെന്ന് ആന്ധ്രാപ്രദേശിനോടും തെലങ്കാനയോടും വനവാസികളുടെ അവകാശങ്ങൾക്കായി പോരാടുന്ന പൗരാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് ഫോറം (എച്ച്ആർഎഫ്), ആവശ്യപ്പെട്ടിരിക്കുന്നു .

യുറേനിയം സർവേ ചെയ്യുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനും കേന്ദ്രം തീരുമാനിച്ചതായുള്ള റിപ്പോർട്ടിനെ തുടർന്നാണ് സംഘടന രംഗത്ത് വന്നിരിക്കുന്നത്. 83 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള വനഭൂമിയാണ് ഇത് സംബന്ധിച്ച് ഏറ്റെടുക്കാൻ പോകുന്നത്. ഈ ബ്ലോക്കുകളുടെ വലിയൊരു ഭാഗം കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പ്രധാന ആവാസ വ്യവസ്ഥയിൽ ഉൾപ്പെടുന്നു. അറ്റോമിക്ക് സൈക്കിളിന്റെ ആദ്യ ഘട്ടമാണ് യുറേനിയം പര്യവേക്ഷണമെന്നും എച്ച്ആർഎഫ് പ്രസ്താവനയിൽ പറയുന്നു.

നല്ലമല പോലുള്ള ഒരു പാരിസ്ഥിതിക ഹോട്ട്‌സ്‌പോട്ടിൽ ഇത് ഭയാനകമായ അവസ്ഥയാണുണ്ടാക്കുന്നതെന്നും സംഘടനയുടെ ഭാരവാഹികൾ പറയുന്നു. സർവേയ്ക്കും പര്യവേഷണത്തിനുമായി തിരഞ്ഞെടുത്ത പ്രദേശം കൃഷ്ണ നദിയുടെ പ്രധാന മീൻപിടുത്തകേന്ദ്രമാണ്. യുറേനിയത്തിനായുള്ള ഖനനം ഉറവകളെയുംമറ്റും ഇല്ലാതാക്കുകയും ഭൂമിയെ വിഷലിപ്തമാക്കുകയും ചെയ്യും. കൃഷ്ണ നദിയിലേക്ക് ഒഴുകുന്ന നല്ലവാഗു, ദിണ്ടി നദികൾ ഈ സംരക്ഷിത കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയാണ് കടന്നു പോകുന്നത് . പര്യവേക്ഷണവും ഖനനവും നദിയുടെ നീരൊഴുക്കിലെ ഉപരിതലത്തെയും ഭൂഗർഭജലത്തെയും സ്ഥിരമായി മലിനമാക്കുമെന്നതും വസ്തുതയാണ്.

യുറേനിയം ഖനനത്തിന്റെ സ്വഭാവം കാരണം, നദിയിലേക്കുള്ള നീരൊഴുക്ക് നാഗാർജുന റിസർവോയറിനെയും മലിനമാക്കും. ഹൈദരാബാദിലെ താമസക്കാ രും തെലങ്കാന, ആന്ധ്രാപ്രദേശ് നിവാസികളും ഈ നദിയിലെ ജലത്തെയാണ് ആശ്രയിക്കുന്നത്.വന്യജീവി നിയമപ്രകാരം പരിരക്ഷിക്കപ്പെട്ടിട്ടുള്ള നിരവധി വൈവിധ്യങ്ങൾ ഇവിടെയുണ്ട്. ഈ വനങ്ങളിലെ പരമ്പരാഗത നിവാസികളായ ആദിവാസി വിഭാഗത്തിന്റെ ആവാസവ്യവസ്ഥയെപ്പോലും ഇത് ബാധിക്കും.

ആണവോർജ്ജം ഉൽ‌പാദിപ്പിക്കുന്നതിനുള്ള യുറേനിയം ഖനനം തത്വത്തിൽ നിരസിക്കേണ്ടതുണ്ടെന്ന അഭിപ്രായം ലോകത്ത് ശക്തമായിക്കൊണ്ടിരിക്കുകയാണ്. കാരണം ഇത് ആന്തരികമായി അങ്ങേയറ്റം അപകടകരവുമാണ് എന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. മാത്രമല്ല ഭാവി തലമുറകളെ വരെ ഇത് ബാധിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here